ഈ സമരം വിജയിച്ചില്ലെങ്കില്‍ പിന്നെ.....ശ്രീജിത്തിന്റെ സമരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സെക്രട്ടേറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സമരം തുടങ്ങിയിട്ട് 761 ദിവസങ്ങളില്‍ ഏറെയായി. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ഒറ്റ ആവശ്യം മാത്രമാണ് ശ്രീജിത്തിന് ഭരണകുടത്തോട് പറയാനുള്ളത്. പൊലീസുകാര്‍ ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിതള്ളിയ തന്റെ അനിയന്റെ ജീവന് ഉത്തരവാദികള്‍ പൊലീസുകാരാണെന്നും അത് ലോക്കല്‍ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും ശ്രീജിത്ത് വിശ്വസിക്കുന്നു. പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റിയുടെ കണ്ടെത്തലും ശ്രീജിത്തിന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നുണ്ട്.

ശ്രീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, ചുവപ്പുനാടയുടെ കുരുക്കില്‍നിന്ന് അതിന് മോചനം ഇതുവരെ ലഭിച്ചിട്ടില്ല.

2014 മെയ് 21നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്. മോഷണകുറ്റം ചുമത്തിയായിരുന്നു ശ്രീജീവിനെ പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. അന്ന് ചുമതലയുണ്ടായിരുന്ന സിഐ ഗോപകുമാറും എസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണ് ഈ ചെറുപ്പക്കാരനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ പൊലീസുകാര്‍ കേസില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെയും അമ്മയുടെയും പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ശ്രീജീവ് കൊല്ലപ്പെടുന്ന സമയത്ത് രമേശ് ചെന്നിത്തലയായിരുന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രി. യുഡിഎഫ് മാറി എല്‍ഡിഎഫ് വന്നിട്ടും, ഉമ്മന്‍ചാണ്ടി മാറി പിണറായി വിജയന്‍ വന്നിട്ടും ശ്രീവിന്റെ കേസില്‍ പ്രത്യേകിച്ച് പുരോഗതികളൊന്നും ഉണ്ടായിട്ടില്ല.

Read more

760 ദിവസത്തിലേറെയായി സമരം ചെയ്തിട്ടും ശ്രീജിത്തിന്റെ ആവശ്യത്തോട് സര്‍ക്കാരും അധികൃതരും മുഖംതിരിച്ച് നില്‍ക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഈ വിഷയം ഏറ്റെടുക്കുകയും തുടര്‍ച്ചയായി വാര്‍ത്തകള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ശ്രീജിത്തിനെ സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇന്ന് സോഷ്യല്‍ മീഡിയകളില്‍ ശ്രീജിത്തിന്റെ സമരം എങ്ങനെയും വിജയിപ്പിക്കണം, ശ്രീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സമരം വിജയിക്കണം, വിജയിച്ചില്ലെങ്കില്‍ നീതിക്ക് ഇടമെവിടെ ?