പ്രധാനമന്ത്രി നരേന്ദ്രമോദിയോട് “മന്‍ കി ബാത്” നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ രാജേഷ് തായിലാംഗ്. മന്‍ കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി ശ്രമിക്കണമെന്ന് രാജേഷ് തായിലാംഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
“”ബഹുമാനപ്പെട്ട നരേന്ദ്ര മോദിജീ, മന്‍ കി ബാത് കേട്ട് മതിയായി. ഇനി രാജ്യത്തെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായി പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം, എന്ന് ഒരു സാധാരണ പൗരന്‍”” എന്നാണ് രാജേഷ് തായിലാംഗിന്റെ ട്വീറ്റ്. മിര്‍സാപൂര്‍, ഡെല്‍ഹി ക്രൈം, കോമഡി കപ്പിള്‍, സിദ്ധാര്‍ഥ് എന്നീ വെബ് സീരിസ്-സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് തായിലാംഗ്.
കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരന്ദ്രേ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ദേശീയ-വിദേശ മാധ്യമങ്ങള്‍ വരെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റി അയച്ച കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ തെരുവുകളില്‍ “”ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത്”” എന്ന പോസ്റ്ററുകളും പതിച്ചിരുന്നു.