മഹാരാഷ്ട്രയുടെ വരണ്ട ഭൂപ്രകൃതിയില്‍ മുന്‍ ഐആര്‍എസ് ഓഫീസര്‍ ഉജ്ജ്വ കുമാര്‍ ചവാന്‍ ഒരു പരിവര്‍ത്തനാത്മക ജലസംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. അത് 204 ഗ്രാമങ്ങളുടെ വരള്‍ച്ചയ്ക്ക് പരിഹാരമായി. വരള്‍ച്ചയെ നേരിടാന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഉജ്ജ്വ കുമാര്‍ ചവാന്‍ ജലസംഭരണികളും ചെക്ക് ഡാമുകളും നിര്‍മ്മിച്ചു, 204 ഗ്രാമങ്ങളില്‍ ജലസംഭരണിയുടെ ശേഷി വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചു, നദികളെ പുനരുജ്ജീവിപ്പിച്ചു, സമൂഹത്തിന്റെ പ്രതിരോധശേഷി വളര്‍ത്തി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തി പ്രകടമാക്കുന്നതായിരുന്നു ഈ പദ്ധതി.
ഒരു തുള്ളി മഴയ്ക്ക് വേണ്ടി മാത്രം ദാഹിക്കുന്ന മഹാരാഷ്ട്രയിലെ സൂര്യപ്രകാശം കൊണ്ട് മാത്രം നനഞ്ഞുകുതിര്‍ന്ന ഭൂപ്രകൃതിയില്‍ വരള്‍ച്ച ഒരു നിരന്തര സന്ദര്‍ശകനായിരുന്നു. അതിന്റെ അനന്തരഫലങ്ങള്‍ അവിടുത്തെ ഗ്രാമത്തിന് വളരെ പരിചിതമാണ് – വരണ്ട വയലുകള്‍, വിളകള്‍ നശിച്ചു പാടം, വളരെയധികം കര്‍ഷകര്‍ക്ക് മറ്റൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ സ്വന്തം ജീവന്‍ എടുക്കേണ്ടി വരുന്ന അതി ഭീകരമായ സ്ഥിതിവിശേഷം.
മറാത്ത്വാഡയിലെയും ഖണ്ഡേഷിലെയും കര്‍ഷകര്‍ വര്‍ഷം തോറും അതിന്റെ ആഘാതം ഏറ്റുവാങ്ങിയപ്പോള്‍ 2016 ല്‍ ഇവിടെ ഒരു ഇരുണ്ട കഥ കൂടി അരങ്ങേറി. വരള്‍ച്ച വീണ്ടും സംസ്ഥാനത്തെ പിടികൂടി, കാര്‍ഷിക സമൂഹങ്ങളെ അതിശക്തമായി ബാധിച്ചു. കര്‍ഷകര്‍ തങ്ങളുടെ വയലുകള്‍ മാത്രമല്ല, സ്വപ്നങ്ങളും വരണ്ടുണങ്ങുന്നത് കണ്ടു.
മഴയുടെ അഭാവത്തില്‍ പ്രതിധ്വനിക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ വടക്കന്‍ മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്റെ ആത്മഹത്യ ഒരു ഐആര്‍എസ് ഉദ്യോഗസ്ഥനായ ഉജ്ജ്വ കുമാര്‍ ചവാന്റെ ചെവിയിലെത്തുകയും വ്യക്തിപരമായി തന്നെ അതയാളെ മനസ്താപത്തിലാക്കുകയും ചെയ്തു. ഈ ദുരന്തവും സ്വന്തം നാട്ടില്‍ നിന്നുള്ള കൂട്ടായ നിലവിളികളും കണ്ട് അദ്ദേഹം അടിയന്തരമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായി ഇറങ്ങി.
ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ വിജയകരമായ ഒരു കരിയറിനും ഭാവിയിലെ പ്രതീക്ഷകള്‍ നിറഞ്ഞ ജീവിതത്തിനും ഇടയില്‍, വരള്‍ച്ച ബാധിച്ച തന്റെ ജന്മനാടിന്റെ നിശബ്ദ അപേക്ഷ അദ്ദേഹത്തിന് അവഗണിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. ഈ സമയത്ത് തന്റെ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ജലസംരക്ഷണത്തിന്റെ ശക്തി ഉപയോഗിച്ച് ജീവിതങ്ങളെ മാറ്റിമറിക്കുന്ന ഒരു സംരംഭത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.
