കോൺഗ്രസ് നേതാവും തൃശൂർ എം.പിയുമായ ടി എൻ പ്രതാപന്റെ മകൾ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞ ദിവസം അറിയിച്ചരുന്നു. അമൃതാനന്ദമയി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ, എം. എ. യൂസഫ് അലി തുടങ്ങിയവർ തന്റെ മകളുടെ പഠനത്തിനായി സഹായിച്ചിരുന്നു എന്നും ടി എൻ പ്രതാപൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ടി എൻ പ്രതാപൻ തന്റെ മകളുടെ പഠനത്തിനായി സഹായം സ്വീകരിച്ചതിലെ നിയമവിരുദ്ധതയും അധാർമ്മികതയും ചൂണ്ടി കാണിച്ചരിക്കുകയാണ് അഭിഭാഷകനായ പ്രമോദ് പുഴങ്കര. ഇങ്ങനെ മുതലാളിമാരും ആൾദൈവങ്ങളും പോറ്റിവളർത്തുന്ന ആദ്യത്തെയോ അവസാനത്തെയോ പൊതുപ്രവർത്തകനോ ജനപ്രതിനിധിയോ അല്ല പ്രതാപൻ എന്നും പ്രമോദ് പുഴങ്കര തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
കോൺഗ്രസുകാരനായ തൃശൂർ എം പി ടി എൻ പ്രതാപന്റെ മകൾ എം ബി ബി എസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിവരം അദ്ദേഹം FB വഴി ലോകത്തെ അറിയിച്ചത് കണ്ടു. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന തന്റെ ഭൂതകാലത്തെ സഹജമായ കോൺഗ്രസ് ഭാഷയിൽ വിശദമാക്കിയതിനു ശേഷം അദ്ദേഹം മകളുടെ പഠനവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ എല്ലാ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട പ്രവർത്തകർക്കും ഈ സംസ്ഥാനത്തെ “”വെറും പൗരന്മാർക്കും” കൗതുകമുണ്ടാക്കേണ്ടതാണ്.
അദ്ദേഹത്തിന്റെ മകൾക്ക് മാതാ അമൃതാനന്ദമയി “ഡൊണേഷൻ” ഒന്നും വാങ്ങാതെ തന്റെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകുന്നു. അതായത് പ്രവേശനത്തിന് “ഡൊണേഷൻ” വാങ്ങുന്നത് നിയമപരമായി കുറ്റകരമായ ഒരു നാട്ടിലാണ് തനിക്കത് നൽകേണ്ടി വന്നില്ല എന്നത് “അമ്മയുടെ” കാരുണ്യമായി ഒരു പാർലമെന്റ് അംഗം അഥവാ നിയമനിർമ്മാണ സംഭയിലെ അംഗം പറയുന്നത്. അതായത് അമൃതാനന്ദമയിയുടെ മെഡിക്കൽ കോളേജിലെ പ്രവേശനം നിയമവിരുദ്ധമായാണ് നടക്കുന്നതെന്ന് പ്രതാപനറിയാം. രാഷ്ട്രീയക്കാരുടെ മക്കൾക്കായി ചില ഇളവുകളൊക്കെ ചെയ്യാനുള്ള കാരുണ്യമില്ലെങ്കിൽ ഈ കച്ചവടം അത്ര എളുപ്പമല്ല എന്നറിയാൻ മുതലാളിയായ അമൃതാനന്ദമയിക്ക് ദിവ്യദൃഷ്ടിയൊന്നും വേണ്ട.
