സെല്‍ഫിയെടുക്കാന്‍ ആളുകളുടെ പിടിവലിയില്‍ കുട്ടിയാന ചെരിഞ്ഞു

കര്‍ണാടകയിലെ വനാതിര്‍ത്തിയില്‍ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന ആള്‍ക്കൂട്ടത്തിന്റെ സെല്‍ഫി ഭ്രമത്തില്‍പ്പെട്ട് ചെരിഞ്ഞു. ഓങ്കോര്‍ വനാതിര്‍ത്തിയിലായിരുന്നു സംഭവം. ആളുകള്‍ കുട്ടിയാനയെ വളഞ്ഞ് സെല്‍ഫി എടുക്കാന്‍ പിടിവലി നടത്തിയതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടിയാനയാണ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചെരിഞ്ഞത്.

ഭക്ഷണം തേടിയെത്തിയ ആനക്കൂട്ടം നാട്ടുകാരെ കണ്ട് കാട്ടിലേക്ക് ഓടി മറഞ്ഞപ്പോള്‍ ഒറ്റപ്പെട്ടുപോയ കുട്ടിയാനയാണ് നാട്ടുകാരുടെ ക്രൂരതകള്‍ക്കൊടുവില്‍ ചെരിഞ്ഞത്. കുട്ടിയാനയെ കണ്ട് സെല്‍ഫി എടുക്കാന്‍ ആളുകള്‍ ബഹളമായി. പിടിയും വലിയും നടത്തുന്നതിനിടയില്‍ ആന അവശനിലയിലായി. സംഭവം അറിഞ്ഞ് വനപാലകരെത്തി കുട്ടിയാനയ്ക്ക് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും 24 മണിക്കൂറിനു ശേഷം കുട്ടിയാന ചെരിഞ്ഞു.

ആനക്കുട്ടി കരയുന്നത് ശ്രദ്ധിക്കാതെ പിടിയും വലിയും തുടര്‍ന്നതും അമ്മയാനയെ കാണാതെ ഭയന്നതുമാകാം ആന ചെരിയാന്‍ കാരണമെന്ന് വനപാലകര്‍ വിശദീകരിച്ചു.  കുട്ടിയാനയ്ക്ക് പ്രഥമശുശ്രൂഷ നല്‍കി കാട്ടിലേക്ക് തിരിച്ചയക്കാനായിരുന്നു വനപാലകര്‍ തീരുമാനിച്ചത്. എന്നാല്‍ 24 മണിക്കൂറിന് ശേഷം കുട്ടിയാന ചെരിഞ്ഞു.