"മുസ്‌ലിങ്ങൾക്ക് എതിരെ അണ പൊട്ടുകയാണ് അയാളുടെ അധിക്ഷേപം"; കേരളത്തിലെ ക്രിസ്ത്യൻ വർഗീയവാദത്തിന് എതിരെ പ്രമോദ് പുഴങ്കര

മുസ്‌ലിം വിരോധത്തിന്റെ വിഷം തുപ്പുന്ന ക്രിസ്ത്യൻ മതവർഗീയത അതിന്റെ നാനാഭാവങ്ങളിൽ അപകടകരമാം വിധം കേരളത്തിന്റെ സാമൂഹ്യശരീരത്തിനുള്ളിൽ പാർപ്പുറപ്പിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ പ്രമോദ് പുഴങ്കര. മുസ്ലിങ്ങൾക്കെതിരായ വെറുപ്പിന്റെ ആശയങ്ങൾ സംഘപരിവാർ സാഹിത്യത്തിൽ നിന്നും ധാരാളം കിട്ടും എന്നാൽ കേരളത്തിലെ ക്രിസ്ത്യൻ വർഗീയവാദികൾ അതേ മാതൃകയിൽ മുസ്ലിങ്ങൾക്കെതിരെ ഹിംസാത്മക ഭീഷണിയുമായി കളം നിറയുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുകയാണ് പ്രമോദ് പുഴങ്കര തന്റെ ഫെയ്യ്സ്ബുക്ക് പോസ്റ്റിലൂടെ.

പോസ്റ്റിന്റെ പൂർണരൂപം:

മതവർഗീയത എത്രത്തോളം സൂക്ഷ്മവും ആഴത്തിലുമാണ് പ്രവർത്തിക്കുന്നതെന്നും അത് കേവലമായ സംഘടനാരൂപത്തിനപ്പുറമുഉള്ളതാണെന്നും ഹിന്ദുത്വ ഫാഷിസത്തിന്റെ ചരിത്രവഴികൾ നമുക്ക് മനസിലാക്കിത്തരുന്നുണ്ട്. കേരളത്തിലിപ്പോൾ മുസ്‌ലിം വിരോധത്തിന്റെ വിഷം തുപ്പുന്ന കൃസ്ത്യൻ മതവർഗീയതയുടെ അമ്പുപെരുന്നാൾ അതിന്റെ നാനാഭാവങ്ങളിൽ എത്ര അപകടകരമായാണ് കേരളത്തിന്റെ സാമൂഹ്യശരീരത്തിനുള്ളിൽ പാർപ്പുറപ്പിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ്. ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപത്തിൽ പങ്കെടുത്തവരിൽ ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ഒക്കെയടങ്ങുന്ന വിദ്യാസമ്പന്നരുടെ എണ്ണം ഏറെയുണ്ടായിരുന്നു. “നിങ്ങൾ -ഞങ്ങൾ” എന്ന ദ്വന്ദം ഉണ്ടാക്കിക്കഴിഞ്ഞാൽപ്പിന്നെ അതിൽ മറ്റൊരു മൂല്യബോധത്തിനും ഇടമില്ലാതാകുന്നു. എല്ലാ മതവർഗീയവാദികളും ഈ ദ്വന്തമുണ്ടാക്കി ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് നടന്നാൽ ബാക്കിയെല്ലാ അസംബന്ധങ്ങളും അതിനുള്ളിലേക്ക് എളുപ്പത്തിൽ കടത്തിവിടാനാകും.

