69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാനമായി മാറുകയായിരുന്നു നടൻ ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശമാണ് ഇന്ദ്രൻസിനെ തേടിയെത്തിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാന അവാർഡിൽ തഴഞ്ഞതിൽ വിഷമം തോന്നിയിരുന്നോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചാണ് ഇന്ദ്രൻസ് മറുപടി പറഞ്ഞത്.
‘അവാർഡ് ലഭിക്കുമ്പോൾ സന്തോഷമാണ്. കിട്ടാത്തപ്പോൾ സങ്കടവും. മനുഷ്യനല്ലേ ?’- ചിരിച്ചുകൊണ്ട് ഇന്ദ്രൻസ് പറഞ്ഞു.
28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്.