വാക്‌സിന്‍ ശരിയാകുന്നത് മോദിയോ ഒവൈസിയോ രാഹുലോ ശരിയാകുന്നതു കൊണ്ടല്ല: സി. രവിചന്ദ്രന്‍

കൊറോണ വൈറസ് രോ​ഗബാധയെ ചെറുക്കുന്നതിന്റെ ഭാഗമായി പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടുള്ള ദുഷ്പ്രചാരണങ്ങളെ വിമർശിച്ച് അദ്ധ്യാപകനും ശാസ്ത്ര ചിന്തകനും പ്രാസംഗികനുമായ സി രവിചന്ദ്രന്‍. ട്രയലില്‍ പങ്കെടുത്ത ഒരാള്‍ക്ക് ആദ്യ ഡോസിന് ശേഷം കോവിഡ് പോസിറ്റീവ് ആകുന്നുവെങ്കില്‍ അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാവാം. എന്നാൽ വാര്‍ത്ത കേട്ടതും വാക്‌സിന് എതിരെയും ശാസ്ത്രീയവൈദ്യത്തിനു എതിരെയും ചന്ദ്രഹാസം മുഴക്കുന്നവര്‍ ചാടി വീണുകഴിഞ്ഞു എന്ന് സി രവിചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സി രവിചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

നിഴല്‍യുദ്ധങ്ങള്‍

(1) വാക്‌സിന്‍ ട്രയല്‍ പരീക്ഷണത്തില്‍ ആദ്യ ഡോസ് കുത്തിവെച്ച ഒരു മന്ത്രി കോവിഡ് പോസിറ്റീവ് ആയി എന്നൊരു വാര്‍ത്ത പത്രങ്ങളുടെ മുന്‍പേജിലുണ്ട്. ടിയാന് ലഭിച്ചത് വാക്‌സിനാണോ അതോ ഡമ്മിയാണോ എന്നുപോലും തീര്‍ച്ചയില്ല. പക്ഷെ വമ്പിച്ച അലക്കാണ്. ട്രയലില്‍ പങ്കെടുത്ത ഒരാള്‍ക്ക് ആദ്യ ഡോസിന് ശേഷം കോവിഡ് പോസിറ്റീവ് ആകുന്നുവെങ്കില്‍ അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാവാം. ബൂസ്റ്റര്‍ ഡോസ് കൂടി ലഭിക്കുമ്പോഴാണ് പൂര്‍ണ്ണമായ പ്രതിരോധം ലഭിക്കുക. കുത്തിവെക്കുന്ന തൊണ്ണൂറ് ശതമാനത്തിലധികംപേരിലും വാക്‌സിന്‍ ഫലപ്രദമാകും എന്നാണ് വിലയിരുത്തപെടുന്നത്. പക്ഷെ വാര്‍ത്ത കേട്ടതും വാക്‌സിന് എതിരെയും ശാസ്ത്രീയവൈദ്യത്തിനു എതിരെയും ചന്ദ്രഹാസം മുഴക്കുന്നവര്‍ ചാടി വീണുകഴിഞ്ഞു.

(2) വാക്‌സിനെ സംശയത്തിന്റെ നിഴലില്‍ നിറുത്തുക, ആയുഷ് ഉടായിപ്പുകള്‍ക്ക് സ്തുതി പാടുക-ഇതാണവരുടെ ലക്ഷ്യം. കേരളത്തില്‍ കോവിഡ് കാലത്ത് അശാസ്ത്രീയവാദങ്ങളും നുണകളും കെട്ടിയെഴുന്നെള്ളിച്ച് ഭരാണാധികാരികളെവരെ പാട്ടിലാക്കിയവര്‍ വാക്‌സിന്‍ ആകെ പൊളിഞ്ഞേ എന്നു സ്ഥാപിക്കാനുള്ള പരോക്ഷ സന്ദേശമെന്ന നിലയിലാണ് ഈ ആഘോഷം സംഘടിപിപ്പിച്ചിരിക്കുന്നത്. കോവിഡിന് ഒരു വയസ്സു കഴിഞ്ഞു. അശാസ്ത്രീയ-ബദല്‍-കപട ചികിത്സകര്‍ക്ക് സ്വന്തം “മികവ് ” തെളിയിക്കാന്‍ ആവശ്യമായതിലധികം സമയം ഇതിനകം ലഭിച്ചു. പക്ഷെ അവരുടെ ദൈന്യതയും അപഹാസ്യതയും കൂടുതല്‍ ആഴത്തില്‍ സ്ഥിരീകരിക്കുന്ന വര്‍ഷമാണ് കടന്നുപോയത്.