ഇത്തരത്തിൽ കേരളത്തിലെ കൃസ്ത്യൻ വർഗീയത ആർജ്ജിച്ച അപകടകരമായ മാനത്തിനെയാണ് ഇടതുപക്ഷത്തെ “വലതുപക്ഷ നിരീക്ഷകൻ” എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന കിരൺ തോമസ് എന്ന കക്ഷി പ്രദർശിപ്പിക്കുന്നത്. ഞാനിയാളെ ഉദാഹരിക്കുന്നത് അതിന്റെ പ്രാതിനിധ്യ സ്വഭാവം കൊണ്ടാണ്. സ്വതവേ ഇടതുപക്ഷത്തോട് ഒപ്പം നിൽക്കുന്നയാൾ, കൃസ്ത്യാനി, സാമാന്യമായ വിദ്യാഭ്യാസ യോഗ്യതകൾ, മധ്യവർഗ്ഗത്തിൽപ്പെടുത്താവുന്ന തൊഴിൽ, പൊതുസംവാദങ്ങളിൽ പുരോഗമനപക്ഷത്തു നിൽക്കുന്ന നിരവധിപേരുമായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ സജീവ അടുപ്പം. ഇത്രയുമൊക്കെയുള്ള ഇയാൾ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന വർഗീയാധിക്ഷേപം എത്ര ഹീനമാണ് എന്നത് അയാളുടെ മറ്റു നിരീക്ഷണ തരികിടകളോടോന്നും ഒരു ആഭിമുഖ്യവുമില്ലാതിരുന്നിട്ടുകൂടി എന്നെ അമ്പരപ്പിച്ചുകളഞ്ഞു. അത് മേല്പറഞ്ഞതരത്തിൽ ഒരു സാമൂഹ്യപശ്ചാത്തലമുള്ള ഒരു മലയാളിക്ക് ഇത്രയേറെ മതവിദ്വേഷത്തിന്റെ വിഷം തുപ്പമോ എന്നതാണ്. ചില ഉദാഹരണങ്ങൾ നോക്കൂ:

“സ്വന്തം കയ്യിലിരിപ്പിന് മറ്റു സമുദായങ്ങളെ ചൊറിഞ്ഞിട്ട് കാര്യമില്ല.”

“അത് ഞങ്ങൾ അനർഹമായി നേടിയതല്ല. നിങ്ങളുടെ സമുദായത്തിന്റെ പിന്തിരിപ്പൻ സ്വഭാവംകൊണ്ട് സംഭവിച്ചതാണ്. അതിന് ഞങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് എന്ത് കാര്യം. ആദ്യം ബാലികാ വിവാഹം ഒക്കെ നിർത്തി പെൺകുട്ടികളെ പഠിക്കാൻ വിടൂ. അപ്പോൾ സ്വാഭാവികമായും ഈ പ്രശ്നങ്ങൾ കുറയും.”

“നിങ്ങളുടെ പ്രശ്നമാണ് അത്. അവസരം ഉപയോഗിക്കാത്തത്. അന്നും ലീഗുണ്ട്, അധികാര പങ്കാളിത്തവും ഉണ്ട്. അതുകൊണ്ട് മറ്റ് സമുദായം അനർഹമായി കൈയ്യടക്കി എന്ന് പറഞ്ഞു പോസ്റ്റർ അടിച്ച് നടന്നാൽ അതേ ഭാഷയിൽ പ്രതികരിക്കാൻ ക്രൈസ്തവരും നിർബന്ധിതമാകും. 1998-ൽ പോലും 15 വയസുള്ള മുസ്‌ലിം പെൺകുട്ടിയുടെ കല്യാണം കൂടിയ ആളാണ് ഞാൻ. ഇതൊക്കെ വെച്ച് കൌണ്ടർ ചൊറികൾ ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ അതിന്റെ കുഴപ്പങ്ങൾ എന്താകുമെന്ന് എനിക്കറിയാം. എന്നാൽ പുറകെ നടന്ന് മുസ്ലീങ്ങൾ ചൊറിയാനാണ് തീരുമാനിച്ചതെങ്കിൽ ഇതൊക്കെ പറയാൻ നിർബന്ധിതമാകും.”

