സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

ബോളിവുഡ് നടി ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സര്‍ക്കാര്‍ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് ദിഷയുടെ പിതാവ് ജഗദീഷ്.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. വഞ്ചന, ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര്‍ ഗാര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാര്‍ഗ്, അജ്ഞാതനായ ഒരാള്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയാണ് ജഗദീഷ് പടാനി. ശിവേന്ദ്ര പ്രതാപ് സിങ് തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണെന്ന് ജഗദീഷ് പരാതിയില്‍ പറയുന്നുണ്ട്.

ഇയാളാണ് ദിവാകര്‍ ഗാര്‍ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്. ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട പ്രതികള്‍ സര്‍ക്കാര്‍ കമ്മിഷനില്‍ ചെയര്‍മാന്‍ സ്ഥാനമോ വൈസ് ചെയര്‍മാന്‍ സ്ഥാനമോ വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം കൊടുത്തത്.

കാര്യം നടക്കുന്നില്ലെന്ന് കണ്ടതോടെ ജഗദീഷ് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള അവരുടെ അവകാശവാദങ്ങള്‍ ഉറപ്പാക്കാന്‍ മറ്റൊരാളെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി’ എന്ന് തെറ്റിദ്ധരിപ്പിച്ച് പരിചയപ്പെടുത്തിയിരുന്നുവെന്നും ജഗദീഷ് പറയുന്നുണ്ട്.