സിംഗപ്പൂർ എയർലൈൻസിനെ ചുഴറ്റിയെറിഞ്ഞ ആകാശച്ചുഴി; എന്താണ് ടർബുലൻസ്‌ അഥവാ എയർഗട്ടർ?

ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ വീണ് ആടിയുലഞ്ഞ് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഇന്നലെ എല്ലാവരെയും ഞെട്ടിച്ച സംഭവമാണ്. അപകടം ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ എല്ലാവരും അന്വേഷിച്ച ഒന്നാണ് എന്താണ് ആകാശച്ചുഴി അഥവാ ടർബുലൻസ്‌ എന്നത്.

ഏവിയേഷൻ രംഗത്ത് വളരെ സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടർബുലൻസ്‌ എന്നത്. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനം കാരണം കാറ്റിന്റെ സമ്മര്‍ദത്തിലും, ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും. ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടർബുലൻസ് അഥവാ ആകാശച്ചുഴി. എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ അഥവാ ക്ലിയർ എയർ ടർബുലൻസ് എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ആകാശച്ചുഴികൾ മിക്ക വിമാന യാത്രകളിലും ഉണ്ടാകാറുള്ളതാണ്. ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതു പോലെയും കടലിലെ തിരമാലകൾ പോലെ ആടിയുലയുകയും ചെയ്യും. എന്നാൽ യാത്രക്കാർക്ക് പരുക്കേൽക്കുന്ന വിധത്തിലുള്ള അപകടങ്ങൾ ചുരുക്കമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ തന്നെ വളരെ അപൂർവമായിട്ടാണ് മരണങ്ങൾ സംഭവിച്ചിട്ടുള്ളത്.

ആകാശച്ചുഴികൾ ഉണ്ടാവാൻ പ്രധാനമായും രണ്ട്, മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന് മൺസൂൺ കാലത്ത് മേഘങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾകൊണ്ട് വിമാനം മേഘങ്ങൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ഒരു കുലുക്കവും വ്യത്യാസവും തിരിച്ചറിയാൻ പറ്റും. രണ്ടാമത്തേത് വേനൽക്കാലത്ത് ചൂട് കാലത്ത് വായു മുകളിലേക്ക് പൊങ്ങിക്കൊണ്ടിരിക്കുന്നതുകൊണ്ട് ആ സമയത്തും കാറ്റിന്റെ ഗതിയിൽ മാറ്റമുണ്ടാകും അപ്പോഴും ഇത്തരത്തിലൊരു സമ്മര്‍ദം ഉണ്ടാവാൻ സാധ്യതയുണ്ട്. മറ്റൊരു കാരണം വളരെ അപൂർവം ആയിട്ട് സംഭവിക്കാവുന്ന ഒരു കാരണമാണ്. ഒരു വിമാനം യാത്ര ചെയുന്ന അതേ പതായിലൂടെ തന്നെ മറ്റൊരു വിമാനവും പിന്നാലെ വന്നാൽ ഉണ്ടാവുന്നതാണത്. എന്നാൽ അങ്ങനെ ഒന്നിന് പുറകെ ഒന്നായി വിമാനങ്ങൾ സഞ്ചരിക്കാറില്ല. അതുകൊണ്ട് തന്നെ ഈ സാധ്യത വളരെ അപ്പൂർവമാണ്. വലിയ മലനിരകൾക്കുള്ളിലൂടെ സഞ്ചരിക്കുമ്പോഴും ആകാശച്ചുഴികൾക്കുള്ള സാധ്യതയുണ്ട്. ആകാശത്തിലെ ഈ വ്യതിയാനങ്ങളെ നേരിടാൻ തക്ക വിധത്തിലാണ് എല്ലാ എയർലൈൻസുകളും വിമാന ഡിസൈനുകൾ ചെയ്തിട്ടുള്ളത്.

സാധാരണ രീതിയിൽ ഒരു വിമാനം യാത്ര ചെയ്യാൻ തുടങ്ങുന്നതിന് മുൻപ് കാലാവസ്ഥ നിരീക്ഷിക്കുമ്പോൾ തന്നെ ആകാശച്ചുഴികൾ ഉള്ള സ്ഥലങ്ങൾ തിരിച്ചറിയാൻ കഴിയും. അതിനാൽ തന്നെ ആ ഒരു പോയന്റിലേക്ക് എത്തുന്നതിന് മുൻപ് പൈലറ്റ്‌സിന് തയ്യാറായി ഇരിക്കാൻ സാധിക്കും. അതുമാത്രല്ല വിമാനം പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർക്ക് കൊടുക്കുന്ന അനൗണ്സ്മെന്റിൽ ഇത് മെൻഷൻ ചെയ്യുകയും യാത്രക്കാർക്കും തയ്യാറായി ഇരിക്കാനും സാധിക്കും. എന്നാൽ നേരത്തെ കണ്ടുപിടിക്കാൻ പറ്റാത്ത ടർബുലൻസസ് ഉണ്ടാവും. അവയാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്.

ഇനി ആകാശച്ചുഴികലെ തന്നെ നാലായി തരം തിരിച്ചിട്ടുണ്ട്. ലൈറ്റ്, മോഡറേറ്റ്, സിവിയർ, എക്സ്ട്രീം എന്നിങ്ങനെയാണവ. പേര് പോലെ തന്നെയാണ് അതിന്റെ സ്വഭാവവും. മോഡറേറ്റ് രീതിയാണ് കൂടുതൽ സമയത്തും സംഭവിക്കാറുള്ളത്. എക്സ്ട്രീം ലെവൽ വളരെ അപൂർവമായിട്ട് മാത്രമാണ് സംഭവിക്കുക. എക്സ്ട്രീം ലെവലിൽ വിമാനം ക്യാപ്റ്റന്റെ കൺട്രോളിൽ ആയിരിക്കില്ല.

അപ്രതീക്ഷിതമായ ടർബുലൻസസിനെ നേരിടാൻ യാത്രക്കാർ ചെയ്യേണ്ടേ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. യാത്രക്കാർ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണം. ഇത്തരം അവസരങ്ങളിൽ പരിഭ്രാന്തരാകാതെ വിമാന ജീവനക്കരുടെ നിർദ്ദേശങ്ങൾ പാലിക്കണം. ബാഗുകൾ ഉൾപ്പെടെയുള്ളവ സീറ്റിന്റെ അടിഭാഗത്ത് വെക്കണം. തലയ്ക്ക് മുകളിൽ ഉള്ള റാക്കുകളിൽ നിന്ന് ഭാരമുള്ള ലഗേജുകൾ താഴേക്ക് വീഴാൻ സാധ്യത ഉള്ളതിനാൽ കുനിഞ്ഞിരുന്ന തലയ്ക്ക് മുകളിൽ കൈയ് വെച്ച തടസം സൃഷ്ടിക്കണം. ഛർദിൽ ഉണ്ടാവാതിരിക്കാൻ ഇടയ്ക്കിടെ ദീർഘമായി ശ്വസിക്കുക. തുടങ്ങിയവയാണ് ആ നിർദേശങ്ങൾ.