സിനിമയിലെത്തുന്നതിന് മുൻപേ തന്നെ മലയാള സാഹിത്യത്തിലെ മികച്ച സൃഷ്ടികളെല്ലാം വായിച്ചു തീർക്കുകയും, വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കാൻ അവസരം ലഭിക്കുകയും ചെയ്ത ചുരുക്കം ചില നടന്മാരിലൊരാളാണ് മധു. ഇത് വരെ ആത്മകഥയെഴുതാത്ത, കുത്തിയരുന്ന് എഴുതിയാൽ പത്ത് പേജ്, അതിനപ്പുറം വരില്ല തന്റെ ജീവിതമെന്ന് പറഞ്ഞ മഹാനടൻ. നാളെ അദ്ദേഹം നവതി ആഘോഷിക്കുകയാണ്.
മധുവിന് വയസാവുംതോറും മലയാള സിനിമയ്ക്ക് കൂടിയാണ് വയസാവുന്നത്. മലയാള സിനിമയുടെ കാരണവർ എന്ന് നിസംശയം വിളിക്കാൻ കഴിയുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മധുവിന് ജന്മദിനാശംസകൾ. നീണ്ട അറുപത് വർഷത്തെ സിനിമാ ജീവിതത്തിൽ കേവലം നായക കഥാപാത്രമായി മാത്രം ഒതുങ്ങി നിൽക്കാതെ, വില്ലനായും, സഹ നടനായും, അച്ഛനായും, അമ്മാവനായും തിരശീലയ്ക്ക് പുറത്ത് സംവിധായകനായും, ഗായകനായും, നിർമ്മാതാവായും അദ്ദേഹം നിറഞ്ഞുനിന്നു.
1959 ൽ നാഗർകോവിലിലെ സ്കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് അതുപേക്ഷിച്ച് മധു ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത്. അവിടുത്തെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി വിദ്യാർത്ഥിയും മധുവായിരുന്നു. ഈ കാലഘട്ടത്തിൽ തന്നെയാണ് രാമു കാര്യാട്ടുമായി സൌഹൃദത്തിലാവുന്നതും രാമു കാര്യാട്ടിന്റെ ഒരു സിനിമയുടെ മേക്ക് അപ്പ് ടെസ്റ്റിന് വേണ്ടി മദിരാശിയിലെത്തുന്നതും.
എന്നാൽ മേക്ക്അപ്പ് ടെസ്റ്റ് കഴിഞ്ഞ് യാദൃശ്ചികമായാണ് അവിടെവെച്ച് ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് കൂടെ അഭിനയിച്ചത് പ്രേം നസീറും ഷീലയുമായിരുന്നു. അതിന് ശേഷമാണ് രാമു കാര്യാട്ടിന്റെ ‘മൂടുപടം’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. അങ്ങനെ ശോഭന പരമേശ്വരൻ നായരും പി. ഭാസ്ക്കരനും ചേർന്ന് മാധവൻ നായരെ ‘മധു’വാക്കി മാറ്റി. പിന്നീട് അയാൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ല.
മലയാള സിനിമ ചരിത്രത്തിലെ നാഴികകല്ലെന്ന് വിശേഷിപ്പിക്കാൻ കഴിയുന്നൊരു ചിത്രമാണ് തകഴിയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ചെമ്മീൻ’ എന്ന സിനിമ. മധു എന്ന നടനെ പറ്റി പറയുമ്പോഴൊക്കെ മലയാളി ഓർക്കുന്നത് ചെമ്മീനിലെ പരീക്കുട്ടിയെയാണ്. പരീകുട്ടി എന്നാൽ സ്നേഹം മാത്രമാണെന്നും പരീകുട്ടിയെ പോലെയൊരു കാമുകനെ താൻ എവിടെയും കണ്ടിട്ടില്ലെന്നും മധു ഒരിക്കൽ പറയുകയുണ്ടായി.
മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ മധു എന്ന നടന്റെ പങ്ക് വളരെ വലുതാണ്.അതുകൊണ്ട് തന്നെ മധുവിനെ ഒഴിവാക്കി മലയാള സിനിമയുടെ ചരിത്രം പറയുക എന്ന് പറയുന്നത് അപൂർണമാണ്. സാഹിത്യവും സിനിമയും തമ്മിൽ വേർപ്പെടുത്താനാവാത്ത ഒരു കാലഘട്ടത്തിൽ മധു രണ്ടിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു.
മലയാള സാഹിത്യത്തിന്റെ കുലപതികളായ തകഴി, വൈക്കം മുഹമ്മദ് ബഷീർ, എം. ടി, എസ്. കെ പൊറ്റക്കാട് തുടങ്ങീ ഒരുപാട് സാഹിത്യക്കാരന്മാരുടെ ഉജ്ജ്വല സൃഷ്ടികൾക്ക് വെള്ളിത്തിരയിൽ ജീവൻ കൊടുക്കാൻ മധു എന്ന നടന് സാധിച്ചു.
