ബ്ലൂവെയ്‌ലിനുശേഷം ' റ്റൈഡ് പോഡ് ചലഞ്ച്', ഇത്തവണ സോപ്പുപൊടി തിന്നണം

കുട്ടികളെ മരണക്കെണിയില്‍ എത്തിച്ച ബ്ലൂവെയിലിനുശേഷം, റ്റൈഡ് പോഡ് ചലഞ്ച് എന്ന പേരില്‍ പുതിയ ചലഞ്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൗമാരക്കാര്‍ പലനിറങ്ങളിലുള്ള സോപ്പുകട്ടകളും ,പൊടിയും തിന്നുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സോപ്പുകട്ടകള്‍ കഴിക്കുന്നതോടൊപ്പം,മറ്റുള്ളവരെ കഴിക്കാനായി കുട്ടികള്‍ പ്രേരിപ്പിക്കുന്നുമുണ്ട്.

എത്തനോള്‍, പോളിമറുകള്‍ ,ഹൈഡ്രജന്‍ പെറോക്‌സാഡ് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയ സോപ്പുകട്ടകളാണ് കുട്ടികള്‍ ചലഞ്ചില്‍ കഴിക്കുന്നത്. ഇതോടെ അപകടകരമായ ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. രാസവസ്തുക്കളടങ്ങിയ സോപ്പുകട്ടകള്‍ കഴിച്ചാല്‍ കുട്ടികളില്‍ കഠിനമായ വയറിളക്കവും , ഛര്‍ദ്ദിലും ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിപ്പ് നല്‍കുന്നു.

2015 ലാണ് ഇത്തരത്തിലൊരു ചലഞ്ച് തുടങ്ങിയത്. എന്നാല്‍ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് 2017 ലാണ്. ഇപ്പോള്‍ ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമാശയ്ക്കാണ് സോപ്പുകട്ടകള്‍ കഴിക്കുന്നതെന്നാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികള്‍ പറയുന്നത്.എന്നാല്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇത്തരം ചലഞ്ചുകള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.