രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് തലൈവരെത്തും; അയോദ്ധ്യയിലേക്ക് രജനികാന്തിന് ക്ഷണം

ജനുവരി 22 ന് ആയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അതിഥിയായി തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ തലൈവരും എത്തും. നടൻ രജനീകാന്തിനെ ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. അതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.

തമിഴ്നാട് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കുന്ന രജനീകാന്തിന്റെ ബിജെപിയിലേക്കുള്ള അടുപ്പം നേരത്തെ തന്നെ ചർച്ചകളിൽ ഇടം പിടിച്ചതാണ്. ഇപ്പോൾ രാമക്ഷേത്ര പ്രതിഷ്ടയ്ക്കുള്ള ക്ഷണം കൂടി നേരിട്ടാകുമ്പോൾ താരത്തിന്റെ രാഷ്ട്രീയ നിലപാടുകൾ ഒരിക്കൽ കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. ചടങ്ങിൽ രജനി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read more

അതേ സമയം അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങി നിരവധി താരങ്ങൾക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.