അങ്ങനെ സീറ്റൊപ്പിച്ചു പ്രതാപൻ. പക്ഷെ വാർഷിക ഫീസ് എങ്ങനെ കൊടുക്കും. അതും മാനേജ്‌മെന്റ് വിഭാഗത്തിൽ കിട്ടിയ പ്രവേശനമാണ്, ഫീസ് കൂടും, ലക്ഷങ്ങളാണ്. 2015-16-ൽ മാനേജ്‌മെന്റ് സീറ്റിൽ അമൃതയിലെ MBBS വാർഷിക ഫീസ് ഏതാണ്ട് പത്തു ലക്ഷം രൂപയാണ്. ഹോസ്റ്റൽ ഫീസ് വേറെ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ (പ്രവേശന സമയത്ത് ആഭ്യന്തര മന്ത്രിയായിരിക്കാനാണ് സാധ്യത) രമേശ് ചെന്നിത്തല പ്രതാപന്റെ മകളുടെ കാര്യം തന്റെ മോളെപ്പോലെ കരുതി നോക്കണമെന്ന് സ്വാമിജിയോടൊക്കെ ശുപാർശ ചെയ്തു. ഇടയ്ക്കൊക്കെ ഭക്തരൊക്കെ അപ്രത്യക്ഷരാവുകയും അത്യാവശ്യം കച്ചവടം നടത്തുകയും ചെയ്യുന്ന ആശ്രമതപോഭൂവിൽ ഒരു ക്ഷത്രിയരക്ഷ എപ്പോഴും നല്ലതാണ് എന്ന് സ്വാമിജിക്കുമറിയാം എന്ന് കൂട്ടിക്കോളൂ.
എന്നിട്ടും പ്രതാപനെന്ന പിതാവിന്റെ ഉള്ളിലെ തീയണഞ്ഞില്ല. അപ്പോഴതാ സഹപ്രവർത്തകനായ വി ഡി സതീശൻ കൊടുങ്കാറ്റു പോലെ രംഗത്തെത്തി. എന്റെ മോളെപ്പോലെയാണവൾ, ഇതാ എന്റെ ബാങ്ക് ചെക്ക്, ഫീസ് കൊടുക്കാൻ. ആഹാ, നല്ല കാര്യം. സുഹൃത്തുക്കളൊക്കെ അങ്ങനെത്തന്നെ വേണം. പക്ഷെ സ്വന്തം വീട്ടിലെ കാര്യമൊക്കെ നോക്കിക്കഴിഞ്, ഇത്രയധികം ദശലക്ഷക്കണക്കിനു രൂപ ഫീസ് കൊടുത്ത് മറ്റൊരു കുട്ടിയെ എം ബി ബിഎസ് പഠിപ്പിക്കാനുള്ള വകയൊക്കെ മുഴുവൻ സമയ പൊതുപ്രവർത്തകനായ സതീശനുണ്ടോ! ഹൃദയം പോലെ പണപ്പെട്ടിയും വിശാലമാണ് നമ്മുടെ ജനപ്രതിനിധികളുടെയൊക്കെ.
പക്ഷെ ഒന്നും വേണ്ടിവന്നില്ല. നിങ്ങളാരുടെയും പണം വേണ്ട നാട്ടികയുടെ പ്രജകളെ സഹായിക്കാൻ ഈ നാടിന്റെ രാജാവ് ഞാനുണ്ട് എന്ന് പരമകാരുണികനായ യൂസഫലി മുതലാളി പ്രഖ്യാപിക്കുന്നു. പിന്നെയങ്ങോട്ട് കോളേജിൽ നിന്നുള്ള പണം സംബന്ധിച്ച സന്ദേശങ്ങൾ നേരിട്ട് മുതലാളിയുടെ പക്കലേക്ക് അയച്ചുകൊടുക്കുക എന്ന ചുമതല മാത്രമേ പൊതുപ്രവർത്തനത്തിനിടെ സ്വന്തം കുടുംബം നോക്കാൻ മറന്ന ഗാന്ധിയനായ ആ പിതാവ് ചെയ്തിട്ടുള്ളു. മുതലാളി sponsor ചെയ്ത ഗാന്ധിയൻ എന്ന് വേണമെങ്കിൽ പറയാം.
ഇങ്ങനെയൊക്കെയാണ് കേരളത്തിലെ നിസ്വാർത്ഥരായ പല പൊതുപ്രവർത്തകരും ജനപ്രതിനിധികളും ജീവിച്ചു പോകുന്നത്. അവരുടെ മക്കൾ അത്താഴപ്പട്ടിണി കിടക്കാതെ എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞുകൂടുന്നത്. ഈ കരളലിയിക്കുന്ന കദനകഥ വല്ലതും “വെറും പ്രജകളായ” നിങ്ങളൊക്കെ അറിയുന്നുണ്ടോ? നിങ്ങൾക്കൊക്കെ കണ്ണിൽ ചോരയുണ്ടോ, ഹൃദയമുണ്ടോ? പക്ഷെ അമൃതാന്ദമയിക്കുണ്ട്, മുതലാളിക്കുമുണ്ട്.
