‘2014 ൽ ഞാൻ നിങ്ങളുടെ സേവകൻ, 2019 ൽ ഞാൻ നിങ്ങളുടെ കാവൽക്കാരൻ, 2024 ൽ നിങ്ങളുടെ ദൈവം’. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്രസ്താവനയല്ല ഇത്. മാനസിക വിഭ്രാന്തിയുള്ള ഒരാളുടെ ജല്പനങ്ങളുമല്ല. ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ പ്രധാനമന്ത്രി തന്നെ കുറിച്ച് ജനങ്ങള്‍ക്ക് നല്‍കിയ വിശേഷണങ്ങളാണ്.
രണ്ടര മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വിദ്വേഷ പ്രസംഗങ്ങൾക്കും വിവാദ പ്രസ്‍താവനകൾക്കും ശേഷം കന്യാകുമാരിയിൽ ക്യാമറകൾക്ക് ചുറ്റും പ്രധാനമന്ത്രി ധ്യാനത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ അവസാനഘട്ടം വരെ രാജ്യമൊട്ടാകെ മോദി നടത്തിയ പ്രസംഗങ്ങളിലെ വിവാദമായ പ്രസ്‍താവനകളും മണ്ടത്തരങ്ങളും പിഴവുകയും വളരെയധികമാണ്. എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദമുണ്ടെന്ന് അവകാശപ്പെടുന്ന മോദി, ചരിത്രത്തെ വളച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളും പിഴവുകളും മണ്ടത്തരങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
1. തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ മോദിയുടെ വലിയൊരു അബദ്ധമായിരുന്നു 14-ാം ലോക്‌സഭയിലേക്കാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നുള്ളത്. യഥാർത്ഥത്തിൽ പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണിത്. പ്രധനമന്ത്രി തന്നെ ഇത്തരം വലിയ അശ്രദ്ധകൾ വരുത്തുന്നത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം വേദിയിൽ പിന്നിലിരുന്ന ഒരാൾ തെറ്റ് ചൂണ്ടിക്കാണിച്ചതോടെ മോദി സ്വയം തിരുത്തിയിരുന്നു.
2. 1947ൽ ഒരു രൂപ ഒരു ഡോളറിന് തുല്യമായിരുന്നു എന്നതായിരുന്നു മോദിയുടെ മറ്റൊരു പ്രസ്താവന. എന്നാൽ 1947 ൽ രൂപ ഡോളറുമായി ബന്ധിപ്പിച്ചിരുന്നില്ല, പൗണ്ടുമായി ആയിരുന്നു ബന്ധിപ്പിച്ചിരുന്നത്. ഒരു രൂപയ്ക്ക് ഏകദേശം 30 സെൻ്റ് ആയിരുന്നു മൂല്യം.
3. സംസ്‌കൃത പണ്ഡിതനും ദേശീയവാദിയുമായ ശ്യാംജി കൃഷ്ണ വർമ്മയെയും ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ശ്യാമപ്രസാദ് മുഖർജിയെയും മോദി കൂട്ടിക്കുഴച്ചതാണ് മറ്റൊരു തെറ്റ്. ഗുജറാത്തിൽ ജനിച്ച് വളർന്ന ശ്യാംജി കൃഷ്ണ വർമ്മയെ കുറിച്ച് പറയാൻ കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജിയുടെ പേരാണ് മോദി ഉപയോഗിച്ചത്.
