"നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ" എന്റെ അച്ഛനെപ്പോലെ; മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ എഴുന്നേറ്റ് നിന്നതിനെ വിശദീകരിച്ച് ഭീമൻ രഘു

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം മുഴുവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് കേൾക്കുകയായിരുന്നു നടൻ ഭീമൻ രഘു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഈ കൗതുകകരമായ കാഴ്ച. സംസ്ഥാന ചലച്ചിത്ര അവർഡ് ദാന ചടങ്ങിനെത്തിയ മുഖ്യ മന്ത്രി നടത്തിയ പ്രസംഗമാണ് ഭീമൻ രഘു എഴുന്നേറ്റു നിന്ന് കേട്ടത്.

പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു ഭീമൻ രഘു. ഇക്കാര്യത്തിൽ നടൻ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.

“അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ടെന്നുമായിരുന്നു” ഭീമൻ രഘുവിന്റെ വിശദീകരണം.

സോഷയൽ മീഡിയയിൽ ഈ സംഭവത്തിന് ഏറെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്. സ്റ്റാന്റ് അപ് കോമഡിയെന്നാണ് കമന്ററുകൾ വരുന്നത്. അടുത്തിടെയാണ് ഭീമൻ രഘു ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നത്. ശാഖയിലെ ശീലം മറന്നിട്ടില്ലെന്നാണ് ട്രോളുകളിൽ പറയുന്നത്.