നാടക രംഗത്തുനിന്നും സിനിമയിലെത്തി സ്വന്തമായൊരു മേൽവിലാസം കണ്ടെത്തിയ നടനാണ് പ്രമോദ് വെളിയനാട്. കിംഗ് ഓഫ് കൊത്തയാണ് പ്രമോദ് അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം . ഏറെ പ്രതീക്ഷകളോടെ, പ്രൊമോഷനോടെ എത്തിയ ചിത്രം പക്ഷെ തിയേറ്ററുകളിൽ വിജയം കണ്ടില്ല. ഇപ്പോഴിതാ റിലീസിനു മുൻപ് പ്രമോദ് ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൻ മീഡിയയിൽ ട്രോളുകളായി പ്രചരിക്കുന്നത്.
തിയറ്ററിൽ പ്രകമ്പടനം സൃഷ്ടിക്കുന്ന ചിത്രമാകും കിംഗ് ഓഫ് കൊത്ത എന്നെല്ലാം ആയിരുന്നു പ്രമോദിന്റെ പ്രതികരണം. അതുവച്ച് കളിയാക്കിയാണ് മീമുകൾ പ്രചരിക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങളിൽ വേദനയുണ്ടെന്ന് വെളിപ്പെടുത്തിയാണ് പ്രമോദ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. തനിക്ക് ഒരുനേരത്തെ ഭക്ഷണം തന്ന്, വീട്ടിലേക്ക് ഒരുനേരത്തെ ആഹാരം തന്ന സിനിമയെ കുറിച്ച് മോശം പടമാണെന്ന് പറയണമോ എന്നും പ്രമോദ് ചോദിക്കുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രതികരണത്തിലായിരുന്നു പ്രമോദിന്റെ വെളിപ്പെടുത്തൽ .
പ്രമോദ് വെളിയനാടിന്റെ വാക്കുകൾ
“എനിക്ക് നൂറിൽ നൂറ്റമ്പതാണ് ആ സിനിമ. അഭിമുഖത്തിനിടയിൽ ഞാൻ കുറച്ച് കമന്റുകൾ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. എന്റെ ജീവിതത്തിൽ അത്രയും വലിയൊരു സിനിമ ഞാൻ ചെയ്തിട്ടില്ല. അത്രയും ഫെസിലിറ്റി എനിക്കൊരു സിനിമയും തന്നിട്ടില്ല. അത്ഭുതലോകത്ത് നിന്ന് കാണുന്നത് പോലെയാണ് ഞാൻ സിനിമയെ കണ്ടത്. അപ്പോഴെനിക്ക് മനസിലായി ഈ സിനിമ ബമ്പർ ഹിറ്റായിരിക്കുമെന്ന്. അത് ഞാൻ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ നായകന് നൂറ് കയ്യടി കിട്ടിയാൽ, അതിൽ പത്ത് കയ്യടി ഞാൻ എടുക്കുമെന്ന് പറഞ്ഞു. കാരണം അത് നായകന്റെ ഇൻട്രോ സീൻ ആണ്. എന്നെ കൊല്ലുന്നതാണ് പുള്ളിയുടെ ഇൻട്രോ. ഞാനാണ് തള്ള് തുടങ്ങിയതെന്ന് പറഞ്ഞ് ഇനി പറയാൻ ഒന്നുമില്ല. എനിക്ക് ഒരുനേരത്തെ ഭക്ഷണം തന്ന്, വീട്ടിലേക്ക് ഒരുനേരത്തെ ആഹാരം തന്ന സിനിമയെ കുറിച്ച് ഞാൻ മോശം പടമാണെന്ന് പറയണമോ ? നിങ്ങളെ കുറിച്ച് നിങ്ങളുടെ മാതാപിതാക്കൾക്ക് എന്ത് അഭിപ്രായമാണ് ? നല്ലതായിരിക്കും. പക്ഷേ ആ അഭിപ്രായം നാട്ടുകാർക്ക് വേണമെന്ന് വാശിപിടിക്കരുത്. എനിക്ക് ആ സിനിമ പൊന്നാണ്. എന്റെ കരിയറിൽ എടുത്ത് വയ്ക്കാൻ പറ്റിയ സിനിമയാണ്. അതിനെ മോശമാണെന്ന് പറയണമോ? ഞാൻ തള്ളിയതല്ല എന്റെ പൊന്ന് ചങ്ങാതിമാരെ. ഞാൻ കണ്ട കാഴ്ചകളാണ് പറഞ്ഞത്. നിങ്ങൾക്ക് ആ കാഴ്ച കാണാൻ സാധിച്ചില്ലെങ്കിൽ അതെന്റെ കുഴപ്പം കൊണ്ടല്ല. വേദന ആയിപ്പോയി. സത്യമായിട്ടും സഹിക്കാൻ വയ്യാത്ത വേദന ആയിപ്പോയി.
മലയാള നാടക വേദിയുടെ നെറുകയിൽ നിന്നാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അമ്പലപറമ്പിലും പള്ളിപ്പറമ്പിലും പട്ടി നടക്കുമ്പോലെ ഞാൻ നടന്നിട്ടുണ്ട്. ഒരു വേഷത്തിന് വേണ്ടി. പണ്ട് വെള്ളിനക്ഷത്രവും നാനയുമൊക്കെ വായിക്കും. ഇവരെ പോലെ ആകണം എന്ന കൊതിയായിരുന്നു. മമ്മൂക്ക ഒരു ജീൻസിന്റെ ഷർട്ടും പാന്റും ഇട്ട് കാറിന് മുന്നിൽ നിൽക്കുന്ന ഒരു പടം ഞാൻ വെട്ടിയെടുത്ത് ആ മുഖത്തിൽ എന്റെ പടം ഒട്ടിച്ചവനാണ് ഞാൻ. ഭിത്തിയിൽ അത് ഒട്ടിച്ചിട്ട് നോക്കി കിടക്കും. അവിടെ വരണം എന്ന് ആഗ്രഹമായിരുന്നു. അവിടുന്നാണ് ഞാൻ ഇപ്പോൾ ഇവിടെ വന്ന് നിൽക്കുന്നത്. എനിക്കിത് സ്വർഗം ആണ്. ഞാൻ ജോലി ചെയ്ത ഒരു സിനിമ നല്ലത് ആണെന്നല്ലാതെ ഞാൻ എന്താ പറയേണ്ടത്. അങ്ങനെ പറയാൻ സാധിക്കുമോ. ഇവനാണ് തള്ളിത്തുടങ്ങിയത് എന്നൊക്കെയാണ് പറയുന്നത്. ഞാൻ കണ്ടതാണ് നിങ്ങളോട് പറഞ്ഞത്. പ്ലീസ് ഉപദ്രവിക്കരുത്. “