“…എയ്ഡഡ് സ്ഥാപനം തുടങ്ങാൻ പോലും സ്ഥലം 1970-കളിൽ വിട്ടുകൊടുക്കാൻ പറ്റാത്ത മുസ്ലീങ്ങൾ എന്തൊരു മനോഭാവം ആയിരിക്കും?…സ്വന്തം സമുദായത്തിൽ ഉള്ളവർക്ക് വിദ്യാഭ്യാസം ആവശ്യമില്ല എന്ന് കരുതിയാൽ അതുണ്ടാകില്ല. ബാലികാവിവാഹം നടന്നിരുന്ന സമുദായത്തിൽ അതിന് അത്രയേ വില കാണൂ. ഐഡിയോളജി പ്രശ്നം കൊണ്ട് വിദ്യാഭ്യാസത്തോട് മുഖം തിരിച്ചിട്ട് അവസാനം മറ്റു സമുദായങ്ങളെ ചൊറിയുന്നതിൽ എന്ത് ഫലം.”

“സ്ഥാപനം തുടങ്ങാൻ മെനക്കേട് ഉണ്ട്. അത് ചെയ്യാതെ നടന്നിട്ട് മറ്റു സമുദായങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് എന്ത് കാര്യം. പെണ്ണുങ്ങളെ പത്തു കഴിയുമ്പോൾതന്നെ കല്യാണം കഴിപ്പിച്ചു വിടും . എന്നിട്ട് മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ആണെന്ന് പറയും. സമുദായത്തിന് ഒരു കുഴപ്പവും ഇല്ല. പഴി മുഴുവൻ മറ്റു സമുദായങ്ങൾക്ക്. അവർ എയ്ഡഡ് സ്ഥാപനം തുടങ്ങി ഇവരുടെ അവകാശം കവർന്നത്രെ.”

കിരൺ തോമസ് എന്ന പേര് പറയാതെയാണ് ഞാനോ നിങ്ങളോ ഇത് കണ്ടതെങ്കിൽ ഒരു കടുത്ത സംഘപരിവാർ ഹിന്ദുത്വവാദിയുടെ വാചകങ്ങളാണെന്നു തീർച്ചയായും ധരിക്കുമായിരുന്നു. മുസ്ലീങ്ങൾക്കെതിരെ സംഘപരിവാർ ഉയർത്തുന്ന എല്ലാ അയുക്തി നിറഞ്ഞ ആക്ഷേപങ്ങളും അതിന്റെ ഏറ്റവും ഹീനമായ രൂപത്തിൽ ഇയാളും പറയുന്നു. സ്വയം “ഞങ്ങൾ” എന്ന കൃസ്ത്യാനി സമൂഹമായി “നിങ്ങൾ” എന്ന മുസ്‌ലിങ്ങൾക്കെതിരെ അണപൊട്ടുകയാണ് അയാളുടെ അധിക്ഷേപം. മുസ്ലീങ്ങൾ സ്വയം നന്നായി, “മറ്റു മനുഷ്യരെപ്പോലെ പരിഷ്‌കൃതരായാൽ” തീരാവുന്ന പ്രശ്നമാണിതെന്നാണ് നിർദ്ദേശം. മുസ്‌ലിം പെൺകുട്ടികളെ പത്തു കഴിയുമ്പോൾ കല്യാണം കഴിച്ചുവിടുന്നതാണ് പ്രശ്നമെന്ന ഇയാളുടെ കണ്ടെത്തൽ വിചിത്രമാണ്. എത്രത്തോളമുണ്ട് കേരളത്തിൽ ഇപ്പോൾ ഈ പ്രതിഭാസമെന്നും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ കാരണവുമായി ഇതിനെത്ര ബന്ധമുണ്ട് എന്നും ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. അങ്ങനെയെങ്കിൽ മുസ്‌ലിം ആണുങ്ങളൊക്കെ എക്കാലത്തും പഠിച്ചു ഉന്നതിയിൽ എത്തേണ്ടതായിരുന്നല്ലോ.

