ശെയ്താന്റെ വിളയാട്ടം, കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ നേട്ടം.. അജയ് ദേവ്ഗണ്‍-ജ്യോതിക ചിത്രം നേടിയത് കോടികള്‍; കളക്ഷന്‍ പുറത്ത്

കുറഞ്ഞ ബജറ്റില്‍ എത്തി തിയേറ്ററില്‍ ഹിറ്റ് അടിച്ച് അജയ് ദേവ്ഗണ്‍-ജ്യോതിക ചിത്രം ‘ശെയ്ത്താന്‍’. ബോളിവുഡിലെ 100 കോടി ബജറ്റ് ചിത്രങ്ങള്‍ പരാജയമാകുന്നിടത്താണ് 65 കോടി ബജറ്റില്‍ എത്തിയ ശെയ്ത്താന്‍ ബോക്‌സ് ഓഫീസ് കീഴടക്കിയിരിക്കുന്നത്. മാധവനും പ്രധാന കഥപാത്രമായ ചിത്രം ആഗോളതലത്തില്‍ മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്.

മാര്‍ച്ച് 8ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 174 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്. ബ്ലാക് മാജിക് വിഷയമാകുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് അജയ് ദേവ്ഗണും വേഷമിട്ടത്. വില്ലന്‍ കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ശെയ്താന്‍. ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി.

ഹൊറര്‍ എലമെന്റ്സോടെ എത്തിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു. തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുകയായിരുന്നു. അതേസമയം, ‘കാതല്‍’ എന്ന ചിത്രത്തിന് ശേഷം ജ്യോതികയുടെതായി എത്തിയ ചിത്രമാണ് ശെയ്താന്‍. ‘ഭോല’ ആയിരുന്നു അജയ് ദേവഗണിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Read more