വാളയാറമ്മയും ലതികാ സുഭാഷും ഒരുപോലെ ശരിയാണ്, ലോകത്തിൽ ഒരു ശരിയല്ല ഉള്ളത്: ഗീത

ലതികാ സുഭാഷ് മൊട്ടയടിച്ചതു സീറ്റു കിട്ടാത്തത് കൊണ്ടാണെന്നും വാളയാറമ്മ മക്കളുടെ നീതിക്കു വേണ്ടിയാണെന്നും അതിനാൽ രാഷ്ട്രീയമായി ശരിയായ മൊട്ടയടി വാളയാറമ്മയുടേതാണ് എന്നുള്ള വാദത്തെ വിമർശിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി ഗീത. മുടി മൊട്ടയടിച്ച് കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന വാളയാറമ്മയെ കണ്ടില്ലെന്ന് നടിക്കുകയും മുടി മൊട്ടയടിച്ചു പ്രതിഷേധിക്കുന്ന എതിർകക്ഷിയിലുണ്ടായിരുന്ന ലതികാ സുഭാഷിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിർകക്ഷി മുടിഞ്ഞ് ചുളുവിൽ ഒരു സീറ്റ് തങ്ങൾക്കുറപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും ഗീത തന്റെ ഫെയ്സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഗീതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

പൊളിറ്റിക്കൽ കറക്ട്നെസ് വാദവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന ബുദ്ധിജീവി പുരുഷന്മാരോടാണ് ആദ്യം .

ലതികാ സുഭാഷ് മൊട്ടയടിച്ചതു സീറ്റു കിട്ടാത്തത് കൊണ്ടാണെന്നും വാളയാറമ്മ മക്കളുടെ നീതിക്കു വേണ്ടിയാണെന്നും അതിനാൽ വാളയാറമ്മയുടേതാണ് പൊളിറ്റിക്കലി കറക്ട് ആയ മൊട്ടയടി എന്നുമാണവർക്കു ഉദ്ബോധിപ്പിക്കാനുള്ളത്.
പാട്ടബാക്കിയിലെ തൊഴിലാളി വർഗ പ്രാതിനിദ്ധ്യമുള്ള നായക കഥാപാത്രം സ്വന്തം സഹോദരിയോട്, ജീവിക്കേണ്ടത്  എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാം എന്നാണു പറയുന്നത്. അതുപോലെയാണ് ഇക്കാലത്ത് പുരുബുജീകൾ (പുരുഷാധികാരബുദ്ധിജീവികൾ എന്നതിന് ഞാൻ നല്‍കുന്ന ചുരുക്കപ്പേര് ) വാവിട്ടു വിളിച്ചലറുന്നത് സ്ത്രീകൾക്കു ഫെമിനിസത്തെപ്പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാ, യഥാർത്ഥ ഫെമിനിസം തങ്ങൾ സ്ത്രീകളെ പഠിപ്പിച്ച് വഴിക്കു കൊണ്ടുവരാമെന്ന്. അവരുടെ ക്ലാസിലിരുന്ന് പഠിച്ച് അവർ നടത്തുന്ന പരീക്ഷയിൽ പാസാകുന്നവരെയാണ് ഫെമിനിസ്റ്റുകൾ എന്നു വിളിക്കേണ്ടതെന്ന് അവർക്കു നിഷ്കർഷയുണ്ട്.

ഇക്കൂട്ടത്തിൽപ്പെട്ട ചിലരാണ് ലതികയുടെ മൊട്ടയടിക്ക് മാർക്കു കുറച്ച് പരീക്ഷയിൽ തോല്‍പിച്ചു കളയുന്നത്. ഇതിനൊരു മറുപുറമുണ്ട് രാഷ്ട്രീയ പ്രചരണ പത്രങ്ങൾ മുഖേനയാണതു പുരു ബുജീസ് നടത്തിക്കൊണ്ടിരിക്കുക. അവർ മുടി മൊട്ടയടിച്ച് കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന വാളയാറമ്മയെ കണ്ടിട്ടേയില്ല. എതിർ പാർട്ടി ഓഫീസിനു മുമ്പിൽ മുടി മൊട്ടയടിച്ചു പ്രതിഷേധിക്കുന്ന എതിർകക്ഷിയിലുണ്ടായിരുന്ന ലതികാ സുഭാഷിനെയവർ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് – “മുടിഞ്ഞു – ” എന്ന്. എതിർകക്ഷി മുടിഞ്ഞു എന്ന ഭൂതകാലക്രിയയിലുള്ള പ്രവചനം ! വാളയാറമ്മയുടെ മൊട്ടയടിക്കലിനെ തമസ്കരിക്കാനുള്ള അത്യാഗ്രഹം അവരുടെ പ്രസ്തുത റിപ്പോർട്ടിംഗിൽ കാണാം. ചുളുവിൽ ഒരു സീറ്റ് തങ്ങൾക്കുറപ്പിച്ചെടുക്കുന്ന ചാണക്യസൂത്രജ്ഞന്മാർ.