ഇങ്ങനെ മുതലാളിമാരും ആൾദൈവങ്ങളും പോറ്റിവളർത്തുന്ന ആദ്യത്തെയോ അവസാനത്തെയോ പൊതുപ്രവർത്തകനോ ജനപ്രതിനിധിയോ അല്ല പ്രതാപൻ. മുന്നണി ഭേദമില്ലാതെ നിരവധിപേർ ഇവരുടെ സഹായങ്ങൾ പറ്റുന്നവരും പറ്റിയവരുമാണ്. അവരൊരു സവിശേഷ പുത്തൻ വിഭാഗമാണ്. അവർക്കിടയിലെ പരസ്പര ധാരണ പോലും “ഇതൊന്നും വലിയ issue ആക്കണ്ടെന്നേ” എന്നാണ്. ഏതു വാതിലും തുറപ്പിക്കാൻ കഴിയുന്ന, സാധാരണ പൗരൻ മണിക്കൂറുകൾ വരി നിൽക്കുന്നിടത്ത് ഒരു കാറ്റ് പോലെ കയറിപ്പോകാൻ കഴിയുന്ന, സർക്കാർ ചെലവിൽ ബന്ധുമിത്രാദികൾക്ക് സവിശേഷ സേവനങ്ങൾ ലഭ്യമാക്കുന്ന, മുൻ നിരയിൽ അവർക്കായി ഒഴിച്ചിട്ട ഇരിപ്പിടങ്ങളുള്ള, സാധാരണക്കാരനെ പുറത്തുതട്ടി ചേർത്തുപിടിച്ച് തമ്പുരാൻ കളിക്കുന്ന, വിവാഹത്തിന് അനുഗ്രഹിക്കാനും മരണവീട്ടിൽ ചാവ് പൊലിക്കുമെത്തുന്ന ജനകീയരാണവർ.
ജനകീയരെ അങ്ങനെ നിലനിർത്തിക്കൊണ്ടുപോകാനുള്ള ചെലവ് വഹിക്കുന്ന മുതലാളിമാരുടേതാണ് അവസാന ചിരി. വിദേശ യാത്രകളിലെ ആതിഥേയരാണവർ, പുതിയ ഇലക്ട്രോണിക് ഉത്പന്നങ്ങൾ സമ്മാനമായി കൊടുക്കുന്നവരാണവർ, സഞ്ചരിക്കാൻ കാറുകൾ വിട്ടുകൊടുക്കുന്നവർ, തെരഞ്ഞെടുപ്പിനും രാഷ്ട്രീയ പരിപാടികൾക്കും ഇഷ്ടം പോലെ സംഭാവന, പലപ്പോഴും ഇത് നിനക്ക് എന്റെ വകയെന്ന പാർട്ടിക്ക് പുറത്തുള്ള കൈകൂട്ടി പിടിക്കുന്ന ഔദാര്യങ്ങൾ, അങ്ങനെയങ്ങനെ.
മുതലാളിയുടേയും അമൃതാനന്ദമയി മാതൃകയിലേ മറ്റു കച്ചവടക്കാരുടെയും പണം വാങ്ങി ജീവിക്കുന്ന ടി എൻ പ്രതാപനെപ്പോലുള്ള ജനപ്രതിനിധികൾ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുക എന്നതിന് ഇനിയെങ്കിലും സംശയം വേണ്ട. കിറ്റക്സ് മുതലാളിയുടെ ശമ്പളക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും പ്രതാപനിലേക്കും സമാനരിലേക്കുമുള്ള ദൂരം കാപട്യത്തിന്റെ ഖദർ വടിവും മുതലാളിയുടെ പേരും മാത്രമാണ്.
എന്തായാലും അമൃതാനന്ദമയിക്കും യൂസഫലിക്കും ഇടയിൽ ഒരാർത്തനാദം പോലെ മലയാളിയുടെ രാഷ്ട്രീയജീവിതം.