വലിയ പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമാണ് കെഎഫ്‌സി അഥവാ കെന്റക്കി ഫ്രൈഡ് ചിക്കൻ !ഹാർലാൻഡ് സാൻഡേഴ്‌സ് എന്ന മനുഷ്യൻ ആണ് ആരെയും കൊതിപ്പിക്കുന്ന ഈ ഭക്ഷണവിഭവത്തിന് പിന്നിൽ. 1930കളിൽ പല പ്രതികൂല സാഹചര്യങ്ങളിലും തളരാതെ തന്റെ കഠിനപ്രയത്നത്തിലൂടെ 1980കളിൽ തന്റെ മരണത്തോടടുത്ത സമയം ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഫാസ്റ്റ് ഫുഡ് ശൃംഖല വിജയകരമായി നിർമ്മിച്ച് കോടീശ്വരനായ ഹാർലൻഡിന്റെ ജീവിതം പലർക്കും അറിയില്ല.
1890-ൽ ഇന്ത്യാനയിലെ ഹെൻറിവില്ലേയിലാണ് ഹാർലാൻഡ് സാൻഡേഴ്‌സ് ജനിച്ചത്. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ചതോടെ അമ്മയാണ് ജോലി ചെയ്ത് കുടുംബം പുലർത്തിയത്. അമ്മ ജോലിക്ക് പോകുമ്പോൾ ഹാർലാൻഡ് തന്റെ രണ്ട് സഹോദരങ്ങളെ പരിപാലിക്കുകയും അവർക്കും ഭക്ഷണം പാകം ചെയ്യുകയും ചെയ്തു. 12-ാം വയസ്സിൽ അമ്മ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ രണ്ടാനച്ഛന് ഹാർലാൻഡിനെയും സഹോദരങ്ങളെയും അവരുടെ കൂടെ നിർത്തുന്നത് അത്ര ഇഷ്ടപ്പെട്ടില്ല.
അങ്ങനെ ഒരു വർഷത്തിനു ശേഷം ഹാർലാൻഡ് വീട് വിട്ടിറങ്ങി. ഒരു ഫാമിൽ ജോലി കിട്ടിയതോടെ എല്ലാ ദിവസവും അവൻ രാവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകിയും സ്കൂളിൽ പോയും വൈകുന്നേരം ചെറിയ ജോലികൾ ചെയ്തും ജീവിച്ചുപോന്നു. പഠനത്തിൽ തനിക്ക് ആൾജിബ്ര അഥവാ ബീജഗണിതം വളരെ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതോടെ ഏഴാം ക്ലാസിൽ അവൻ സ്‌കൂളിൽ പോകുന്നത് നിർത്തി. ഓരോ വർഷങ്ങളിലും ഹാർലാൻഡ് പല പല തൊഴിലുകളിൽ ഭാഗ്യം പരീക്ഷിച്ചു. സ്ട്രീറ്റ്കാർ കണ്ടക്ടർ, ഇൻഷുറൻസ് ഏജന്റ്, റെയിൽവേയിലെ അഗ്നിശമനസേനാംഗം, സ്റ്റീം ബോട്ട് ഓപ്പറേറ്റർ, ടയർ വിൽപ്പനക്കാരൻ, അഭിഭാഷകൻ തുടങ്ങിയ പല തൊഴിലുകളിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
1930-ൽ സാൻഡേഴ്സിന് കെന്റക്കിയിലെ കോർബിനിൽ ഒരു ഗ്യാസ് സ്റ്റേഷൻ നോക്കി നടത്തുന്ന ജോലി ലഭിച്ചു. എന്നാൽ കുറച്ച് അധികവരുമാനം ഉണ്ടാക്കാൻ ഹാർലാൻഡ് തന്റെ ഉപഭോക്താക്കൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകി തുടങ്ങി. കുട്ടിക്കാലത്ത് പഠിച്ച കോഴിയിറച്ചി പൊരിച്ചതും മറ്റ് വിഭവങ്ങളും ഹാർലാൻഡ് അവർക്കു മുൻപിൽ വിളമ്പി. വളരെ പെട്ടെന്നു തന്നെ ഹാർലാൻഡിന്റെ പാചകത്തെക്കുറിച്ചുള്ള വാർത്ത നാട്ടിലെങ്ങും പരന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ അവന്റെ ഭക്ഷണം ആസ്വദിക്കാൻ എത്തിതുടങ്ങി. ഞൊടിയിടകൊണ്ട് ഹാർലൻഡിന്റെ ഫ്രൈഡ് ചിക്കൻ ഹിറ്റായി. ഒടുവിൽ ഹർലാൻഡ് ഗ്യാസ് പമ്പുകൾ നീക്കം ചെയ്യുകയും പെട്രോൾ പമ്പ് ഒരു റെസ്റ്റോറന്റാക്കി മാറ്റുകയും ചെയ്തു.