ഓരോ തുള്ളിയിലും പ്രതീക്ഷകള്‍ വളര്‍ത്തിയെടുക്കുക
വരള്‍ച്ച ബാധിച്ച തന്റെ ഗ്രാമത്തിന്റെ ഗതി മാറ്റുക എന്ന ദര്‍ശനത്തോടെ ഉജ്ജ്വ വലിയ പ്രതീക്ഷയോടെ ഒരു ജലസംരക്ഷണ പദ്ധതി ആരംഭിച്ചു. 10 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന ഒരു റിസര്‍വോയര്‍ നിര്‍മ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ ഒരു അടിസ്ഥാന മാതൃകയായി തുടങ്ങിയത് ഉടന്‍ തന്നെ പ്രതീക്ഷകള്‍ക്കപ്പുറം പൂവണിഞ്ഞുവെന്നതാണ് സത്യം. ഈ സംരംഭം 14 കോടി ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ജലസംഭരണിയായി. ഗ്രാമത്തിന്റെ തരിശുഭൂമിയിലേക്ക് പ്രതീക്ഷയും ഉന്മേഷവും പകര്‍ന്നു ഈ ജലസംഭരണി. ഈ പരിശ്രമത്തിന്റെ വിജയം ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടു, അയല്‍ ഗ്രാമങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവരാനും ജലസംരക്ഷണ ശ്രമങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനും ഈ സംഭരണി പ്രചോദനം നല്‍കി.
ഒരുമിച്ച് പോരാടി വരള്‍ച്ചയെ നേരിട്ട ഗ്രാമങ്ങള്‍
ഇത് വെറുമൊരു വ്യക്തിപരമായ വിജയമായിരുന്നില്ല. ”ആദ്യമായി, കൂട്ടായ വിജയത്തിന്റെ സന്തോഷം ഞാന്‍ അനുഭവിച്ചു എന്നാണ് ഉജ്ജ്വ പറഞ്ഞത്. 2018 ആയപ്പോഴേക്കും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആറ് ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു, സമൂഹം ഒന്നിച്ച് നയിക്കുന്ന ഒരു ശ്രമം 60-ലധികം ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചു. ഇതുണ്ടാക്കിയ ”പരിവര്‍ത്തനം അത്ഭുതകരമായിരുന്നു. 2018 ജൂലൈ ആയപ്പോഴേക്കും എല്ലാ ജലസംഭരണികളും നിറഞ്ഞുവെന്നും ഉജ്ജ്വ പറയുന്നു.
2019 ആയപ്പോഴേക്കും, ഉജ്ജ്വ ഈ സംരംഭം കൂടുതല്‍ വികസിപ്പിച്ചപ്പോള്‍, ‘പഞ്ച് പാട്ടീല്‍’ എന്നറിയപ്പെടുന്ന ഒരു സമര്‍പ്പിത സന്നദ്ധപ്രവര്‍ത്തക സംഘത്തെയും അദ്ദേഹം ഉണ്ടാക്കിയെടുത്തു. വ്യക്തിപരമായ നേതൃത്വത്തിന്റെയും പങ്കിട്ട കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ ഈ സന്നദ്ധപ്രവര്‍ത്തകര്‍ മാനുഷിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കര്‍ഷകര്‍ക്കിടയില്‍ സ്വാശ്രയത്വം വളര്‍ത്തുകയാണ് ചെയ്തത്. വിജയത്തെ വികേന്ദ്രീകരിക്കുന്ന ഒരു മാതൃകയാണിത്, അവരുടെ ജലസ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഗ്രാമീണരുടെ ആന്തരിക പ്രചോദനത്തെ വളര്‍ത്തിയെടുക്കുകയാണ് ഇവര്‍ ചെയ്തത്. സമാന ചിന്താഗതിക്കാരായ കര്‍ഷകര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഈ സംഘം വാരാന്ത്യങ്ങളില്‍ അക്ഷീണം പ്രയത്‌നിച്ചു. കാലക്രമേണ പദ്ധതി നിലനിര്‍ത്തുന്നതിനായി അവരുടെ കൂട്ടായ മനോഭാവത്തെ വളര്‍ത്തിയെടുത്തു.
ധമാംഗോണില്‍ നിന്നുള്ള പഞ്ച് പാട്ടീല്‍ കുടുംബത്തിലെ ഒരാളായ പങ്കജ് പവാര്‍ പറയുന്നത് ഇങ്ങനെയാണ്.