ഗുജറാത്തിൻ്റെ അഭിമാന പുത്രൻ എന്നാണ് ശ്യാമപ്രസാദ് മുഖർജിയെ മോദി വിശേഷിപ്പിച്ചത്. “ഇംഗ്ലീഷുകാരുടെ മൂക്കിന് താഴെ ലണ്ടനിലെ ഇന്ത്യാ ഹൗസ്” സ്ഥാപിച്ചതിന് മോദി മുഖർജിയെ ആദരിച്ചു. “ഇന്ത്യൻ വിപ്ലവകാരികളുടെ ഗുരുവായി ശ്യാമപ്രസാദ് മുഖർജിയെ കണക്കാക്കപ്പെട്ടിരുന്നു, എന്നതുൾപ്പടെ നിരവധി പുകഴ്ത്തലുകൾ മോദി നടത്തി. പക്ഷേ പേര് മാറിയാണ് പറയുന്നതെന്നു യാഥാർഥ്യം പ്രധാനമന്ത്രി തിരിച്ചറിഞ്ഞില്ല. മാത്രമല്ല 1953ൽ മരിച്ച മുഖർജി 1930ൽ മരിച്ചുവെന്നും മോദി പറഞ്ഞു. 1857 ൽ ഗുജറാത്തിലെ മാണ്ഡവി നഗരത്തിൽ ജനിച്ച സംസ്‌കൃത പണ്ഡിതനും ദേശീയവാദിയുമായ ശ്യാമജി കൃഷ്ണ വർമ്മയെക്കുറിച്ച് ആയിരുന്നു യഥാർത്ഥത്തിൽ മോദിയുടെ പരാമർശം.
4. ‘അലക്സാണ്ടറുടെ സൈന്യം ലോകം മുഴുവൻ കീഴടക്കിയെങ്കിലും ബീഹാറികളോട് പരാജയപ്പെട്ടു. അതാണ് ഈ നാടിൻ്റെ ശക്തി’ എന്നായിരുന്നു ബിഹാറിലെ ജനങ്ങളെ കൈയ്യിലെടുക്കാനായി മോദി പ്രസംഗിച്ചത്. മോദിയുടെ പട്‌നയിലെ റാലിക്കിടയിലായിരുന്നു ഈ പരാമർശം എന്നാൽ അപ്പോൾ തന്നെ മോദിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിരുത്തി. അലക്‌സാണ്ടറിൻ്റെ സൈന്യം ഒരിക്കലും ഗംഗ കടന്നിട്ടില്ല, അദ്ദേഹത്തെ ബീഹാറികൾ പരാജയപ്പെടുത്തിയിട്ടില്ല.” എന്നും നിതീഷ് കുമാർ പറഞ്ഞു.
യഥാർത്ഥത്തിൽ അത് തന്നെയാണ് വസ്തുത. പഴയ പഞ്ചാബിലെ, ഇപ്പോഴത്തെ പാകിസ്ഥാൻ പൗരവ സാമ്രാജ്യത്തിൻ്റെ രാജാവായ പോറസിനെതിരെയായിരുന്നു അലക്‌സാണ്ടറിൻ്റെ അവസാന യുദ്ധം. അലക്സാണ്ടർ കടന്നത് മോദി പറഞ്ഞത് പോലെ ഗംഗ ആയിരുന്നില്ല, ഝലം നദി ആയിരുന്നു. ശെരിക്കും പറഞ്ഞാൽ മോദി ഇത് ചരിത്രപരമായി പറഞ്ഞ ഒരു തെറ്റല്ല, മറിച്ച് 19-ാം നൂറ്റാണ്ടിൽ ഹാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന പാനിപ്പട്ടിലെ അൽത്താഫ് ഹുസൈൻ എന്ന കവിയുടെ ഒരു കവിതയിലെ ഈരടിയാണ് മോദി വളച്ചൊടിച്ചത്.
5. ബിഹാറിലെ ജനങ്ങളെ കയ്യിലെടുക്കാൻ മോദി പറഞ്ഞ മറ്റൊരു വലിയ മണ്ടത്തരമാണ് തക്ഷശിലയെ പറ്റിയുള്ളത്. മോദിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ‘വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോൾ നമ്മൾ നളന്ദയെയും തക്ഷിലയെയും ആണ് ഓർമ്മിക്കുന്നത്’ എന്നായിരുന്നു. യഥാർത്ഥത്തിൽ നളന്ദ മാത്രമാണ് ബിഹാറിൽ സ്ഥിതി ചെയ്യുന്നത്, തക്ഷശില പാകിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ വിദ്യാഭ്യാസത്തെ കുറിച്ചർക്കുമ്പോൾ പാകിസ്ഥാനിലെ തക്ഷശിലയെയാണ് ഓർമ്മ വരുന്നതെന്നാണ് മോദി പറഞ്ഞു വെച്ചതിലെ അബദ്ധം.
