'തോമാച്ചന്റെ പുത്തൻ റേ-ബാന്റെ' ഒറിജിനൽ ചരിത്രം !

ഇതെന്റെ പുത്തൻ റേ-ബാൻ ഗ്ലാസ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത മലയാളികളില്ല… സിനിമയിൽ ആശാന്റെ മുഖത്തെ റേ-ബാൻ ഗ്ലാസ് ചോദിച്ചു വാങ്ങിച്ച തുളസിയെ പോലെ ഏത് വഴിയിലൂടെയും ഒരു റേ-ബാൻ ഗ്ലാസ് ഒപ്പിക്കാൻ ആഗ്രഹിക്കാത്ത യുവത്വമില്ല. ആളുകളുടെ ആഡംബര സ്വപ്നങ്ങളിൽ എല്ലാ കാലത്തും ഇടം പിടിക്കുന്ന ബ്രാൻഡാണ് റേ-ബാൻ. അടിപൊളി വേഷത്തിനൊപ്പം ഒരു കൂളിംഗ് ഗ്ലാസും കൂടി ഫിറ്റ് ചെയ്താലേ ഫാഷൻ സങ്കൽപ്പങ്ങൾ പൂർണമാകൂ എന്നാണ് നാട്ടുനടപ്പ്. ആ കൂളിംഗ് ഗ്ലാസ് റേ ബാൻ ആണെങ്കിൽ ഗമ ഒന്നുകൂടി കൂടും.

വലിയ പരിചയപെടുത്തലുകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത ഒരു ലോകോത്തര ബ്രാൻഡാണ് റേ-ബാൻ. ഫാഷൻ ലോകത്തിന്റെ ചരിത്രത്തെ സ്വാധീനിച്ച ഐക്കണിക് കണ്ണടകളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്ന ബ്രാൻഡുകളിൽ ആദ്യത്തേത് റേ-ബാൻ ആണ്. കണ്ണടകളുടെ ലോകത്ത് ഒരു സവിശേഷമായ സ്ഥാനം തന്നെ നേടിയിട്ടുണ്ട് ഈ ബ്രാൻഡ്.

റേ-ബാനെ കുറിച്ചുള്ള എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ പേര് എങ്ങനെ വന്നു എന്നതാണ്. അൾട്രാ വയലറ്റ് അല്ലെങ്കിൽ ഇൻഫ്രാ-റെഡ് പ്രകാശകിരണങ്ങൾ പരിമിതപ്പെടുത്താനുള്ള ഈ ഗ്ലാസുകളുടെ കഴിവിൽ നിന്നാണ് “റേ-ബാൻ” എന്ന പേര് ലഭിച്ചത്.

1937-ൽ അമേരിക്കൻ ഒപ്റ്റിക്‌സ് കമ്പനിയായ ബൗഷ് ആൻഡ് ലോംമ്പ് ആണ് റേ-ബാൻ എന്ന ബ്രാൻഡ് സ്ഥാപിച്ചത്. ഒപ്റ്റിക്കൽ ഗ്ലാസ് നിർമ്മിച്ച് വിൽക്കുന്ന യുഎസിലെ ആദ്യത്തെ കമ്പനിയായിരുന്നു ബൗഷ് ആൻഡ് ലോംമ്പ്. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒപ്റ്റിക്കൽ ഗ്ലാസിന് അമേരിക്കൻ സൈന്യത്തിൽ വലിയ ഡിമാൻഡായി.