ഞാന്‍ 2018 മുതല്‍ പഞ്ച് പാട്ടീല്‍ ആയി ജോലി ചെയ്യുന്നു. അഞ്ച് ഗ്രാമങ്ങളുടെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്, അതുകൊണ്ടാണ് പഞ്ച് പാട്ടീല്‍ എന്ന് പേര് ലഭിച്ചത്. ഗ്രാമങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും ഉപരിതലത്തില്‍ നിന്ന് ഒഴുകുന്ന വെള്ളം ശേഖരിക്കുന്നതിനുമായി പാനി സമിതികള്‍ (വെള്ള സമിതികള്‍) രൂപപ്പെടുത്തുകയും ചെയ്തു. വെള്ളം ശേഖരിക്കുകയും കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങളില്‍ സഹായിക്കുകയും ഈ സമിതി ചെയ്യുന്നുണ്ട്. സാധാരണയായി, ഞങ്ങള്‍ പരുത്തി, ചോളം, ജോവര്‍ എന്നിവ വളര്‍ത്തുന്നു. കൃഷിക്കാര്‍ക്ക് വലിയ ജല ബുദ്ധിമുട്ടുകള്‍ ഈ കൃഷികളില്‍ നേരിടേണ്ടിവരാറുണ്ടായിരുന്നു. മണ്‍സൂണിലെ വെള്ളം നവംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ വരെ മാത്രമേ നിലനില്‍ക്കൂകയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അത് മാര്‍ച്ച് വരെ നീണ്ടുനില്‍ക്കും, അതായത് രണ്ടോ മൂന്നോ മാസം കൂടി ജലലഭ്യത ഉണ്ടാകും
ടീമിന്റെ സമര്‍പ്പണം വിശദീകരിച്ചുകൊണ്ട് ഉജ്ജ്വ പറയുന്നത് ”ഞങ്ങള്‍ക്ക് സാമ്പത്തിക നേട്ടമൊന്നുമില്ല. ഇത് പൂര്‍ണ്ണമായും ഗ്രാമത്തിന് എല്ലാം തിരികെ നല്‍കുന്നതിനെക്കുറിച്ചാണ്.
ജോഹാദ് രീതി: നദികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക
ജല സംരക്ഷണ പ്രവര്‍ത്തകനായ രാജേന്ദ്ര സിംഗ് മുന്‍കൈയെടുത്ത ജോഹാദ് ജല സംരക്ഷണ രീതിയാണ് ഉജ്ജ്വ സംഘം സ്വീകരിച്ചത്. മഴവെള്ളം സംഭരിച്ച് സംഭരിക്കുന്നതിനായി ഒരു ചെറിയ മണ്ണുകൊണ്ടുള്ള ചെക്ക് ഡാം ഇതില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വരണ്ട മാസങ്ങളില്‍ ജലസംഭരണി നല്‍കാന്‍ ഈ ഘടനകള്‍ സഹായിക്കുന്നു, മെച്ചപ്പെട്ട പെര്‍കോലേഷന്‍ വഴി ഭൂഗര്‍ഭജല റീചാര്‍ജ് വളരെയധികം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു
ഈ രീതി പിന്തുടര്‍ന്ന് 204 ഗ്രാമങ്ങളിലായി 500 കോടി ലിറ്റര്‍ ജലസംഭരണി ഈ ഓഫീസര്‍ നിര്‍മ്മിച്ചു. ഇത് വരള്‍ച്ചയെയും വെള്ളപ്പൊക്കത്തെയും ചെറുത്തു. ഏകദേശം 6,000 നേരിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ഇത് കൊണ്ട് പൂര്‍വ്വസ്ഥിതി വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ഭൂപ്രകൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ചെറിയ കുളങ്ങളും ചെക്ക് ഡാമുകളും ജലസംഭരണ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചു, പക്ഷേ ഇതുണ്ടാക്കിയ മാറ്റം ആഴമേറിയതും വിശാലവുമാണ്.