(3) കോവിഡിനുള്ള ചികിത്സ വാക്‌സിന്‍ തന്നെയാണ്. ഒന്നുകില്‍ രോഗം വരിക അല്ലെങ്കില്‍ വാക്‌സിന്‍ രൂപത്തില്‍ രോഗാണുഭാഗം കുത്തിവെക്കുക. പല വാക്‌സിനുകള്‍ വരാനിരിക്കുന്നു. മിക്കവയും ബൂസ്റ്റര്‍ ഡോസ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഏതെങ്കിലും വാക്‌സിന്‍ നിര്‍മ്മാണത്തിലോ ട്രയലിലോ ഉണ്ടാകുന്ന പിഴവുകളെ മറ്റും പര്‍വതീകരിച്ചും പെരുപ്പിച്ചും ഭീതിവ്യാപാരവും വാക്‌സിന്‍ വിരുദ്ധതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത വേണം. പെന്റാവാലന്റ് വാക്‌സിന്‍ കൊലയാളിയോ എന്ന രീതിയില്‍ പണ്ട് കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനം പ്രസിദ്ധീകരിക്കുന്ന വാരിക മുഖചിത്രം അടിച്ചതും തെറ്റു ബോധ്യപെട്ടപ്പോള്‍ പിന്നീട് എഡിറ്റോറിയലിലൂടെ കുമ്പസരിച്ചതും മലയാളികള്‍ മറക്കാനിടയില്ല.

(4) മിക്കപ്പോഴും സ്വന്തം അജ്ഞതയും തെറ്റിദ്ധാരണയും കൂട്ടിയിണക്കിയാണ് വാക്‌സിന്‍ വിരുദ്ധര്‍ ഭീതിവ്യാപാരം കൊഴുപ്പിക്കുക. അതൊരു നിഴല്‍ യുദ്ധമാണ്, പലപ്പോഴും നേരിട്ട് പ്രത്യക്ഷപെടില്ല. ഭീതി പരോക്ഷമായി അനായാസം വളര്‍ത്താവുന്ന ഒന്നാണ്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ട്രയല്‍ സ്വീകരിച്ച ഒരാള്‍ക്ക് അജ്ജാതമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ത്യയിലെ ശാസ്ത്രവിരുദ്ധ മാധ്യമങ്ങള്‍ കാര്യമായിതന്നെ അതാഘോഷിച്ചു. സ്വഭാവികമായ പുന:പരിശോധനയുടെ പേരില്‍ ഓക്‌സ്‌ഫോഡ് ടീം വാക്‌സിന്‍ നിര്‍മ്മാണപ്രക്രിയ ഏതാനും ദിവസം നിറുത്തിവെച്ചപ്പോള്‍ അതും വാക്‌സിന്‍ വിരുദ്ധത പടര്‍ത്താന്‍ ഉപയോഗിക്കപെട്ടു. ഓക്‌സ്‌ഫോഡ് വാക്‌സിന്‍ തുടര്‍ന്നങ്ങോട്ട് നിര്‍മ്മാണപ്രക്രിയ പുന:രാരംഭിക്കുകയും പോസിറ്റീവ് ഫലങ്ങള്‍ നേടിയെടുക്കുകയും ചെയ്തു എന്നാണ് വാര്‍ത്ത.

(5) ഈയിടെ കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള പിന്തിരിപ്പന്‍ നയം പ്രഖ്യാപിച്ചിരുന്നു. സമൂഹത്തെയാകെ നൂറ്റാണ്ടുകളോളം പിന്നോട്ടടിക്കുന്ന, ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ നിലവാരം ദുര്‍ബലപെടുത്തുന്ന, രാജ്യത്തിന് ഇന്ത്യന്‍ ചികിത്സയെ അനാകര്‍ഷമാക്കുന്ന, കലര്‍പ്പില്ലാത്ത ശാസ്ത്രവിരുദ്ധ-പിന്തിരിപ്പന്‍ നയമായിരുന്നു അത്. മതരാഷ്ട്രീയവും പാരമ്പര്യപ്രീണനവും മുന്നോട്ടുവെക്കുന്ന ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം റിഗ്രസീവ് മൂവുകളെ കുറിച്ച് ചിന്തിക്കാനാവൂ. തിരുവനന്തപുരത്തെ രാജീവ ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാം കാമ്പസിന് ശാസ്ത്രവിരുദ്ധതയും മതരാഷ്ട്രവാദവും എഴുന്നെള്ളിച്ച ഗോള്‍വാക്കറുടെ നാമകരണം നടത്തിയതാണ് ഈ നീക്കങ്ങളില്‍ പുതിയത്. ഇതൊരു കറുത്ത ഫലിതമാണ്. ആരൊക്കെയോടോ കണക്ക് തീര്‍ക്കുന്ന പോലെയുണ്ട്. ഇതാണ് പേരിടുന്നതിന്റെ മെത്തഡോളജിയെങ്കില്‍ വരാനിരിക്കുന്ന പല പേരുകളും ആസ്വാദ്യകരമായിരിക്കും. മദ്യമോചനം ലക്ഷ്യമിടുന്ന ഡീ അഡിക്ഷ്ന്‍ സെന്ററുകള്‍ക്ക് ജോണ്‍വാക്കര്‍, സീസര്‍ തുടങ്ങിയ പേരുകള്‍ പരിഗണിക്കാവുന്നതാണ്.