6. ഗുപ്ത രാജവംശത്തെ കുറിച്ച് ഓർക്കുമ്പോൾ ചന്ദ്രഗുപ്തൻ്റെ രാജനീതിയാണ് നമുക്ക് ഓർമ്മ വരുന്നത് എന്നായിരുന്നു മറ്റൊരു മോദി വചനം. രാജ നീതിയിൽ പ്രശസ്തനായ മൗര്യ രാജവംശത്തിലെ ചന്ദ്രഗുപ്തനെയാണ് മോദി യഥാർത്ഥത്തിൽ ഉദേശിച്ചത്. എന്നാൽ പറഞ്ഞതാകട്ടെ ഗുപ്ത രാജവംശത്തിലെ ചന്ദ്രഗുപ്തനെന്നും.
7. ബാംഗ്ലൂരിൽ നടന്ന റാലിയിൽ മോദി പറഞ്ഞതാണ് മറ്റൊരു പിഴവ്. ആഗസ്റ്റ് 15ന് ലാൽ ദർവാസയിൽ നിന്നാണ് പ്രസംഗം നടത്തുന്നത് എന്നായിരുന്നു മോദിയുടെ പരാമർശം. യഥാർത്ഥത്തിൽ ലാൽ ക്വിലയിൽ നിന്നാണ് ആഗസ്റ്റ് 15ന് പ്രസംഗിച്ചത്. ലാൽ ദർവാസ പഴയ ഡൽഹിയിലെ മറ്റൊരു ചരിത്ര സ്മാരകമാണ്.
8. 1919ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്താൻ സർദാർ വല്ലഭായ് പട്ടേൽ നിർദ്ദേശിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ചരിത്രപരമായ പരാമർശം. എന്നാൽ 1926 ലാണ് സർദാർ വല്ലഭായ് പട്ടേൽ സ്ത്രീകൾക്ക് സംവരണം നിർദ്ദേശിച്ചത് എന്നാണ് വസ്തുത.
9. മഹാരാഷ്‌ട്രയിൽ ഭരണ അസ്ഥിരത എല്ലാ കാലയളവിലും നിലനിന്നിരുന്നവെന്നും 1960 മുതൽ മഹാരാഷ്ട്രയ്ക്ക് 26 മുഖ്യമന്ത്രിമാരുണ്ടായി എന്നുമായിരുന്നു മോദിയുടെ വാക്കുകൾ. യഥാർത്ഥത്തിൽ, 1960 മുതൽ മഹാരാഷ്ട്രയിൽ 17 മുഖ്യമന്ത്രിമാരാണുണ്ടായിട്ടുള്ളത്. 26 തവണയാണ് ഇവർ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളതെന്നാണ് യാഥാർഥ്യം. അതേസമയം ഇതേ കാലയളവിൽ ഗുജറാത്തിൽ 14 പേർ മുഖ്യമന്ത്രിമാർ 27 തവണയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
10. പ്രധാനമന്ത്രി രാഷ്ട്രപിതാവിന്റെ പേര് മാറ്റി പറഞ്ഞത് രാജ്യത്താകമാനം വലിയ ചർച്ചയായ ഒന്നാണ്. 2013 നവംബറിൽ ഡുഡുവിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ആണ് മോഹൻദാസ് കരംചന്ദ് ഗാന്ധി” എന്നതിനുപകരം “മോഹൻലാൽ കരംചന്ദ് ഗാന്ധി” എന്ന് മോദി പറഞ്ഞത്.
Read more
11. 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അന്ന് കോൺഗ്രസ് വിലകുറച്ചു കണ്ടു എന്നായിരുന്നു മോദിയുടെ മറ്റൊരു പ്രസ്താവന. 2014 ൽ മീററ്റിൽ വെച്ചായിരുന്നു ഈ വലിയ ബ്ലെൻഡർ മോദി പറഞ്ഞത്. 1885 ൽ രൂപീകൃതമായ കോൺഗ്രസ് എങ്ങനെയാണ് 1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഇടപ്പെട്ടു എന്നത് മോദിക്ക് മാത്രം അറിയാവുന്ന കാര്യമാണ്.