ഹിന്ദി ബിഗ് ബോസ് 18 സീസണ്‍ വിജയി നടന്‍ കരണ്‍ വീര്‍ മെഹ്‌റ ആയിരുന്നു. ഈ സീസണിലെ ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് ഏറെ ചര്‍ച്ചയായിരുന്നു. ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡില്‍ അവതാരകനായ സല്‍മാന്‍ ഖാനൊപ്പം അക്ഷയ് കുമാറും വേദിയില്‍ എത്തും എന്നായിരുന്നു പരസ്യം ചെയ്തിരുന്നത്. എന്നാല്‍ സല്‍മാനൊപ്പം അക്ഷയ് പരിപാടിയില്‍ എത്തിയില്ല.
സല്‍മാന്‍ ഖാന്‍ കൃത്യസമയത്ത് ഷൂട്ടിന് എത്താതിരുന്നതിനാല്‍ അക്ഷയ് ഷോ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫിനാലെ എപ്പിസോഡ് ഷൂട്ട് ചെയ്യാനായി 2.15ന് ഷെഡ്യൂള്‍ ചെയ്ത സമയത്ത് തന്നെ അക്ഷയ് കുമാര്‍ ബിഗ് ബോസ് 18 സെറ്റില്‍ എത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറലധികം നേരം കാത്തിരുന്നിട്ടും സല്‍മാന്‍ എത്താതിനാല്‍ അക്ഷയ് സെറ്റ് വിടുകയായിരുന്നു.
എന്നാല്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് താന്‍ സെറ്റ് വിട്ടത് എന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. ”അദ്ദേഹം ലേറ്റ് ആയിരുന്നില്ല. ഞാന്‍ അവിടെ എത്തിയിരുന്നു. ചില വര്‍ക്കുകള്‍ തീര്‍ക്കാനുള്ളതിനാല്‍ അദ്ദേഹം കുറച്ച് ലേറ്റ് ആയി. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു, 35-40 മിനിറ്റ് അദ്ദേഹം ലേറ്റ് ആകുമെന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ സെറ്റ് വിട്ടു” എന്നാണ് അക്ഷയ് വ്യക്തമാക്കിയിരിക്കുന്നത്.
സ്‌കൈ ഫോര്‍സിന്റെ പ്രമോഷനിടെയാണ് ഇക്കാര്യം അക്ഷയ് വിശദീകരിച്ചത്. അതേ സമയം ഷോയില്‍ തന്നെ സല്‍മാന്‍ ഖാന്‍ ഈ കാര്യം വ്യക്തമാക്കിയിരുന്നു. എന്തായാലും ഈ വിഷയത്തില്‍ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.