ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ Mr. മോഡി?

രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്താല്‍ സംഘ്പരിവാര്‍ ഗുണ്ടായിസമുള്‍പ്പെടെ ഇന്ത്യ ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളായ നോട്ട് നിരോധനത്തിനും ദളിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരും. വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ പിആര്‍ ഹൈപ്പ് ഇടിഞ്ഞു പൊളിയുമെന്ന ആശങ്കയാണ് ഇതിന് കാരണം.

ഡാവോസില്‍ നടക്കുന്ന ലോക ഇക്ക്‌ണോമിക്ക് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സാധാരണയില്‍ നിന്നും വിരുദ്ധമായി രണ്ട് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ടൈംസ് നൗ, സീ ന്യൂസ് എന്നീ ചാനലുകളാണ് അഭിമുഖം നടത്തിയത്.

ഇന്ത്യ ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാതെ പ്രധാനമന്ത്രി സ്വയം പുകഴ്ത്തുന്ന വാക്കുകള്‍ കേട്ടുകൊണ്ട് കൃത്യമായ ഒരു ചോദ്യം പോലും ചോദിക്കാതെയുള്ള അഭിമുഖത്തിനെതിരേയാണ് സോഷ്യല്‍ മീഡിയ രംഗത്തു വന്നിരിക്കുന്നത്. മോഡിയോട് ചോദ്യംചോദിക്കാന്‍ ധൈര്യമില്ലാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിനായി പിആര്‍ പണി ഏറ്റെടുത്തിരിക്കുകയാണെന്നാണ് മുഖ്യ ആരോപണം.

മോഡിയുടെ സ്തുതി കേട്ടിരിക്കുന്നതിന് പകരം ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന വികാരം.

അനുദിനം മുകളിലേക്ക് പോകുന്ന ഇന്ധന വിലയില്‍ പ്രധാനമന്ത്രിയ്ക്ക് മറുപടി പറയാനുണ്ടോ? പ്രത്യേകിച്ച് യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇന്ധന വിലവര്‍ധനവിനെതിരേ ട്വിറ്ററില്‍ നിരന്തരം അക്രമണം നടത്തിയിരുന്നു. സ്വന്തം ഭരണത്തില്‍ ഇത്രയും വിലവര്‍ധനയ്ക്ക് ന്യായീകരണമുണ്ടോ?

ഒരു ദിവസം രാത്രി ടിവിയിലൂടെ വന്ന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 87 ശതമാനത്തോളം വരുന്ന തുക അസാധുവാക്കിയ നടപടിക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. രാജ്യത്ത് അതുമൂലമുണ്ടാക്കിയ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് ഉത്തരമുണ്ടോ. നോട്ട് നിരോധനം മൂലം പൊലിഞ്ഞ ജീവനുകള്‍ എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു. അന്താരാഷ്ട്ര നാണയനിധിയടക്കമുള്ള സാമ്പത്തിക ലോകത്തെ ഉന്നത സ്ഥാപനങ്ങളും വിദഗ്ധരുമെല്ലാം നോട്ടു നിരോധനം ഭൂലോക മണ്ടത്തരമാണെന്ന് പ്രതികരിച്ചതിന് എന്തു പറയുന്നു.?

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഗോസരംക്ഷണ തീവ്രവാദികള്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണമെന്താണ്? ന്യൂനപക്ഷങ്ങള്‍ക്കെതിരേ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദു ഭീകരതയെ ആരാണ് തടയിട്ടു നിര്‍ത്തുക. പശു സംരക്ഷണവും ഇല്ലാത്ത ലൗ ജിഹാദും ആരോപിച്ച് കൊലപ്പെട്ടവര്‍ക്ക് എവിടെനിന്ന് നീതി ലഭിക്കും. 2010 മുതല്‍ 2017വരെയുള്ള കാലയളവില്‍ ഇത്തരം കൊലാപതകങ്ങളുടെ 97 ശതമാനവും ഈ ഭരണത്തിലാണ് നടന്നത്. എന്തുകൊണ്ട് താങ്കളുടെ ഭരണത്തില്‍ ഇത് ഇത്രയും വര്‍ധിച്ചു.?

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുയും അഹിന്ദുക്കള്‍ക്കെതിരേ നിഗൂഢവും പരസ്യവുമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരേ എന്ത് നടപടി സ്വീകരിക്കാന്‍ സാധിക്കും?

Read more

ദളിത് സമുദായങ്ങള്‍ ബിജെപിയില്‍ നിന്നും പ്രധാനമന്ത്രിയായ താങ്കളില്‍ നിന്നും ഏറെ അകന്ന് കഴിഞ്ഞു. രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബ്രാഹ്മണിക്കല്‍ അജണ്ടയുടെ ബാക്കിപത്രമല്ലേ അത്? മിസ്റ്റര്‍. മോഡി. താങ്കള്‍ക്ക് ഉത്തരമുണ്ടോ?