ഡ്യൂട്ടിയിലും അല്ലാതെയുമുള്ള പൈലറ്റുമാരുടെ കണ്ണുകളെ സൂര്യനിൽ നിന്ന് സംരക്ഷിക്കുന്ന ഒപ്റ്റിക്കൽ ഗ്ലാസുകൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു അമേരിക്കൻ സൈന്യം. തിരച്ചിൽ അവസാനമെത്തിയത് ബൗഷ് ആൻഡ് ലോംബിലും. അതോടെ റേ-ബാൻ അതിന്റെ ആദ്യ ഡിസൈനായ ഏവിയേറ്റർ സൺഗ്ലാസുകൾ പുറത്തിറക്കി. വളരെ ഭാരം കുറഞ്ഞതും ഉറപ്പുള്ളതുമായിരുന്നു ഈ സൺഗ്ലാസുകൾ. ആന്റിഗ്ലെയർ ലെൻസുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ സൺഗ്ലാസായി ഇത് മാറുകയും ചെയ്തു.

റേ-ബാൻ ഏവിയേറ്ററുകൾ യഥാർത്ഥത്തിൽ യുഎസ് ആർമി എയർ കോർപ്സ് പൈലറ്റുമാർക്കുള്ളതായിരുന്നു. ഇവർക്ക് സൗര രശ്മികളിൽ നിന്ന് കണ്ണുകൾ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ആവശ്യമായിരുന്നു. ആന്റിഗ്ലെയർ ലെൻസിനൊപ്പം ഭാരം കുറഞ്ഞ സ്വർണം പൂശിയ ലോഹ ഫ്രെയിമായിരുന്നു ആദ്യത്തെ റേ-ബാൻ ഗ്ലാസിന് ഉണ്ടായിരുന്നത്. ‘എവിയേറ്റർ ഗ്ലാസ്’ എന്ന പേരിലാണ് അമേരിക്കൻ വൈമാനികർക്കിടയിൽ ഈ റേ-ബാൻ അറിയപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ഫിലിപ്പീൻസിൽ നിന്നുള്ള, അമേരിക്കൻ ജനറൽ ഡഗ്ലസ് മക്ആർതർ ഏവിയേറ്റർ ധരിച്ചു നിൽക്കുന്ന ചിത്രം പുറത്തു വന്നതോടെ ഇത് കൂടുതൽ ജനപ്രിയമായി. യുഎസ് സൈന്യവുമായുള്ള ബന്ധം മാറ്റിനിർത്തിയാൽ റെയ്ബാന്റെ ചരിത്രം അമേരിക്കൻ പോപ്പ് സംസ്കാരത്തിലേക്ക് ആഴത്തിൽ കടന്ന ഒന്നായിരുന്നു. പല സെലിബ്രിറ്റി മുഖങ്ങളും ബ്രാൻഡിന്റെ പദവി പൊതുജനശ്രദ്ധയിൽ ഉറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

1952-ൽ റേ-ബാൻ ‘വേഫെറർ’ എന്ന മോഡൽ അവതരിപ്പിച്ചു. കണ്ണടയുടെ ചരിത്രത്തിൽ ആദ്യമായി ഈ ഗ്ലാസിനായിരുന്നു പ്ലാസ്റ്റിക് ഫ്രെയിം നൽകിയിരുന്നത്. വേഫെയററുടെ ബോൾഡ് ഡിസൈനും വ്യത്യസ്തമായ രൂപവും അതിനെ ഒരു ക്ലാസിക് ആക്കി മാറ്റി.

ജെയിംസ് ഡീൻ, ഓഡ്രി ഹെപ്ബേൺ എന്നിവരെപ്പോലുള്ള സെലിബ്രിറ്റികൾ വേഫെറർ ധരിച്ചതോടെ വേഫെറർ ഒരു ജനപ്രിയ ഡിസൈനായി മാറി. 1960-കളിൽ റേ-ബാൻ ‘ഒളിമ്പ്യൻ’ അവതരിപ്പിച്ചു. ഇത് ഏവിയേറ്ററിന്റെ സ്പോർട്ടിയർ പതിപ്പായിരുന്നു. ഒളിമ്പ്യൻ അത്ലറ്റുകൾക്കായി രൂപകൽപ്പന ചെയ്‌തതായിരുന്നു ഈ മോഡൽ. അധിക സുരക്ഷയും കൂടുതൽ ഫിറ്റും നൽകുന്ന ഒരു ഫ്രെയിം നൽകിയാണ് ഇത് നിർമിച്ചത്.

ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ ഡെക്കാത്‌ലറ്റ് റാഫർ ജോൺസൻ ഒളിമ്പ്യൻ എന്ന ഈ സൺഗ്ലാസ് അണിഞ്ഞതോടെ മോഡൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 1980-കളിലാണ് റേ-ബാൻ ‘ക്ലബ് മാസ്റ്റർ’ എന്ന മോഡൽ അവതരിപ്പിച്ചത്. ഇത് വേഫെറർ, ഒളിമ്പ്യൻ എന്നിവയെ കോർത്തിണക്കി നിർമിച്ചതായിരുന്നു.

മുകളിൽ ഒരു മെറ്റൽ ഫ്രെയിമും താഴെ പ്ലാസ്റ്റിക്കും ഉൾപ്പെടുത്തിയാണ് ക്ലബ് മാസ്റ്റർ എത്തിയത്. മറ്റ് ശൈലികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ബ്രൗലൈൻ ഡിസൈനും ഈ മോഡലിനുണ്ടായിരുന്നു. ക്ലബ് മാസ്റ്റർ യുവ പ്രൊഫഷണലുകൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി. കൂടാതെ നിരവധി സിനിമകളിലും ടിവി ഷോകളിലും ഈ മോഡൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

1999ൽ ലക്‌സോട്ടിക്ക ഗ്രൂപ്പിന്റെ ഏറ്റെടുക്കലാണ് റേ-ബാന്റെ ചരിത്രം തിരുത്തി കുറിച്ചത്. 1961ൽ ​​ഇറ്റലികാരനായ ലിയോനാർഡോ ഡെൽ വെച്ചിയോ അഗോർഡോയിൽ സ്ഥാപിച്ചതാണ് ലക്സോട്ടിക്ക. മിലാനിലാണ് ലക്സോട്ടിക്ക സ്ഥിതി ചെയ്യുന്നത്. ഇറ്റാലിയൻ കണ്ണട വ്യവസായത്തിന്റെ ഹൃദയമായ അഗോർഡോയിലേക്ക് താമസം മാറിയ അദ്ദേഹം കണ്ണടകൾ നിർമ്മിക്കുന്നതിനായി മറ്റുള്ളവരുമായി ചേർന്ന് തന്റെ കമ്പനി സ്ഥാപിക്കുകയായിരുന്നു.

അനാഥബാല്യം പിന്നിട്ട് ഇറ്റലിയുടെ രണ്ടാമത്തെ അതിസമ്പന്നനായി വളർന്ന ലിയനാർഡൊ ഡെൽ വെക്കിയൊ 1999-ലാണ് റേ-ബാൻ സ്വന്തമാക്കുന്നത്. ദക്ഷിണ ഇറ്റലിയിൽ നിന്ന് മിലാനിലേക്ക് കുടിയേറിയ ഒരു ദരിദ്രകുടുംബത്തിൽ 1935-ലാണ് ലിയനാർഡൊ ഡെൽ വെക്കിയൊയുടെ ജനനം. ഏഴാം വയസ് മുതൽ ഒരു അനാഥാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മിലാനിൽ ഒരു ലോഹ ആയുധനിർമാണശാലയിൽ സഹായിയായി തുടങ്ങിയ അദ്ദേഹം മേഖലയിലുള്ള തന്റെ അറിവ് കണ്ണട നിർമാണത്തിൽ പ്രയോഗിക്കുകയായിരുന്നു. 1961ൽ മിലാനിൽനിന്ന് ഇറ്റാലിയൻ കണ്ണടവ്യവസായത്തിന്റെ കേന്ദ്രമായ അഗോർഡോയിലേക്ക് ഡെൽ വെക്കിയൊ കുടിയേറി അവിടെ മറ്റൊരാളുമായി ചേർന്ന് ലക്സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നൽകി. 1967ൽ ലക്സോട്ടിക്ക എന്ന ബ്രാൻഡിൽ അദ്ദേഹം കണ്ണട ഫ്രെയിമുകൾ വിൽക്കാൻ ആരംഭിച്ചു. നാല് വർഷത്തിന് ശേഷം കണ്ണട ഫ്രയിമുകൾ നിർമിച്ചു നൽകുന്നത് അദ്ദേഹം അവസാനിപ്പിച്ചു.