തകഴിയുടെ ചെമ്മീനും, ഏണിപ്പടികളും, ഗന്ധർവ ക്ഷേത്രവും. ഉറൂബിന്റെ ഉമ്മാച്ചുവായും ബഷീറിന്റെ ഭാർഗവിനിലയത്തിലും കേശവദേവിന്റെ സ്വപ്നത്തിലും, എംടി യുടെ മുറപ്പെണ്ണിലും, ഓളവും തീരവും എന്നീ സിനിമകളിലും പി പത്മരാജന്റെ ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം എന്ന നോവലുകളുടെ സിനിമ ആവിഷ്കാരങ്ങളിലും മധു നിറഞ്ഞാടി. അതുകൊണ്ട് തന്നെ പുസ്തകങ്ങൾ വായിച്ച് നടന്ന ഒരു തലമുറയിലെ മലയാളികൾക്ക് മധു എന്ന നടൻ അത്രയും പ്രിയപ്പെട്ട ഒരു മനുഷ്യനായി അക്കാലത്ത് മാറിയിരുന്നു.
അയൽപക്കത്ത സാധാരണ പയ്യന്റെ രൂപവും ഭാവവുമുള്ള മധു തന്നെയായിരുന്നു ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത്. നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ, ഗായകൻ തുടങ്ങീ എല്ലാ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. മലയാള സിനിമ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ‘ഉമ സ്റ്റുഡിയോസ്’ മധു സ്ഥാപിച്ചു. അതിന്റെ കീഴിൽ 14 സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങി.
അതിൽ തന്നെ സതി, മാന്യശ്രീ വിശ്വാമിത്രൻ, അക്കൽ ദാമ, കാമം ക്രോധം മോഹം, ഉദയം പടിഞ്ഞാറ് എന്നീ സിനിമകൾ മധു തന്നെയാണ് സംവിധാനം ചെയ്തത്. പിന്നീട് ഉമ സ്റ്റുഡിയോസ് തൊണ്ണൂറുകളുടെ തുടക്കത്തിൽ ഏഷ്യനെറ്റിന് വിൽക്കുകയുണ്ടായി. ചങ്ങമ്പുഴ രചിച്ച് കെ. രാഘവൻ മാസ്റ്റർ സംഗീതം നിർവഹിച്ച മൂന്ന് ഗാനങ്ങൾ ആലപിക്കാനും മധുവിന് അവസരം ലഭിക്കുകയുണ്ടായി.
കൂടാതെ കെ.എ അബ്ബാസിന്റെ ‘സാഥ് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെ ഒരു ബോളിവുഡ് ചിത്രത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന മലയാള നടനായും മധു മാറി. ഗോവൻ വിമോചന സമരവുമായി ബന്ധപ്പെട്ട സിനിമയിൽ രക്തസാക്ഷിത്വം വഹിക്കുന്ന സുബോധ് സന്യാൽ ആയി മധു നിറഞ്ഞാടി. പിന്നീട് 60 കളിൽ തുടങ്ങി, 70 കളിലും 80 കളിലും 90 കളിലും രണ്ടായിരത്തിലും അയാൾ തന്റെ അഭിനയ യാത്ര തുടർന്നു കൊണ്ടുപോയി.
മധു എന്ന അഭിനേതാവിനെ ചരിത്രം ഓർമ്മിക്കുന്നത് എപ്പോഴും പകർന്നാടിയ മഹത്തായ കഥാപാത്രങ്ങളുടെ പേരിലാണ്. ഒരുകാലം കഴിഞ്ഞപ്പോൾ അദ്ദേഹം സിനിമയിൽ നിന്നും തന്റെ സജീവമായ ഇടപെടലുകൾ കുറച്ചുകൊണ്ടു വന്നു. അഭിനയത്തോടുള്ള കൊതി തന്നെ വിട്ടുപോയെന്നും , ആഗ്രഹിച്ചതിനപ്പുറമുള്ള വേഷങ്ങൾ പകർന്നാടാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമായി കാണുന്നുവെന്നും ഒരിടയ്ക്ക് അദ്ദേഹം പറഞ്ഞു. എന്നാലും മധുവിന്റെ അസാന്നിധ്യം മലയാള സിനിമയിൽ ഉള്ളതായി മലയാളികൾക്ക് ഒരിക്കലും തോന്നിയിട്ടില്ല.
നവതിയാണെങ്കിൽ പോലും ഒരിക്കലും അദ്ദേഹം തന്റെ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ല. നിശബ്ദനായി അയാൾ എല്ലാം വീക്ഷിക്കുന്നു. മധുവിലൂടെ മലയാള സിനിമയുടെ ചരിത്രം കൂടി ലോകമറിയുന്നു. നിണമണിഞ്ഞ കാൽപാടുകളിൽ തുടങ്ങി അവസാനമഭിനയിച്ച ‘ വൺ’ എന്ന സിനിമയിലെ ചെറിയ വേഷമടക്കം നാന്നൂറോളം സിനിമകൾ. അഞ്ച് പതിറ്റാണ്ടിലേറയായി മധു മലയാള സിനിമയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു, പുതിയ തലമുറയിലെ സിനിമാക്കാർക്ക് ഒരു വലിയ തുറന്ന പാഠപുസ്തകമായി.