ഗുജറാത്തിലെ വഡോദരയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തി പൊലീസ്. കുഞ്ഞിനെ വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ സുരക്ഷിതമായി കിടത്തി തലയില്‍ ചുമന്നാണ് ഗോവിന്ദ് ചൗഡ എന്ന പൊലീസ് ഇന്‍സ്പെക്ടര്‍ രക്ഷിച്ചത്. ഒന്നര കിലോമീറ്ററാണ് കുഞ്ഞിനേയും കൊണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ നടന്നത്. ഒന്നര വയസുകാരിയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച ഈ ഉദ്യോഗസ്ഥന്റെ ചിത്രം ഗുജറാത്ത് എഡിജിപി ഡോ. ഷംഷേര്‍ സിങ്ങാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
കനത്ത മഴയില്‍ ഗുജറാത്ത് പൊലീസ് സേന നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഗോവിന്ദ് ചൗഡയുടെ ഫോട്ടോയും എഡിജിപി പങ്ക് വെച്ചത്. ഈ ചിത്രം കണ്ട നിരവധി പേര് ചൗഡയെ പ്രശംസിച്ചു. ധൈര്യവും അര്‍പ്പണ മനോഭാവവുമുള്ള ഈ ഉദ്യോഗസ്ഥന്റെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയില്‍ അഭിമാനിക്കുന്നുവെന്ന് ഗോവിന്ദിന്റെ ഫോട്ടോയ്ക്കൊപ്പം എഡിജിപി ട്വീറ്റ് ചെയ്തു.
വെള്ളപ്പൊക്കഭീഷണിയുള്ള വിശ്വമിത്രി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള പ്രദേശത്ത് നിന്ന ആള്‍ക്കാരെ ഒഴിപ്പിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. പ്ലാസ്റ്റിക് കയര്‍ കെട്ടി ആള്‍ക്കാരെ വെള്ളക്കെട്ടിലൂടെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ സഹായിക്കുന്നതിനിടെ ഒറ്റപ്പെട്ടു പോയ വീട്ടിലുള്ള സ്ത്രീയേയും കുഞ്ഞിനേയും കുറിച്ച് അറിഞ്ഞ പോലീസ് സംഘം അവിടേക്ക് നീങ്ങി.
കുട്ടിയെ കൈയിലെടുത്ത് നീങ്ങുന്നത് അപകടമാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് കുട്ടിയെ പ്ലാസ്റ്റിക് പാത്രത്തിലാക്കി കൊണ്ടു പോകാമെന്ന ആശയമുദിച്ചത്. പാത്രത്തില്‍ കുഞ്ഞിന് സുഖകരമായി ഇരിക്കാനാവുന്ന വിധത്തില്‍ തുണികള്‍ വെച്ച് കുട്ടിയെ അതിനുള്ളിലിരുത്തി അഞ്ചടിയോളം ഉയരത്തിലുള്ള വെള്ളത്തിലൂടെ ഗോവിന്ദ് നീങ്ങി. കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ചതോടെ പൊലീസ് സംഘത്തിന് ആശ്വാസമായി.
വ്യാഴാഴ്ച രാവിലെ എട്ട് മണി വരെ 24 മണിക്കൂര്‍ തുടര്‍ച്ചയായി വഡോദരയില്‍ മഴ പെയ്തു. 499 മില്ലീമീറ്ററോളം മഴയാണ് ഈ സമയത്തിനുള്ളില്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്.
Proud of the humanitarian work of this cop in Vadodara. Great courage & dedication. Rescued the baby & family. #VadodaraRains #sdrf #NDRF @GujaratPolice @IPS_Association pic.twitter.com/wWEVcJu3Ho
— Dr. Shamsher Singh IPS (@Shamsher_IPS) August 1, 2019
Read more