ഫെയ്‌സ്ബുക്കില്‍ നിന്ന് തെരുവിലേക്കിറങ്ങി ട്രോളന്‍മാര്‍; ശ്രീജിത്തിനു വേണ്ടി നാളെ സമരത്തിനിറങ്ങും

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിനു പിന്തുണയുമായി ട്രോളന്‍മാര്‍. സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകളിലെ ആളുകള്‍ നാളെ ശ്രീജിത്തിന്റെ നീതിക്കായുള്ള സമരത്തിന്റെ ഭാഗമാകും. സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരാനാണ് സോഷ്യല്‍ മീഡിയ വഴി ട്രോളന്‍മാര്‍ അറിയിച്ചിരിക്കുന്നത്.

അതേ സമയം ശ്രീജിത്തിന്റെ ആവശ്യം തള്ളി സി.ബി.ഐ. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് മരിച്ച കേസ് അന്വേഷിയ്ക്കാന്‍ സിബിഐ വിസമ്മതിച്ചു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു

ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.