(6) ആധുനിക വൈദ്യശാസ്ത്രത്തിലെ ആന്റിവെനം ചികിത്സ മാത്രമാണ് പാമ്പുവിഷത്തിനെതിരെയുള്ള ഏക പ്രതിരോധം എന്നിരിക്കെ നാടന്‍ വിഷചികിത്സയുടെ പേരില്‍ കേരളത്തിലെ ഒരു വനിതയ്ക്ക് പത്മ അവാര്‍ഡ് കൊടുക്കുന്നിടത്തോളം നാം സ്വയം പിന്നോട്ടടിച്ചു. അവാര്‍ഡ് കൊടുത്തതല്ല മറിച്ച് അതിന് ചൂണ്ടിക്കാട്ടിയ കാരണമാണ് എതിര്‍ക്കപെടുന്നത്. പരണാമവിരുദ്ധത പരസ്യമായി വിളമ്പിയ കാബിനറ്റ് മന്ത്രിമാരുള്ള രാജ്യമാണിത്. ശാസ്ത്രീയ മനോവൃത്തിയെ മലിനപെടുത്തുന്ന ഭരണശക്തികള്‍ സയന്‍സ് കോണ്‍ഗ്രസുകള്‍ ദശാവതാരവും പരിണാമസിദ്ധാന്തവും തമ്മിലുള്ള താരതമ്യം സ്ഥാപിക്കാനായി ഉപയോഗിക്കുന്നതില്‍ അത്ഭുതമില്ല. മറുവശത്ത് ഗണപതിവിഗ്രഹം പാലുകുടിച്ചത് ശാസ്ത്രീയമായി തെളിയിക്കാന്‍ വെമ്പി തുലാഭാരത്തട്ടുകള്‍ പൊട്ടിച്ചിടുന്നവരും അരങ്ങു തകര്‍ക്കുന്നു എന്നതാണ് നിരാശാജനകം. ഡ്രൈവര്‍മാരെല്ലാം മദ്യപിച്ച് വണ്ടിയോടിക്കുമ്പോള്‍ യാത്രക്കാര്‍ക്കും പുറത്തുള്ളവര്‍ക്കും അപകടം സങ്കല്‍പ്പിക്കുന്നതിലും അടുത്തായിരിക്കും. ഗര്‍ഭിണിയായ ഭാര്യയെ തല കീഴായി തൂക്കിയിട്ട് യോഗാമാഹാത്മ്യം വര്‍ണ്ണിച്ച താരത്തിന് കിട്ടിയ സ്വീകാര്യതയും ലൈക്കുകളും ആശങ്കയുളവാക്കുന്നത് തന്നെ. ഇവിടെ താരപരിവേഷം അശാസ്ത്രീയതയും അനാരോഗ്യ പ്രവണതകളും സാധൂകരിക്കുന്നതിന് സഹായകരമായി തീരുന്നു.

(7) ഇനി, വാക്‌സിന്‍ കൊണ്ടുവരുന്നത് മോദിയാണ്, വാക്‌സിന് അനുകൂലമായി സംസാരിക്കുന്നത് മോദിക്കും കേന്ദ്രഭരണത്തിനും അനുകൂലമായ നിലപാടാണ്, സംഘപരിവാര്‍ പ്രതിരോധത്തിലാകുമ്പോള്‍ നാം അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്, വാക്‌സിന്റെ പ്രയോജനമോ മനുഷ്യര്‍ക്ക് അതുണ്ടാക്കുന്ന ഗുണമോ ഒന്നും പരിഗണിക്കണ്ട…എന്നൊക്കെ ചാപ്പേംചീത്തേംചാമ്പലുമായി ചളിതെറിപ്പിക്കുന്ന ചങ്ങലജീവികളും ദൂഷണവാദികളും ഉണ്ടാവും എന്നറിയാം. ഇനി, വാക്‌സിന്‍ വേ ഇതു റേ എന്നാണ് നിലപാടെങ്കില്‍ അങ്ങനെ. രണ്ടായാലും അത്തരം നിലപാടുകളോടുള്ള ആദരവ് പൂജ്യമാണ്. വാക്‌സിന്‍ ശരിയാകുന്നത് മോദിയോ ഒവൈസിയോ രാഹുലോ ശരിയാകുന്നതുകൊണ്ടല്ല, മറിച്ച് വാക്‌സിന്‍ സ്വന്തംനിലയില്‍ ശരിയായതു കൊണ്ടാണ്. വാക്‌സിനെതിരെയുള്ള ഭീതിവ്യാപാരം ചെറുക്കപെടേണ്ടതാണ്. കാരണം അത് അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യരാശിക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനമാകുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം