'ജനാധിപത്യത്തിലെ അവസാന അഭയം നീതിപീഠമല്ല, ജനങ്ങള്‍തന്നെയാണ്'

ജനാധിപത്യത്തിലെ അവസാന അഭയം നീതിപീഠമല്ല, ജനങ്ങള്‍തന്നെയാണ് എന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാര്‍ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ: ആസാദ്. അവസാന പരാതി കേള്‍ക്കേണ്ടത് വാദം കേള്‍ക്കേണ്ടത്, വിചാരണ നടത്തേണ്ടത്, വിധി പറയേണ്ടത് .. എല്ലാം ജനങ്ങളാണ്. കീഴ് വഴക്കങ്ങള്‍ ലംഘിക്കുകയും ഉന്നത നീതിപീഠത്തെ ആപല്‍സന്ധിയിലേയ്ക്ക് തള്ളി വിടുകയും ചെയ്ത ചീഫ് ജസ്റ്റിസ് ദിപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ന്യായാധിപന്മാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ജനങ്ങളെ സമീപിച്ചിരിക്കുന്നതെന്നും ആസാദ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇത് ചരിത്രത്തിലെ അപൂര്‍വ്വ സന്ദര്‍ഭമാണ്. സ്വതന്ത്രവും വിവേചന രഹിതവും മൂല്യാധിഷ്ഠിതവുമായ വിധി പ്രസ്താവത്തിന് ജനങ്ങള്‍ പ്രാപ്തരാണെന്ന വിശ്വാസമോ പ്രാപ്തരാവണമെന്ന ആഹ്വാനമോ ഇതിലുണ്ട്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നത് നിയമ നിര്‍മ്മാണ സഭകളും ഭരണ നിര്‍വ്വഹണ സംവിധാനങ്ങളും നീതിപീഠങ്ങളും ചേര്‍ന്നാണ്. നാലാം തൂണായി മാധ്യമ ശൃംഖലയുണ്ട്. അതു ജനങ്ങളിലേയ്ക്കു തുറന്നിട്ട വാതിലുകളാണ്. അതിലുടെ അറിയാനും പറയാനും കഴിയുന്ന ഒരു വിനിമയം സജീവമാണ്. നിരന്തര വിസ്താരത്തിലൂടെ സംവിധാനങ്ങളെ വിശുദ്ധപ്പെടുത്തുന്ന പ്രക്രിയയാണത്. അതും അനാരോഗ്യകരമായ പ്രവണതകള്‍ നിറഞ്ഞതാണെങ്കിലും അവസാന പോരാട്ടത്തില്‍ അതിന്റെ സ്ഥാനം ചെറുതല്ല. അതുകൊണ്ടാണ് ന്യായാധിപന്മാര്‍ പതിവുതെറ്റിച്ചു പത്ര സമ്മേളനം വിളിച്ചത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥ അപായമുനമ്പില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ കുറ്റകരമായ മൗനം പുലര്‍ത്തിയതെന്തെന്ന് നാളെ ചോദ്യമുയരാം. ചരിത്രത്തില്‍ കുറ്റക്കാരാവാതിരിക്കാന്‍ ഞങ്ങള്‍ സംസാരിക്കുന്നു എന്നാണവര്‍ പറഞ്ഞത്. നീതിപീഠത്തില്‍ മാത്രമല്ല ഇവ്വിധം താളപ്പിഴകളുള്ളത്. എല്ലാ തുറകളിലുമുണ്ട്. അതുപക്ഷെ, നീതിപീഠത്തിലേക്കു പകരുന്നത് രാജ്യത്തെ തകര്‍ക്കുമെന്ന് അവര്‍ കണ്ടു. ഈ കാഴ്ച്ചയും വിവേകവും മറ്റിടങ്ങളിലുള്ളവര്‍ക്കു മാതൃകയാവണം. ചരിത്രത്തില്‍ കുറ്റക്കാരാവാതിരിക്കാന്‍ ഞങ്ങള്‍ പുറത്തിറങ്ങും എന്നു നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കണം. ജനങ്ങള്‍ക്കു മുന്നില്‍ നഗ്‌നരാവണം. എത്തിയേടത്തു പറ്റിച്ചേര്‍ന്നു എന്തിനെയും ശരിയും സാധുവുമാക്കുന്ന അസംബന്ധ യുക്തികളെ തളയ്‌ക്കേണ്ടതുണ്ട്.. ആ ഉദാസീനതയെ കുടഞ്ഞുണര്‍ത്തുന്ന ഇടപെടലാണ് നാലു ന്യായാധിപന്മാര്‍ നടത്തിയത്. സ്വതന്ത്രമായി ചിന്തിക്കാനും വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാനും അവര്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു.

പരമോന്നത നീതിപീഠത്തെക്കാള്‍ നീതിബോധവും ഉന്നത നിയമ നിര്‍മാണ സഭകളേക്കാള്‍ ഉത്തരവാദിത്ത ബോധവും ജനങ്ങള്‍ക്കുണ്ടാവണം. ഭരണ സംവിധാനങ്ങളെ തിരുത്തേണ്ടത് ജനങ്ങളാണ്. ജനാധിപത്യത്തിന്റെ ഊന്നലുകളെ ഓര്‍മ്മപ്പെടുത്താന്‍ അല്‍പ്പം വഴിവിട്ടുവെങ്കിലെന്ത്? ജനങ്ങളാണ് പരമോന്നത നീതിദായകരെന്ന് അവര്‍ പഠിപ്പിച്ചുവല്ലോ.- ആസാദ് വ്യക്തമാക്കി.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്