ഹാദിയയെ ഓര്‍ത്ത് മാതാപിതാക്കളായ അശോകനും പൊന്നമ്മയ്ക്കും അഭിമാനിക്കാമെന്ന് എന്‍ എസ് മാധവന്‍

നിലപാടില്‍ ഉറച്ച് നിന്ന ഹാദിയയെ ഓര്‍ത്ത് മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മതം മാറ്റത്തിനും വിവാഹത്തിനും ശേഷം വീട്ടുതടങ്കിലിലായി. പിന്നീട് വിവാഹം റദ്ദ് ചെയ്യുന്നതടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോകേണ്ടി വരികയും ചെയ്ത ഹാദിയേയും മാതാപിതാക്കളേയുമാണ് എന്‍ എസ് മാധവന്‍ അഭിനന്ദിച്ചിരിക്കുന്നത്.

ചുറ്റും നോക്കിയാല്‍ മുതിര്‍ന്നവര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുന്നത് കാണാം. എന്നാല്‍ അവള്‍ അങ്ങനെ കീഴടങ്ങിയില്ല. അവള്‍ അങ്ങനെയാവാന്‍ കാരണം അവളെ വളര്‍ത്തിയ രീതിയാണ്. ഹാദിയയുടെ മാതാപിതാക്കളായതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്. അവള്‍ ആത്മവിശ്വാസമുള്ളവളാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവീച്ചു. നിലപാടില്‍ ഉറച്ചു നിന്നു. മനസ്സ് തുറന്ന് വ്യക്തതയോടെ സംസാരിച്ചു. എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനായി കനത്ത സുരക്ഷയില്‍ നെടുമ്പാശേരിയിലെത്തിച്ചതിനിടയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നും മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞ ഹാദിയ കോടതിയിലും നിലപാടില്‍ ഉറച്ച് നിന്നു. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹാദിയ നേരിട്ടു ഹാജരാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. ഹാദിയയെ വീട്ടുതടങ്കലിലാക്കാതെ പഠനം തുടരട്ടയെന്നാണ് കേസില്‍ കോടതി നിര്‍ദ്ദേശിച്ചത്.