വെള്ളത്തിനപ്പുറം ജീവിതങ്ങളെ മാറ്റി
”സാമ്പത്തികമായി, ഈ പദ്ധതി പങ്കാളിത്ത ഗ്രാമങ്ങളിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി, വാങ്ങിയ കാലിത്തീറ്റയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ക്ഷീര വ്യവസായം പോലുള്ള അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്തു. മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ നിലവാരങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ പ്രതിഫലിക്കുന്നു, കുടുംബങ്ങള്‍ അവരുടെ ഭാവിയിലേക്ക് വരുമാനം വീണ്ടും നിക്ഷേപിച്ചു തുടങ്ങി. പാരിസ്ഥിതികമായി, പദ്ധതി ഒരിക്കല്‍ വറ്റിപ്പോയ നദികളെ പുനരുജ്ജീവിപ്പിക്കുകയും ജൈവവൈവിധ്യം പുനഃസ്ഥാപിക്കുകയും ചെയ്തുവെന്നും” ഉജ്ജ്വ എടുത്തുകാണിക്കുന്നു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്വാധീനം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുക മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ ജല സമ്മേളനം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നിരുന്നാലും, ഏറ്റവും ആവേശകരമായ അംഗീകാരങ്ങള്‍ വരുന്നത് ജലത്താല്‍ പോഷിപ്പിക്കുന്ന പുതിയ വേരുകള്‍ വന്നെത്തിയ മേഖലകളില്‍ നിന്നാണ്.
ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ച ഒരു കര്‍ഷകന്‍ ഉദ്യോഗസ്ഥനുമായി ഒരു വൈകാരിക നിമിഷം പങ്കുവെച്ചു. ”ജലക്ഷാമം കാരണം കുടുംബത്തെ പോറ്റാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നിരുന്നു. ഇപ്പോള്‍ സംരക്ഷണ പദ്ധതിയില്‍ കിണറുകള്‍ നിറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതസ്ഥിതി മാറി. ജമന്തി തൈകളുമായി അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് നന്ദിയോടെ ഓടിയെത്തിയെന്നും ഉജ്ജ്വ വിവരിക്കുന്നു.
ഉജ്ജ്വ എന്ന ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്രയിലെ നിരവധി ഗ്രാമങ്ങളുടെ വിധി മാറ്റിമറിക്കുക മാത്രമല്ല ചെയ്തത്, ഉടനടിയുള്ളതിനപ്പുറം നീണ്ടുനില്‍ക്കുന്ന ഒരു പാരമ്പര്യം അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തത്. സഹാനുഭൂതിയും അചഞ്ചലമായ ദൃഢനിശ്ചയവും ചേര്‍ന്ന് നയിക്കപ്പെടുമ്പോള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് നേടാനാകുമെന്നതിന്റെ ഒരു ഉദാഹരണമാണിത്.
ദീര്‍ഘകാല ഗുണങ്ങളും ഉജ്ജ്വ വിഭാവനം ചെയ്യുന്നു: ”ഒരിക്കല്‍ വറ്റിപ്പോയ നദികള്‍ ഇപ്പോള്‍ കൂടുതല്‍ കാലം ഒഴുകുന്നു, ജൈവവൈവിധ്യം തിരിച്ചുവരുന്നു. കാര്‍ഷിക പ്രവര്‍ത്തനക്ഷമത പുനഃസ്ഥാപിക്കപ്പെട്ടതോടെ, റിവേഴ്‌സ് മൈഗ്രേഷന്‍ ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു, പദ്ധതിയുടെ വിശാലമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ ഇത് എടുത്തു കാണിക്കുന്നു.”
ഇപ്പോള്‍ നിയമ വ്യവസ്ഥിതിയില്‍ സര്‍ക്കാര്‍ ജോലിയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം തന്റെ ദൗത്യത്തില്‍ സമര്‍പ്പിതനായി തുടരുന്നു: സുസ്ഥിര ജല മാനേജ്‌മെന്റ് സംവിധാനങ്ങള്‍ നിര്‍മ്മിക്കുക, കമ്മ്യൂണിറ്റി നേതാക്കളെ സൃഷ്ടിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
”ഈ പദ്ധതി എന്റെ ആത്മാവിന്റെ ഭാഗമാണ്,”
മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്ര ഗ്രാമങ്ങളെ മാറ്റി മറിച്ച പദ്ധതിയെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. തന്റെ പാരമ്പര്യം പോസ്റ്റുകളിലൂടെയല്ല, മറിച്ച് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വെള്ളത്തിലൂടെയാണ് നിര്‍വചിക്കപ്പെടുന്നതെന്ന് അദ്ദേഹത്തിന് അറിയാം.
മഹാരാഷ്ട്രയിലെ 204 ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന ഉജ്ജ്വയുടെ സംരംഭം, വ്യക്തിപരമായ ദൃഢനിശ്ചയവും സമൂഹമനസ്സും എങ്ങനെ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കുന്നു!
ബെറ്റര്‍ ഇന്ത്യക്ക് വേണ്ടി മേഘ ചൗധരി എഴുതിയ ലേഖനം