കഴിഞ്ഞ ദിവസമാണ് ആമിര്‍ ഖാന്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഗൗരി സ്പ്രാറ്റ് എന്ന പുതിയ കാമുകിയെ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ആമിര്‍ പരിചയപ്പെടുത്തിയത്. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗതറിലാണ് എന്നാണ് താരം വെളിപ്പെടുത്തിയത്.
ആമിറിനോട് ഗൗരിക്ക് പ്രണയം തോന്നിയത് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടല്ല. ബോളിവുഡ് സിനിമകള്‍ അധിക കാണാത്ത വ്യക്തിയാണ് ഗൗരി. ആമിര്‍ ഖാന്റെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അവര്‍ കണ്ടിട്ടുള്ളത്. ഗൗരിക്ക് തന്നോട് പ്രണയം തോന്നാനുള്ള കാരണത്തെ കുറിച്ച് ആമിര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
25 വര്‍ഷം മുമ്പാണ് ഗൗരിയെ ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് വീണ്ടും ഒരുമിക്കാനായത്. ശാന്തമായി കഴിയുന്ന, എനിക്ക് സമാധാനം നല്‍കുന്ന ഒരാളെ ഞാന്‍ തിരയുകയായിരുന്നു. അവള്‍ അവിടെ ഉണ്ടായിരുന്നു.അനുകമ്പയുള്ള, മാന്യനായ, കരുതലുള്ള ഒരാളെയാണ് താന്‍ ആഗ്രഹിച്ചതെന്നാണ് അവള്‍ പറഞ്ഞത്.
എന്നിട്ട് നീ എന്നെയാണോ കണ്ടെത്തിയത് എന്നാണ് ഞാന്‍ ഗൗരിയോട് തിരിച്ചു ചോദിച്ചത്. ഗൗരി ബംഗളൂരുവിലാണ് വളര്‍ന്നത്, വ്യത്യസ്തതരം സിനിമകളോടും കലകളോടുമായിരുന്നു അവളുടെ പരിചയം. അതിനാല്‍ അവള്‍ ഹിന്ദി സിനിമകള്‍ അധികം കാണാറില്ല. ദില്‍ ചാഹ്താ ഹേ, ലഗാന്‍ എന്നീ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നതായി ഗൗരി പറഞ്ഞിട്ടുണ്ട് എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.