അതിനും മൂപ്പർക്ക് ഉത്തരമുണ്ട്. അത് കൃസ്ത്യൻ/പാശ്ചാത്യ ആഖ്യാനത്തിന്റെ പകർപ്പാണ്. അതായത് ഒരു ഐഡിയോളജി എന്ന നിലയിൽ (അതൊക്കെ എങ്ങനെയാണ് ideology എന്ന് ചോദിച്ചാൽ ടിയാനോട് തന്നെ ചോദിക്കണം) ഇസ്‌ലാം വിദ്യാഭ്യാസത്തിനും ജ്ഞാനസമ്പാദനത്തിനും എതിരാണ്. ഇത് എത്രയോ കാലമായി കൃസ്ത്യൻ ആഖ്യാനമാണ്. അറബ് നാടുകളിലെ എത്രയോ വിപുലമായ ജ്ഞാന മേഖലയിലെ വ്യവഹാരങ്ങളുടെ ചരിത്രത്തെ പൂർണ്ണമായും തമസ്കരിച്ചാണ് ഈ കൃസ്ത്യൻ/പാശ്ചാത്യ ആഖ്യാനം തങ്ങളുടെ കൊളോണിയൽ അധികാരത്തിന്റെ ബലത്തിൽ അവർ ലോകമെമ്പാടും പ്രചരിപ്പിച്ചത്.

അതായത് മുസ്‌ലിം ഒരു മനുഷ്യൻ എന്ന നിലയിൽ “പ്രാകൃതനാണെന്നും” അയാൾക്ക് “പരിഷ്‌ക്കാരത്തിലേക്കും” നാഗരികതയിലേക്കുമുള്ള” പാത ബാലികവിവാഹമൊക്കെ നിർത്തി കൃസ്ത്യാനികളെപ്പോലെ വിദ്യാഭ്യാസം തേടലാണെന്നുമാണ് പറഞ്ഞുവെക്കുന്നത്. മുസ്ലീങ്ങളെ ആക്രമിക്കാതിരിക്കുന്നത് വേണ്ട എന്ന് വെച്ചാണെന്നും ചൊറിയാൻ വന്നാൽ ഞങ്ങളത് ചെയ്യുമെന്നും കിരൺ തോമസ് എന്ന “ഞങ്ങൾ/ കൃസ്ത്യാനികൾ” ഭീഷണി മുഴക്കുന്നുണ്ട്.

തീർച്ചയായും ഇതിനു സമാനമായ പ്രസ്താവനകൾ തപ്പി അധികം അകലേക്കൊന്നും പോകേണ്ട. സംഘപരിവാറിന്റെ വെറുപ്പിന്റെ പണിശാലകളിൽ നിന്നും പുറത്തുവന്ന മാരകവിഷം വളരെ അടുത്തുണ്ട്.

“നാം മദ്രസകളെക്കുറിച്ചു സംസാരിക്കുന്നു. ഗുജറാത്തിൽ മദ്രസകൾ തഴച്ചുവളരുകയാണ്. ഒരു കുട്ടിക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അർഹതയുണ്ട്. പക്ഷെ മദ്രസയിൽ പോകുന്ന ഒരു കുട്ടിക്ക് അത് നിഷേധിക്കപ്പെടുന്നു. അത്തരമൊരു കുട്ടി വളർന്നുവരുമ്പോൾ എന്ത് ചെയ്യും” (നരേന്ദ്ര മോദി) എന്താകും ആ കുട്ടി എന്നതിനും മോദി പിന്നെ നാടുനീളെ ഉത്തരം പറഞ്ഞു, ഭീകരവാദിയാകും എന്ന്. അതായത് മുസ്ലീങ്ങൾക്ക് ഔപചാരിക വിദ്യാഭ്യാസത്തോട് പ്രതിപത്തിയില്ല എന്ന കിരൺ തോമസിന്റെ സിദ്ധാന്തത്തിന്റെ ചാർച്ചക്കാരനെ കണ്ടില്ലേ? ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്ലീങ്ങളുടെ അഭയാർത്ഥി ക്യാംപുകൾ കുട്ടികളെ ഉണ്ടാക്കാനുള്ള പണിശാലകളാണെന്ന് ആക്ഷേപിച്ചതും ഈ “uncivilized muslim ” എന്ന narrative ഉണ്ടാക്കിയാണ്.

