സിഖ് മത സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനക്കിന്റെ ബയോപിക്കില്‍ ആമിര്‍ ഖാന്‍ നായകനാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് നാളുകളായി. സിനിമയിലേത് എന്ന പേരില്‍ നടന്റെ ക്യാരക്ടര്‍ പോസ്റ്ററും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരു ടീസറും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍.
ഈ പോസ്റ്ററും ടീസറും എല്ലാം വ്യാജമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍. എഐ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ”ആമിര്‍ ഖാനെ ഗുരു നാനക് ആയി ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. അത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. അങ്ങനൊരു പ്രോജക്ടുമായി ആമിര്‍ ഖാന് ഒരു ബന്ധവുമില്ല.”
View this post on Instagram
”ഗുരു നാനക്കിനോട് അദ്ദേഹത്തിന് ബഹുമാനമുണ്ട്. അനാദരവ് കാണിക്കുന്ന രീതിയില്‍ അദ്ദേഹം ഒന്നും ചെയ്യില്ല. ദയവായി വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത്” എന്നാണ് താരത്തിന്റെ ടീം അറിയിച്ചിരിക്കുന്നത്. അതേസമയം, വ്യാജ ടീസറില്‍ ആമിര്‍ മത നേതാവായി എത്തുമെന്നും ടി സീരിസ് ആണ് സിനിമ നിര്‍മ്മിക്കുന്നതെന്നുമാണ് കാണിച്ചിരിക്കുന്നത്. ടീസര്‍ എത്തിയതിന് പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരുന്നു.
ഒരു മുസ്ലീം നടനെ സിഖ് ഗുരുവായി അവതരിപ്പിച്ചത് സിഖ് സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള തന്ത്രമാണെന്ന് ആയിരുന്നു പഞ്ചാബിലെ ഒരു ബിജെപി നേതാവിന്റെ ആരോപണം. സിനിമയ്‌ക്കെതിരെ ബിജെപി പഞ്ചാബ് വക്താവ് പ്രിത്പാല്‍ സിങ് ബലിവാള്‍ പഞ്ചാബ് പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.