1974ൽ ഒരു വിതരണ കമ്പനി ഏറ്റെടുത്ത ഡെൽ വെക്കിയൊ കണ്ണടകൾ ഒരു ഫാഷൻ ആക്‌സസറിയായി നിർമിക്കുന്നതിന്റെ സാധ്യത തിരിച്ചറിയുകയും ഇറ്റലിക്ക് പുറത്തേക്ക് തന്റെ ബിസിനസ് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1981ൽ ജർമനിയിൽ, ഇറ്റലിക്ക് പുറത്തെ ആദ്യത്തെ അനുബന്ധ സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു. 1999-ലാണ് പ്രശസ്തമായ റേ-ബാൻ സ്വന്തമാക്കുന്നത്.

റേ-ബാൻ, പെർസോൾ, ഓക്ക്ലി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലൂടെ കണ്ണട വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഡെൽ വെക്കിയോ ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു. 2022 ജൂണിലാണ് അദ്ദേഹം മരിച്ചത്.

2007-ൽ ലക്സോട്ടിക്ക ഗ്രൂപ്പ് ‘റേ-ബാൻ യൂത്ത്’ എന്ന പേരിൽ എട്ട് മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികൾക്കായി ഒരു കണ്ണട അവതരിപ്പിച്ചു. 2009-ൽ ലക്സോട്ടിക്ക കാർബൺ ഫൈബർ ലൈൻ അവതരിപ്പിച്ച റേ-ബാൻ ടെക് ശേഖരം പുറത്തിറക്കി. 2021-ൽ ഫേസ്ബുക്ക് റിയാലിറ്റി ലാബുമായി സഹകരിച്ച് വികസിപ്പിച്ച സ്മാർട്ട് ഗ്ലാസുകളുടെ മാതൃകയായ റേ-ബാൻ ‘റേ-ബാൻ സ്റ്റോറീസ്’ വാണിജ്യവൽക്കരിച്ചു.

മാറി വരുന്ന കാലത്തിനൊപ്പം റേ-ബാനും മാറിയതോടെ ഗ്ലാസുകളിൽ ബിൽറ്റ്-ഇൻ ക്യാമറയും ബ്ലൂടൂത്ത് ഇയർഫോണുകളും ഉൾപ്പെടുന്ന പുതിയ മോഡലും പുറത്തിറങ്ങി തുടങ്ങി. റേ-ബാനുമായി കൂട്ട് പിടിച്ച് മെറ്റയുടെ പുതിയ സ്മാർട്ട് ഗ്ലാസും വിപണിയിലെത്താൻ ഒരുങ്ങുകയാണെന്ന റിപോർട്ടുകൾ ഈയിടെ പുറത്തു വന്നിരുന്നു. എഐ സംവിധാനത്തിലാണ് ഈ ന്യൂജെൻ സ്മാർട്ട് ഗ്ലാസ് വരാൻ ഒരുങ്ങുന്നത്.

കാമറ ഉൾപ്പെടുന്ന ധരിക്കാൻ സാധിക്കുന്ന മറ്റ് ടെക്നോളജികൾ പോലെ റെയ്ബാൻ സ്റ്റോറീസും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നാലും റെയ്ബാൻ ഇന്നും ലോകത്തിലെ ഏറ്റവും ജനപ്രിയമായ കണ്ണട ബ്രാൻഡുകളിലൊന്നാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