പേര് പോലെ തന്നെ ഒരു മനുഷ്യൻ, അതായിരുന്നു ഇന്നസെന്റ് !

പേര് പോലെ തന്നെ ഒരു മനുഷ്യൻ. അതായിരുന്നു ഇന്നസെന്റ് ! ജീവിതത്തിലായാലും സിനിമയിലായാലും രാഷ്ട്രീയത്തിലായാലും മനുഷ്യരെ ചേർത്ത് പിടിച്ച, നർമ്മം കൊണ്ട് സങ്കടങ്ങളെ മാറ്റിനിർത്തിയ, എന്തിലും തമാശ കണ്ടെത്തി മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പച്ചമനുഷ്യൻ. മലയാള സിനിമയുടെയും മലയാളികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രതാരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റ് ഇനി ഓർമകളിൽ മാത്രം.സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച്, അമ്പതിൽ പരം വർഷങ്ങളാണ് ഇന്നസെന്റ് മലയാള സിനിമയെ തന്റെ സ്വതസിദ്ധമായ ഹാസ്യം കൊണ്ട് സമ്പന്നമാക്കിയത്.

സിനിമയിലെത്തി ആദ്യകാലങ്ങളിൽ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പിന്നീട് വെള്ളിത്തിരയിൽ ഹാസ്യ നടനായും സഹനടനായും വില്ലനായുമൊക്കെ അദ്ദേഹം നിറഞ്ഞാടി. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 750 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്‍തമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംസാരവും അനായാസ അഭിനയമികവും ഇന്നസെന്റിന്റെ മാത്രം സവിശേഷതകളായിരുന്നു. കാലങ്ങളായുള്ള മലയാള സിനിമയിലെ വില്ലന്റെ ക്ലീഷേ രീതികളെ അപ്പാടെ മാറ്റിമറിച്ചവയായിരുന്നു ഇന്നസെന്റിന്റെ വില്ലൻ കഥാപാത്രങ്ങൾ. ചെറിയ കാര്യങ്ങളിലൂടെയും, തമാശകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്ത ദുഷ്ടനായ വില്ലനായി അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടി.

1972ൽ എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നൃത്തശാല’ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പ്രേം നസീർ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയിൽ ഒരു പത്രപ്രവർത്തകനായിട്ടായിരുന്നു അദ്ദേഹം വേഷമിട്ടത്. എന്നാൽ ‘ ഇളക്കങ്ങൾ’ എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷത്തിലൂടെ അദ്ദേഹം നടനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മഴവിൽക്കാവടി, കിലുക്കം, റാംജിറാവു സ്പീക്കിങ്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, രാവണപ്രഭു, മാന്നാർ മത്തായി സ്പീക്കിങ്, ഹിറ്റ്ലർ, മനസ്സിനക്കരെ, ചന്ദ്രലേഖ, ദേവാസുരം, ഡോ.പശുപതി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ചെറിയ കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറിൽ സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് ആണ് വഴിത്തിരിവായത്. കാബൂളിവാലയിലെ ജഗതിക്കൊപ്പമുള്ള കന്നാസും കടലാസും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഡോക്ട്ടർ പശുപതി, ഇഞ്ചക്കാടൻ മത്തായി, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്പീകിംഗ് എന്നീ ചിത്രങ്ങളിൽ അദ്ദേഹം ടൈറ്റിൽ റോളിലാണ് അഭിനയിച്ചത്.

മഴവിൽക്കാവടി എന്ന ചിത്രത്തിലൂടെ 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിട പറയും മുൻപേ എന്ന ചിത്രത്തിന് മികച്ച നിർമാതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1982ൽ ഓർമയ്ക്കായ് എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. 2009ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് പുരസ്കാരത്തിന് അർഹനായി. നടനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയതെങ്കിലും സിനിമയുടെ പിന്നണിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായും, നിർമ്മാതാവായും, പിന്നണി ഗായകനായും സിനിമയിൽ നിറഞ്ഞുനിന്നു. അഞ്ച് സിനിമകളിൽ പിന്നണി ഗായകനായും ഇന്നസെന്റ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

