മലയാള സിനിമയില്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലും വെളിപ്പെടുത്തലുകളിലും താരബിബങ്ങള്‍ തകര്‍ന്നടിയുകയാണ്. എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ എം രഞ്ജിത്തും രാജിവെച്ചപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനകത്തും പുറത്തുമുള്ള ഓരോ പരാതിയും പൊതുമണ്ഡലത്തിലേക്ക് കരുത്തോടെ പുറത്തുവരികയാണ്. താര സിംഹാസനങ്ങളെ ഇളക്കി മറിച്ച് അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മലയാള സിനിമ മേഖലയില്‍ കരുത്തുറ്റ പോരാട്ടത്തിന് തുടക്കം കുറിച്ചവളെ ഓര്‍മ്മിക്കുന്ന ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വിട്ടു കൊടുക്കാതെ പോരാടാന്‍ ഒരു പെണ്ണ് തീരുമാനിച്ച നിമിഷമുണ്ടല്ലോ, ആ നിമിഷമാണ് ഇന്നീ കാണുന്ന വിധം പീഡകരുടെ സിംഹാസനങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴാന്‍ കാരണമായതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ വള്ളിക്കുന്ന്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വാക്കുകള്‍.
വിട്ടു കൊടുക്കാതെ പോരാടാന്‍ ഒരു പെണ്ണ് തീരുമാനിച്ച നിമിഷമുണ്ടല്ലോ, ആ നിമിഷമാണ് ഇന്നീ കാണുന്ന വിധം പീഡകരുടെ സിംഹാസനങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴാന്‍ കാരണമായത്.
മലയാള സിനിമയില്‍ ഹിമാലയം പോലെ ഉയര്‍ന്ന് നിന്ന ഒരു താരത്തിനെതിരെ ആ താരത്തോടൊപ്പം ഐക്യപ്പെട്ട ആ ഇന്‍ഡസ്ട്രിയുടെ എല്ലാ ശക്തിക്കുമെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു പോരാട്ടം നടത്തുവാന്‍ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട
ആ ധീരത അതാണ് നമ്മെ ഇവിടെവരെയെങ്കിലും എത്തിച്ചത്.
ഈ പോരാട്ടത്തില്‍ നീ ഒറ്റക്കാകില്ലെന്നും ജീവിതത്തില്‍ എന്തൊക്കെ നഷ്ടപ്പെട്ടാലും ഞങ്ങള്‍ കുറച്ച് പേര്‍ ഒപ്പമുണ്ടെന്നും ധൈര്യം കൊടുത്ത് കൂടെ ചേര്‍ന്ന WCCയിലെ ആ തിളങ്ങും നക്ഷത്രങ്ങളുണ്ടല്ലോ അവരുടെ കൂട്ടായ്മയാണ് അവളെ വീഴാതെ നോക്കിയത്. മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തിയത്.
ഏറ്റ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും കണക്ക് ചോദിയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെടാതെ അവളന്ന് തലതാഴ്ത്തി പിന്മാറിയിരുന്നുവെങ്കില്‍ ഈ ചെന്നായക്കൂട്ടം അനന്തകാലത്തോളം ഇവിടെ പുളഞ്ഞു മദിക്കുമായിരുന്നു.. പീഡകരുടെയും മാടമ്പിമാരുടേയും സിംഹാസനങ്ങള്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോള്‍ വീണ്ടും വീണ്ടും നമ്മുടെ ഓര്‍മ്മകളിലെത്തേണ്ട ഒരേയൊരു പെണ്ണ് അവളാണ് കേരളക്കരയുടെ താരം. വായമൂടി പിന്മാറിയ എല്ലാ ഇരകള്‍ക്കും ശബ്ദം നല്‍കിയ പെണ്ണാണവള്‍ ???
ബഷീര്‍ വള്ളിക്കുന്ന്