തട്ടമിട്ട പെണ്‍കുട്ടികളുടെ ഡാന്‍സ്: മതപണ്ഡിതന്മാരുടെ വാദങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ പൊളിച്ചടുക്കി ഹമീദ് ചേന്നമംഗലൂര്‍

മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ മതമൗലികവാദികളുടെയും മതപണ്ഡിതന്മാരുടെയും വാദങ്ങളെ കീറിമുറിച്ച് സാമൂഹ്യ നിരീക്ഷകന്‍ ഹമീദ് ചേന്നമംഗലൂര്‍. മനോരമ ന്യസ് ചാനലില്‍ ഷാനി പ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഹമീദ് ചേന്നമംഗലൂരിന്റെ പ്രതികരണം. ഫ്‌ളാഷ്‌മോബില്‍ ഹാലിളകിയത് ആര്‍ക്ക്, ഉത്തരം പറയേണ്ടത് മതമൗലികവാദികളോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ചാനല്‍ ചര്‍ച്ച.

മലപ്പുറത്തെ മൊഞ്ചത്തിമാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്: അഭിപ്രായം പറഞ്ഞ് ആര്‍ജെ പുലിവാല് പിടിച്ചു: ഒടുവില്‍ ‘സൈബര്‍ ആങ്ങളമാര്‍ക്ക്’ മുന്നില്‍ മാപ്പ് പറഞ്ഞ് പിന്മാറി

ഹമീദ് ചേന്നമംഗലൂരിന്റെ വാക്കുകള്‍ ഇങ്ങനെ.

മതത്തിന്റെ പേരില്‍ ഇതിനെയൊക്കെ എതിര്‍ക്കുമ്പോള്‍ (ഡാന്‍സിനെ) നേരത്തെ മതഗ്രന്ഥങ്ങളുടെയും പ്രവാചക വചനങ്ങളെയും ഉദ്ധരിച്ച് എതിര്‍ത്ത പല കാര്യങ്ങളും പിന്നീട് ശരിയാണെന്ന് അവര് തന്നെ സമ്മതിച്ചിട്ടുണ്ട്. മുക്കാല്‍ നൂറ്റാണ്ട് വരെ മതപണ്ഡിതന്മാര്‍ പറഞ്ഞിരുന്നത് ഖുറ്ആന്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്നാണ്. ഇപ്പോള്‍ ഖുറ്ആന്‍ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഇതേ ആളുകള്‍ തന്നെയാണ് ഖുറ്ആന്‍ വാക്യങ്ങള്‍ ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതാന്‍ പാടില്ലെന്ന് പറഞ്ഞത്. അതൊക്കെ ഇപ്പോള്‍ പോയി. അന്ന് ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരുന്നത് വേദപുസ്തകവും പ്രവാചക വചനങ്ങളുമൊക്കെ പറഞ്ഞ് തന്നെയായിരുന്നു. മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് കേരളത്തിലെ മതപണ്ഡിതന്മാര്‍ പറഞ്ഞിരുന്നത് മലയാളം ലിപി ആര്യന്‍ എഴുത്താണ് അത് മുസ്ലീംങ്ങള്‍ അഭ്യസിക്കാന്‍ പാടില്ലെന്നാണ്. ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് പറഞ്ഞിരുന്നത് അത് ചെകുത്താന്റെ ഭാഷയമാണ് അത് മുസ്ലീംങ്ങള്‍ അഭ്യസിക്കാന്‍ പാടില്ലെന്നാണ്. ആധുനിക വിദ്യാഭ്യാസം പോലും പാടില്ലെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

എന്താണ് ആര്‍ജെ സൂരജ് ചെയ്ത തെറ്റ്: ബഷീര്‍ വള്ളിക്കുന്ന് പറയുന്നത് ഇങ്ങനെ

19ാം നൂറ്റാണ്ടില്‍ സര്‍ സയിദ് അഹമ്മദ് ഖാന്‍ ആധുനിക വിദ്യാഭ്യാസത്തിന് വേണ്ടി കോളജ് സ്ഥാപിച്ചപ്പോള്‍ അദ്ദേഹം കാഫിറാണെന്ന് വിലയിരുത്തിയത് ഈ മതപണ്ഡിതന്മാര്‍ തന്നെയാണ്. അവര്‍ക്ക് അതൊക്കെ തിരുത്തേണ്ടി വന്നു. എന്തിന് നിരമ്പൂര്‍ ആയിഷയെ പോലെയുള്ള മുസ്ലീം സ്ത്രീകള്‍ സിനിമയിലേക്ക് വന്നപ്പോള്‍ എത്ര കഠിനമായ എതിര്‍പ്പാണ് ഈ മതപണ്ഡിതന്മാര്‍ മുന്നോട്ടു വെച്ചിരുന്നത്. അവര്‍ക്ക് അതും പിന്നീട് വിഴുങ്ങേണ്ടി വന്നു. ഏറ്റവും ഒടുവില്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പാടില്ലെന്നായിരുന്നു മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ആകാം എന്ന് പറയാന്‍ തുടങ്ങി. സ്ത്രീകള്‍ക്ക് സ്‌പോര്‍ട്ട്‌സ് കാണാന്‍ പാടില്ലെന്നായിരുന്നു നേരത്തെ, ഇപ്പോള്‍ അതിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ ഡാന്‍സ് പാടില്ലെന്നാണ് പറയുന്നത്. സ്ത്രീകള്‍ക്കാണ് ഇതൊക്കെ പാടില്ലാത്തത്.

എന്തുകൊണ്ടാണ് നമ്മുടെ കേരളത്തിലെ മുസ്ലീം സമുദായത്തില്‍നിന്ന് ഒരു പിടി ഉഷയോ ഒരു അഞ്ജു ബോബി ജോര്‍ജ്ജോ ഒരു ഷൈനീ വില്‍സണോ ഇല്ലാതെ പോയത്. കാരണം ഈ മതപണ്ഡിതന്മാര് പറഞ്ഞു മുസ്ലീം പെണ്‍കുട്ടികള്‍ അതിനൊന്നും പോകാന്‍ പാടില്ല. അങ്ങനെ മുസ്ലീം പെണ്‍കുട്ടികളെ മതത്തിന്റെ പേര് പറഞ്ഞ് എല്ലാത്തില്‍നിന്നും പിടിച്ചു മാറ്റുകയാണ് മതപണ്ഡിതന്മാര്‍ ചെയ്തുകൊണ്ടിരുന്നത്. അതിനൊക്കെ അവര്‍ ഉദ്ധരിച്ചിരുന്നത് മതഗ്രന്ഥങ്ങളാണ്. ഇതൊക്കെ അവര്‍ക്ക് മാറ്റേണ്ടി വരുന്നു. ഇതൊക്കെ തന്നെയാണ് സൗദി അറേബ്യയിലും ഇവിടെയും കാണുന്നത്.

മലപ്പുറത്തെ പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് നടത്തിയതിന് പിന്നാലെ അതിനെ അനുകൂലിച്ച് രംഗത്ത് എത്തിയ ആര്‍ജെ സൂരജിന് നേരെ ആയിരുന്നു മതമൗലികവാദികളുടെ ആക്രമണം. ഇതേ തുടര്‍ന്ന് സൂരജിന് ജോലിയില്‍നിന്ന് പോലും മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റ് ചര്‍ച്ച സംഘടിപ്പിച്ചത്.

https://www.facebook.com/CyberPoralikal/videos/2289597374610073/