മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മാതൃകയായ എറണാകുളം ബ്രോഡ് വെയിലെ വഴിയോര കച്ചവടക്കാരന്‍ മാലിപ്പുറം സ്വദേശി നൗഷാദും കുടുംബവും യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാന്‍ ഓണത്തിനു ശേഷം നൗഷാദും കുടുംബവും എത്തിയേക്കും. ദുബായിലെ സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമദ് ഇന്നലെ നൗഷാദിന്റെ വീട്ടിലെത്തി യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു.
നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദര്‍ശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരു ലക്ഷം രൂപ സമ്മാനവും അഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പണം നൗഷാദ് പുതുതായി തുറക്കുന്ന കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി പ്രളയബാധിത പ്രദേശത്തുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് നൗഷാദ് പ്രളയബാധിതര്‍ക്ക് തന്റെ ഉപജീവനമാര്‍ഗമായ തുണിക്കടയിലെ വസ്ത്രങ്ങള്‍ നല്‍കി മാതൃക കാണിച്ചത്.
ഇത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ഊര്‍ജ്ജം നല്‍കിയിരുന്നു. പ്രവാസ ലോകത്ത് നിന്നടക്കം നൗഷാദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമുണ്ടായി. ലോകത്തിന് നല്ലൊരു സന്ദേശം നല്‍കിയ നൗഷാദിനേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കുടുംബത്തെയും യുഎഇയിലേക്ക് സ്മാര്‍ട് ട്രാവല്‍ വഴി കൊണ്ടുവരാന്‍ ഉടമ അഫി അഹമ്മദ് തീരുമാനിക്കുകയായിരുന്നു. നൗഷാദിനു മാത്രമേ നിലവില്‍ പാസ്പോര്‍ട്ട് ഉള്ളൂ. കുടുംബാംഗങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വിസയും യാത്രാരേഖകളും തയ്യാറാക്കും.