1990ൽ ജോൺസന്റെ ഈണത്തിൽ ഗജകേസരിയോഗം എന്ന ചിത്രത്തിൽ ‘ആനച്ചന്തം ഗണപതി മേളച്ചന്തം’, സാന്ദ്രം എന്ന ചിത്രത്തിൽ ‘കണ്ടല്ലോ പൊൻകുരിശുള്ളോരു’ എന്ന ഗാനം, 2000ൽ വിദ്യാസാഗറിന്റെ ഈണത്തിൽ മിസ്റ്റർ ബട്ലർ എന്ന സിനിമയ്ക്ക് വേണ്ടി ‘കുണുക്കു പെണ്മണിയെ’ എന്ന ഗാനം, 2012ൽ ഡോക്ട്ടർ ഇന്നസെന്റാണ് എന്ന ചിത്രത്തിൽ സന്തോഷ് വർമയുടെ സംഗീതസംവിധാനത്തിൽ ‘സുന്ദര കേരളം നമ്മൾക്ക്’ എന്ന ഗാനം, 2021ൽ സുനാമി എന്ന ചിത്രത്തിൽ ‘സമാഗരിസ’ എന്നീ ഗാനങ്ങളും പാടിയിട്ടുണ്ട്.1981ൽ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ‘ശത്രു കംബൈൻസ് എന്ന പേരിൽ സിനിമാ നിർമാണ കമ്പനി തുടങ്ങി. 1981ൽ പുറത്തിറങ്ങിയ വിട പറയും മുൻപേ,1982ൽ പുറത്തിറങ്ങിയ ഇളക്കങ്ങൾ, അതേവർഷം തന്നെ പുറത്തിറങ്ങിയ ഓർമയ്ക്കായി, 1983 ൽ പുറത്തിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, 1986ൽ പുറത്തിറങ്ങിയ ഒരു കഥ നുണക്കഥ എന്നിവ ഇന്നസെന്റ് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് നിർമിച്ച ചിത്രങ്ങളാണ്. ഇതുകൂടാതെ, പാവം ഐഎ ഐവാച്ചൻ, കീർത്തനം എന്നീ ചിത്രങ്ങളുടെ കഥ എഴുതുകയും ചെയ്തിട്ടുണ്ട്.

1948 ഫെബ്രുവരി 28ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായാണ് ഇന്നസന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്ത അദ്ദേഹം എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം കുറച്ചു കാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ തുകൽ കച്ചവടക്കാരൻ എന്നിങ്ങനെ പല പല ജോലികൾ ചെയ്തു. ഇതിനിടെ ചില നാടകങ്ങളിലും അഭിനയിച്ചു.

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കൗൺസിലറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ചാലക്കുടിയിൽനിന്നു അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. 2019ൽ വീണ്ടും മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. അങ്ങനെ കൗൺസിലർ പദവി മുതൽ പാർലമെന്റ് അംഗമെന്ന നിലയിൽവരെ നീണ്ട അദ്ദേഹം രാഷ്ട്രീയ ജീവിതവും സ്വന്തമാക്കി. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 18 വർഷമാണ് അദ്ദേഹം പ്രവർത്തിച്ചത്. 2012ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ നേടുകയും അസുഖം ഭേദമായി സിനിമയിൽ സജീവമാവുകയും ചെയ്തു. അതിന് ശേഷം ഈ കഴിഞ്ഞ മാസം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.

കാൻസർ പിടിമുറുക്കിയ 2020ൽ ഒഴികെ എല്ലാ വർഷവും അദ്ദേഹം സിനിമകളിൽ സജീവമായിരുന്നു. ചിരിക്കു പിന്നിൽ (ആത്മകഥ), മഴക്കണ്ണാടി, ഞാൻ ഇന്നസന്റ്, കാൻസർ വാർഡിലെ ചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, ദൈവത്തെ ശല്യപ്പെടുത്തരുത്, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി എന്നിവയാണ് അദ്ദേഹം എഴുതിയ പുസ്തകങ്ങൾ. കാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം 2022ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. വരാനിരിക്കുന്ന ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