1936ൽ കെന്റക്കിയുടെ ഗവർണർ അദ്ദേഹത്തിന് ‘കെന്റക്കി കേണൽ’പദവി നൽകി ആദരിച്ചു. 1937 ആയപ്പോഴേക്കും 142 പേർക്ക് ഇരിക്കാവുന്ന ഒരു മോട്ടലും ഒരു കഫേയും ഉൾപ്പെടുന്ന ‘സാൻഡേഴ്‌സ് കോർട്ട്‌സ് & കഫേ’ തുടങ്ങി അദ്ദേഹം ബിസിനസ്സ് വിപുലീകരിച്ചു. ഫ്രൈഡ് ചിക്കൻ പാകം ചെയ്യാൻ ഏകദേശം 30 മിനിറ്റായിരുന്നു വേണ്ടി വന്നത്. മെനുവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഭക്ഷണമായതിനാൽ സാൻഡേഴ്സിന് ഇതൊരു പ്രധാന പ്രശ്നമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഹാർലാൻഡ് ചിക്കൻ ഡീപ്പ്-ഫ്രൈ ചെയ്യുന്നതിനുപകരം ഒരു പ്രഷർ കുക്കർ ഉപയോഗിച്ചു പാചകം ചെയ്യാൻ തുടങ്ങി. ഇതോടെ ചിക്കൻ പാചകം ചെയ്യാൻ എടുക്കുന്ന സമയം 10 മിനിറ്റായി കുറയുകയും ഫ്രൈഡ് ചിക്കൻ കൂടുതലായി വിൽക്കാൻ ഹാർലാൻഡിന് സാധിക്കുകയും ചെയ്തു.
ഹാർലാൻഡ് തന്റെ ചിക്കൻ റെസിപ്പി മാറ്റിയും മറിച്ചുമെല്ലാം പരീക്ഷണം തുടർന്ന് കൊണ്ടേയിരുന്നു. 1938ൽ അദ്ദേഹം ഫ്രൈഡ് ചിക്കന്റെ ഏറ്റവും ഒടുവിലത്തെ പാചകക്കുറിപ്പ് എഴുതി. 11 ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന ആ പാചകകുറിപ്പ് ഇന്നും കെഎഫ്‌സി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ‘ഞാൻ അതിൽ നിന്ന് രണ്ട് പിടി മാവിൽ എറിഞ്ഞു. ബാക്കിയുള്ള ചേരുവകളുമായി ഇളക്കി. എന്റെ ജീവിതത്തിൽ ഞാൻ രുചിച്ചതിൽ വച്ച് ഏറ്റവും മികച്ച ചിക്കൻ ആയിരുന്നു ആ വറുത്തെടുത്ത ചിക്കൻ. ആ സമയം മുതൽ ഇന്ന് വരെയും ഞാൻ എന്റെ ചേരുവകൾ മാറ്റിയിട്ടില്ല’ അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗത്തിൽ പറയുന്ന കാര്യമാണിത്.
നോർത്ത് കരോലിനയിലെ ആഷ്‌വില്ലെയിൽ മറ്റൊരു സാൻഡേഴ്‌സ് കോർട്ട് & കഫേ തുറന്ന് അദ്ദേഹം തന്റെ ബിസിനസ്സ് വീണ്ടും വലുതാക്കി. 1939ൽ കോർബിനിലെ റെസ്റ്റോറന്റിന് തീപിടിച്ചു. ഇത് പുനർനിർമിച്ച സമയത്താണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇത് അദ്ദേഹത്തിന്റെ പ്രധാന ഉപഭോക്താക്കളായിരുന്ന വിനോദസഞ്ചാരികളുടെ വരവിൽ കുറവ് വരുത്തി. താമസിയാതെ അദ്ദേഹം തന്റെ ആഷ്‌വില്ലെയിലെ സ്ഥലം വിറ്റു. ബിസിനസ് കെട്ടിപ്പടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്ന അദ്ദേഹത്തിന് 1955ൽ ഒരു തിരിച്ചടി നേരിടേണ്ടി വന്നു. ഹൈവേയിൽ അന്തർസംസ്ഥാന ബൈപാസ് നിർമ്മിച്ചതിനാൽ ഹൈവേയിൽ കയറുന്നവരുടെ എണ്ണത്തിൽ കുറവ് വരികയും ഒടുവിൽ സാൻഡേഴ്സിന് കോർബിനിലെ തന്റെ സ്ഥലം വിൽക്കേണ്ടിയും വന്നു.
