അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ഓ മൈ ഗോഡ് 2’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഭഗവാന്‍ ശിവനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യമായാണ് ഒരുങ്ങുന്നത്.
”ഒഎംജി 2-വിന് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും വേണം. ഒരു സാമൂഹ്യ പ്രശ്‌നം പ്രതിഫലിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമമാണിത്” എന്ന് കുറിച്ചാണ് അക്ഷ്യ് കുമാര്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ചിരുന്ന സിനിമയുടെ പുതിയ ഷെഡ്യൂള്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വ്യാഴാഴ്ച ആരംഭിച്ചിരുന്നു.
യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. പക്ഷേ പ്രമേയത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ വിദ്യാഭ്യാസ മേഖലയാണ് പ്രമേയം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.