വിരുതന്മാരാണ് രണ്ടു കാറ്റഗറിയിലും പെട്ട ഈ പുരു ബുജീസ്. സ്ത്രീകളെ ഒന്നും മറ്റൊന്നും ആക്കും. വൈരുദ്ധ്യാത്മക ഭൗതികവാദ ന്യായമനുസരിച്ച് സ്ത്രീകളെ ഒരൊറ്റ ഏകകവും ആക്കിക്കളയും അതേ സമയം തന്നെ അവർ. എന്നിട്ട് അവയുടെ താരതമ്യം നടത്തി ഏതധികം മെച്ചപ്പെട്ടതെന്ന പ്രഖ്യാപനത്തിലൂടെ തങ്ങളാഗ്രഹിക്കാത്ത മറ്റതിനെ മാത്രമല്ല രണ്ടും ഒന്നായിരിക്കുന്ന സ്ത്രീ സാഹോദര്യത്തെയും റദ്ദ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണവർ. കലയുടെയോ നീലകണ്ഠൻ്റെയോ ബിജിഎം എന്ന പുതുകാല ചോദ്യം പോലെ രാമനോ രാവണനോ ശരിയെന്ന പുരുഷാധിപത്യ ചോദ്യത്തിൻ്റെ യുക്തി തന്നെയാണ് ഈ താരതമ്യത്തിലൂടെ പുരു ബുജീസ് അറിഞ്ഞും അറിയാതെയും നടത്തുന്നത്. സീതയോട് ഒരു പോലെ അത്യാചാരം ചെയ്തവരാണ് രാമ- രാവണന്മാർ. എന്നിരിക്കെ, സീതയെന്ന സ്ത്രീ ഒരിക്കലും ശരിയായില്ലെന്നും ശരിയാവണമെങ്കിൽ ഒന്നുകിൽ രാമൻ അല്ലെങ്കിൽ രാവണൻ എന്ന പുരുഷൻ തന്നെയാകണമെന്നുമുള്ള മതാന്ധമായ പുരുഷ ശാഠ്യമല്ലാതെ മറ്റൊന്നുമല്ല ഇവരുടെ പൊളിറ്റിക്കൽ കറക്ട്നെസ് വാദം. രണ്ടു സ്ത്രീകളും രണ്ടു തരത്തിൽ ശരിയാണ് എന്ന്‍ അംഗീകരിക്കാൻ മാത്രം ഇവർ വളർന്നിട്ടില്ല. ഏതെങ്കിലും ഒന്നിലേക്കൊതുക്കി മറ്റതിനെ നിർവീര്യമാക്കാനുള്ള ബോധപൂർവമോ അബോധപൂർവമോ ആയ പരിഹാസ്യശ്രമം.

ഒരു കാര്യം ഉറപ്പിച്ചു പറയുന്നു – വാളയാറമ്മയും ലതികാ സുഭാഷും ഒരുപോലെ ശരിയാണ്. ലോകത്തിൽ ഒരു ശരിയല്ല ഉള്ളത്. ഒരേ സമയം പല ശരികൾ പ്രവർത്തിക്കുന്ന ഒരിടം കൂടിയാണ് ഈ ലോകം.

ഇനിയുള്ളത് യു ഡി എഫിനോടും കോൺഗ്രസുകാരോടുമാണ്. ഈ സന്ദർഭത്തിൽ നിങ്ങളുടെ ഒരു സജീവ പ്രവർത്തകക്ക് ഇങ്ങനെ പെരുമാറേണ്ടി വന്നതിനെ ജനാധിപത്യപരമായി തിരിച്ചറിയണം. മറ്റൊരു പാർട്ടി ഓഫീസിൻ്റെ മുമ്പിലും ഒരു സ്ത്രീ ചെയ്യാൻ ധൈര്യപ്പെടാത്ത ഈ പ്രതിഷേധം വാസ്തവത്തിൽ കോൺഗ്രസിൻ്റെ ജനാധിപത്യ സംസ്കാരത്തിൻ്റെ തെളിവു കൂടിയായി ഞാൻ കാണുന്നു. ഇത്തരത്തിൽ പ്രതിഷേധിക്കാൻ ധൈര്യപ്പെടുത്തുന്ന ആത്മാഭിമാനം പ്രവൃത്തികളിൽ വളർത്താൻ നിങ്ങൾക്കായി . ഇത് ഒരു അധിക യോഗ്യതാണ്. അതിനാൽത്തന്നെ ഭാരിച്ച ഉത്തരവാദിത്വവുമാണ്. അവസരത്തിനൊത്ത് ഉയരുക മാതൃക കാണിക്കുക. പുരുഷനിൽ നിന്ന് ആ സീറ്റ് ധീരയായ ഈ സ്ത്രീക്കു കൈമാറുക. ഘടകകക്ഷി നേതാക്കളോടും കൂടിയാണ് – നിങ്ങളുടെ ഈ സീറ്റിന്മേലുള്ള അനർഹമായ അവകാശവാദം ഒരു മുന്നണിക്ക് ഹാനികരമാകാതിരിക്കാൻ തക്ക തീരുമാനമെടുക്കുക. ഇത് ഒരു തോറ്റു കൊടുക്കൽ അല്ല. വലിയ വിജയത്തിലേക്കുള്ള പടവാണ്. നീതിയോടും സത്യത്തോടുമൊപ്പം നിലകൊണ്ട് സ്വന്തം ശിരസ് ഉയർത്തിപ്പിടിക്കാൻ തിരഞ്ഞെടുപ്പിനു മത്സരിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന സുഹൃത്തുക്കളായ യു ഡി എഫ് നേതാക്കളോട് കേരളത്തിലെ ഒരു സ്ത്രീവോട്ടർ എന്ന നിലക്ക് ഞാൻ അഭ്യർത്ഥിക്കുന്നു.

ജനാധിപത്യത്തിൽ സ്ത്രീയുടെ വോട്ടിനും പുരുഷൻ്റെ വോട്ടിനും ഒരേ വിലയും മൂല്യവുമാണെന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്