'Butterly honoured', തന്‍റെ കടുകട്ടി ഇംഗ്ലീഷിനെ പരസ്യമാക്കിയ അമുലിന് തരൂരിന്‍റെ മറുപടി

ശശി തരൂരിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ആസ്പദമാക്കി പരസ്യം ഇറക്കിയ അമൂലിന് “താന്‍ ബട്ടേര്‍ലി കൃതാര്‍ത്ഥനായെന്ന്” ശശി തരൂരിന്റെ മറുപടി ട്വീറ്റ്. തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍തുടരുന്നവരെ ഡിക്ഷ്ണറി എടുപ്പിക്കുന്ന തരൂരിന്റെ ശൈലിയെ അമൂല്‍ തമാശരൂപേണ അവതരിപ്പിച്ചതിനാണ് തരൂര്‍ മറുപടി നല്‍കിയത്.

അമൂല്‍ കഥാപാത്രങ്ങള്‍ ട്വീറ്റ് വായിച്ച് വാക്കുകളുടെ അര്‍ത്ഥം ഡിക്ഷ്ണറിയില്‍ പരതുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് അമൂല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ലോകപ്രശസ്ത ഡിക്ഷ്ണറിയായ തെസോറസിനെ തരൂററസ് എന്നാണ് അമൂല്‍ വിശേഷിപ്പിച്ചത്.  അമൂലിന്റെ തമാശ ആസ്വദിച്ച മട്ടില്‍ ഞാന്‍ “ബട്ടേര്‍ലി കൃതാര്‍ത്ഥനായി” എന്നാണ് തരൂര്‍ പറഞ്ഞത്.  അമൂല്‍ ആയതുകൊണ്ടാണ് തരൂര്‍ ഇങ്ങനൊരു വാക്ക് ഉപയോഗിച്ചത്.

കഴിഞ്ഞ ദിവസം തരൂരിന്‍റെ ട്വീറ്റിലെ റൊഡോമൊന്‍ടേഡ്( rodomontade )  എന്ന വാക്ക് സോഷ്യല്‍മീഡിയ ആഘോഷിച്ചിരുന്നു. റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനുമെതിരെയുള്ള ട്വീറ്റില്‍ ഫറാഗോ എന്ന വാക്ക് ഉപയോഗിച്ചതും ഡിക്ഷണറി എടുക്കേണ്ട അവസ്ഥയാണെന്ന് സോഷ്യല്‍മീഡിയ ട്രോളിയിരുന്നു.