ആർ എസ് എസിന്റെ ന്യൂനപക്ഷ ഏകോപന സമിതി തലവനായിരുന്ന ദുർഗാ നാഥ് ജാ ഉന്നയിച്ചതും കിരൺ തോമസ് ഉയർത്തിയ അതെ കാര്യമാണ്, An Enquiry Into India’s Minority Policy’ എന്ന റിപ്പോർട്ടിൽ അയാൾ പറയുന്നത് മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ വാസ്തവമായിരിക്കും, പക്ഷെ അതിനുള്ള കാരണം എന്താണെന്നാണ്. അതിനുള്ള കാരണം അവർ തന്നെയാണെന്ന് വലതുപക്ഷ നിരീക്ഷകനെപ്പോലെ ആർ എസ് എസും കണ്ടെത്തുന്നു.

സംഘപരിവാർ സാഹിത്യത്തിൽ നിന്നും ഇത്തരം വെറുപ്പിന്റെ ആശയങ്ങൾ ധാരാളം കിട്ടും. എങ്ങനെയാണ് കേരളത്തിലെ കൃസ്ത്യൻ വർഗീയവാദികൾ അതേ മാതൃകയിൽ “ഞങ്ങൾ നിങ്ങൾ ” ദ്വന്തവും ചൊറിയാൻ വന്നാൽ തിരിച്ചടിക്കും തുടങ്ങിയ ഹിംസാത്മക ഭീഷണിയുമായി കളം നിറയുന്നതെന്നത് എത്ര ആഴത്തിലാണ് ഇതിന്റെ വ്യാപനം എന്ന് കാണിക്കുന്നു. ഒപ്പം ഇപ്പറഞ്ഞ കിരൺ തോമസിനെയൊക്കെപ്പോലുള്ള സാമാന്യമായി വിദ്യാസമ്പന്നനായ ആധുനിക കൃസ്ത്യാനി എന്ന ഗണത്തിൽപ്പെടുന്നവർപ്പോലും എത്ര ജീർണ്ണവും വിഷം നിറഞ്ഞതുമായ മതവർഗീയതയുടെ വാഹകരാണ് എന്നത് കേരളീയ സമൂഹം എത്തിപ്പെട്ട ഭീതിദമായ അവസ്ഥ കൂടി കാണിക്കുന്നു.

സാന്ദീപനി വിദ്യാലയങ്ങളിൽ നിന്നും സരസ്വതീ വിദ്യാലയങ്ങളിൽ നിന്നും നിങ്ങൾക്ക് കുട്ടികളെ മാറ്റി നിർത്താം. എന്നാൽ കൃസ്ത്യൻ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്ങനെയല്ല, അവയെ ഒഴിച്ച് നിർത്തി നമുക്ക് വിദ്യാഭ്യാസരംഗത്ത് ഇപ്പോൾ മുന്നോട്ട് പോകാനാകില്ല. അവയൊക്കെ, ഏതാണ്ടെല്ലാം തന്നെ കേരളത്തിലെ ഭരണാധികാരികൾ പല കാലത്തായി നൽകിയ സ്ഥലവും സൗജന്യങ്ങളും ഉപയോഗിച്ചാണ് ഉണ്ടാക്കിയതെങ്കിലും അതിന്റെ ഉടമസ്ഥതയുടെ പൂർണാവകാശമുള്ള സഭകൾ ഇത്തരത്തിലൊരു വർഗീയ സംഘമായി മാറുമ്പോൾ അത് നമ്മുടെ ഭാവിയെക്കുറിച്ച് ചെറുതല്ലാത്ത ആശങ്കയും ഉണ്ടാക്കണം.

ഒപ്പം, ഇത്തരം നിരീക്ഷകരുടെ ഒക്കച്ചങ്ങാതികൾക്കും ഒരു പുനരാലോചനയ്ക്കുള്ള സമയമാണ്. എങ്ങനെയാണ് ഇത്രയും വിഷം തുപ്പുന്ന വർഗീയവാദികൾക്കൊപ്പം നിൽക്കാൻ കഴിയുക എന്നതിൽ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