66 വയസ്സുള്ള അദ്ദേഹത്തിന് 105 ഡോളർ സോഷ്യൽ സെക്യൂരിറ്റി ചെക്കിൽ ജീവിക്കേണ്ടി വന്ന ഒരു കാലവും ഉണ്ടായിരുന്നു. എന്നാൽ ഇതൊരു അനുഗ്രഹമായിരുന്നു. കാരണം, സാൻഡേഴ്സിന് മറ്റൊരു ആശയം ഉണ്ടായിരുന്നു. അദ്ദേഹം കെന്റക്കി ഫ്രൈഡ് ചിക്കൻ എന്ന പേരിൽ തന്റെ പാചകക്കുറിപ്പ് ഫ്രാഞ്ചൈസി ചെയ്തു. 1952ൽ പീറ്റ് ഹാർമാന് തന്റെ പാചകക്കുറിപ്പ് ഫ്രാഞ്ചൈസി ചെയ്യുമ്പോൾതന്നെ അദ്ദേഹം വിജയകരമായി അടിത്തറ പാകി. ഹർമൻ, ഡോൺ ആൻഡ്രെസൺ എന്ന സൈൻ ചിത്രകാരൻ എന്നിവരാണ് ‘കെന്റക്കി ഫ്രൈഡ് ചിക്കൻ’ എന്ന പേര് നൽകിയത്.
പ്രഷർ കുക്കറുകളും 11 ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും മിശ്രിതവുമായി അദ്ദേഹം തന്റെ കാറിൽ അമേരിക്കയിലുടനീളം യാത്ര ചെയ്യുകയും വഴിയിൽ നിരവധി റെസ്റ്റോറന്റുകൾ സന്ദർശിക്കുകയും സാമ്പിളുകൾ നൽകുകയും ചെയ്തു. സാമ്പിളുകൾ ആസ്വദിച്ചുകഴിഞ്ഞാൽ റസ്റ്റോറന്റ് ഉടമകളുമായി അദ്ദേഹം ഫ്രാഞ്ചൈസി ഇടപാടുകൾ നടത്തുകയും സാധാരണയായി അവർ വിൽക്കുന്ന ഓരോ ചിക്കൻ പീസിനും കമ്മീഷൻ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിന് പകരമായി അത് എങ്ങനെ നിർമ്മിക്കാമെന്ന് അവരെ പഠിപ്പിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. യൂട്ടായിലെ ഒരു റെസ്റ്റോറന്റുമായി അദ്ദേഹം തന്റെ ആദ്യത്തെ ഫ്രാഞ്ചൈസി കരാർ ഒപ്പിട്ടു. 1963 ആയപ്പോഴേക്കും യുഎസിലുടനീളം 600 കെന്റക്കി ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസികൾ ഉണ്ടായിരുന്നു. വാർദ്ധക്യകാലത്ത് സാൻഡേഴ്സിന് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര വലുതായി ബിസിനസ് മാറിയിരുന്നു.
പലരും സാൻഡേഴ്സിൽ നിന്ന് കെഎഫ്‌സി വാങ്ങാൻ ശ്രമം തുടങ്ങി. 1964ൽ ഹാർലാൻഡ് സാൻഡേഴ്‌സ് ജോൺ വൈ ബ്രൗണിന്റെയും ജാക്ക് സി മാസിയുടെയും നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകർക്ക് 2 മില്യൺ യുഎസ് ഡോളറിന് കെഎഫ്‌സി വിറ്റു. ഗുണനിലവാരം എക്കാലവും നിലനിറുത്തുമെന്നും അദ്ദേഹത്തിന് ആജീവനാന്ത ശമ്പളം ലഭിക്കുമെന്നും അദ്ദേഹം കമ്പനിയുടെ മുഖമുദ്രയായി എന്നും നിലനിൽക്കുമെന്ന ഉറപ്പിലാണ് അദ്ദേഹം അത് വിറ്റത്.
