ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി ഭാരത് എന്ന് ചേർത്തത് സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുന്നു. ‘മിഷൻ റാണിഗഞ്‍ജ്’എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
ചിത്രത്തിന്റെ പേര് ‘മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂ’ എന്ന് മാറ്റിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. നേരത്തെ ‘മിഷൻ റാണിഗൻ: ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’ എന്നായിരുന്നു ഇതിന്റെ പേര്. ഒരു യാഥാർത്ഥ ജീവിതകഥ പറയുന്നതാണ് ചിത്രം.
അതേസമയം, ചിത്രത്തിന്റെ പോസ്റ്റർ ട്രോളുകൾക്കും കാരണമായിരിക്കുകയാണ്. ആരാണ് പോസ്റ്റര്‍ എഡിറ്റ് ചെയ്‍തതെന്നാണ് വിമർശകരുടെ ചോദ്യം. ഒരേ മുഖം തന്നെ പോസ്റ്ററില്‍ ആവര്‍ത്തിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ അക്ഷയ് കുമാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ഇതിനിടെ ‘ഇന്ത്യ’ എന്ന് പരാമർശിച്ച പോസ്റ്റ് എന്തിനാണ് ഡിലീറ്റ് ചെയ്തത് എന്ന് ചോദിച്ച് ട്വിറ്റര് ഉപയോക്താവ് രംഗത്ത് വരികയും ചെയ്‌തു.
ഭാരതത്തിന്റെ കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ അന്തരിച്ച ശ്രീ ജസ്വന്ത് സിംഗ് ഗില്ലിന്റെ വീരകൃത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, റാണിഗഞ്ച് കൽക്കരി ഫീൽഡിലെ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
1989 നവംബറിൽ റാണിഗഞ്ചിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയ കൽക്കരി ഖനിയിൽ കുടുങ്ങിപ്പോയ എല്ലാ ഖനിത്തൊഴിലാളികളെയും രക്ഷിക്കുന്നതിൽ വീരനായ ജസ്വന്ത് സിംഗ് ഗിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 350 അടി താഴ്ചയുള്ള കൽക്കരി ഖനിയുടെ അടിയിൽ കുടുങ്ങിക്കിടന്ന ഖനിത്തൊഴിലാളികൾക്കായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഒരു എത്തിനോട്ടമാണ് മോഷൻ പോസ്റ്ററിൽ ഉള്ളത്.
ധീരമായ രക്ഷാപ്രവർത്തനത്തിലൂടെ ഖനിത്തൊഴിലാളികളെ രക്ഷിക്കുന്ന, അന്തരിച്ച ജസ്വന്ത് സിംഗ് ഗിൽ എന്ന വീര കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. 2023 ഒക്ടോബർ 6 ന് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.