ഉര്‍ഫിയുടെ വ്യാജ അറസ്റ്റ്: കേസ് എടുത്ത് പൊലീസ്; 1000 വാങ്ങി അഭിനയിക്കാനെത്തിയ 'ഉദ്യോഗസ്ഥര്‍' അറസ്റ്റില്‍!

നടി ഉര്‍ഫി ജാവെദിനെതിരെ കേസെടുത്ത് ഓഷിവാര പൊലീസ്. പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ഉര്‍ഫിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സഭ്യമല്ലാത്ത വസ്ത്രം ധരിച്ചതിനാല്‍ ഉര്‍ഫിയെ ‘അറസ്റ്റ്’ ചെയ്യുന്ന വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പൊലീസ് യൂണിഫോം ധരിച്ച രണ്ട് സ്ത്രീകള്‍ കോഫീ ഷോപ്പില്‍ നിന്നും ഉര്‍ഫിയെ നിര്‍ബന്ധിച്ച് പൊലീസ് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് വൈറലായത്. പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ചതിന് ഉര്‍ഫിയെ മുംബൈ പൊലീസ് പിടികൂടി എന്ന ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ എത്തിയത്.

വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധ നേടാന്‍ വേണ്ടി ഉര്‍ഫി ഒരുക്കിയ വ്യാജ തിരക്കഥയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസായി അഭിനയിച്ചവര്‍ക്ക് 1000 രൂപ വീതമാണ് ഉര്‍ഫി നല്‍കിയത്. പ്രൊഡക്ഷന്‍ മാനേജര്‍ക്ക് 2000 രൂപ നല്‍കിയെന്നും പൊലീസ് കണ്ടെത്തി.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ താന്‍ ദുബായിലാണെന്ന് സന്ദേശം നല്‍കിയ ശേഷം ഉര്‍ഫി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പൊലീസ് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ച് ഉപയോഗിച്ച വാഹനവും ഇസ്‌പെക്ടറായി വേഷമിട്ട ഗണപത് എന്നയാളെയും കസ്റ്റഡിയിലെടുത്തു.