1970 ആയപ്പോഴേക്കും 48 വ്യത്യസ്ത രാജ്യങ്ങളിലായി കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 3000 ആയി ഉയർന്നു. 1971ൽ ബ്രൗൺ 285 മില്യൺ ഡോളറിന് കെഎഫ്‌സി ഫുഡ് പാക്കേജിംഗ് ആൻഡ് ഡ്രിങ്ക്‌സ് കമ്പനിയായ ഹ്യൂബ്ലിന് വിറ്റു. 1980ൽ ഹാർലാൻഡ് സാൻഡേഴ്‌സ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണസമയത്ത് 48 വ്യത്യസ്‌ത രാജ്യങ്ങളിലായി 6000 കെഎഫ്‌സി ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്നു. 1982ൽ ഹ്യൂബ്ലെയിൻ ഏറ്റെടുക്കുകയും 1986ൽ 850 മില്യൺ യുഎസ് ഡോളറിന് കെഎഫ്‌സി പെപ്‌സികോയ്ക്ക് വിൽക്കുകയും ചെയ്തു. പെപ്സികോയുടെ കീഴിൽ വന്നതിന് ശേഷം കെഎഫ്സി നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി.
1991ലാണ് കെഎഫ്സി എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചത്. കമ്പനി വളർന്നു കൊണ്ടേയിരുന്നു. 1997ൽ, പെപ്‌സികോ അതിന്റെ റെസ്റ്റോറന്റ് ശൃംഖലയിൽ നിന്ന് കെഎഫ്‌സി, ടാക്കോ ബെൽ, പിസ്സ ഹട്ട് എന്നിവയെ ട്രൈക്കൺ ഗ്ലോബൽ റെസ്റ്റോറന്റ് ഇങ്ക് ഡോട്ട് എന്നാക്കി ആക്കി മാറ്റി. പുതിയ കമ്പനി ‘യം’ എന്ന് പുനർനാമകരണം ചെയ്തു.
വിവാദങ്ങൾ ഫാസ്റ്റ് ഫുഡ് ശൃംഖലകൾക്ക് അപരിചിതമല്ല. 2014ൽ മാംസത്തിനായി ചിക്കന് പകരം കൂടുതൽ മാംസം ഉണ്ടാക്കാൻ ജനിതക മാറ്റം വരുത്തിയ കോഴി ഉപയോഗിക്കുന്നു എന്നൊരു കിംവദന്തി ഇന്റർനെറ്റിൽ വീണ്ടും ഉയർന്നു. പിന്നീട് ഈ അഭ്യൂഹം പൊളിഞ്ഞു. 2008ൽ മൃഗാവകാശ പ്രവർത്തകയായ നടി പമേല ആൻഡ്രെസൺ ഒരു കെഎഫ്‌സി ബക്കറ്റിന്റെ നിർമ്മാണത്തിന് പിന്നിൽ എന്താണെന്ന് തുറന്നുകാട്ടി. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (PETA)എന്ന സംഘടനയ്‌ക്കൊപ്പം മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ അവർ കെഎഫ്‌സിയെ വിമർശിച്ചു. എന്നാൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും തങ്ങൾ സ്വീകരിക്കുന്നതായി കെഎഫ്‌സി പ്രതികരിച്ചു. കെഎഫ്‌സി ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ ഇന്നും അവയെല്ലാം മറികടന്നുകൊണ്ട് മുന്നോട്ട് പോകുന്നുമുണ്ട്.
മാറുന്ന കാലത്തിനനുസരിച്ച് കെഎഫ്‌സിയുടെ മെനുവിലും വൈവിധ്യമാർന്ന വിഭവങ്ങൾ വന്നു തുടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ, ആളുകളെ ആകർഷിക്കുന്നതിനായി ധാരാളം സസ്യാഹാര വിഭവങ്ങളും കെഎഫ്സി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളിലായി കെഎഫ്‌സിക്ക് 22,600 ഔട്ട്ലെറ്റുകൾ ഉണ്ട്. 8.3 ബില്യൺ യുഎസ് ഡോളർ ബ്രാൻഡ് മൂല്യവും 2020 ജൂലൈ 27 വരെ 27.9 ബില്യൺ ഡോളറിന്റെ വിൽപ്പനയും കെഎഫ്‌സിക്ക് ഉണ്ട്. കെഎഫ്‌സിയുടെ ബ്രാൻഡ് മൂല്യം ലോകത്ത് 96-ാം സ്ഥാനത്താണ്.