കരിയറിന്റെ തുടക്കത്തില്‍ അമിതാഭ് ബച്ചന്‍ കടക്കെണിയില്‍ പെട്ടതോടെ തനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ഒരു ഘട്ടത്തില്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) പാപ്പരായപ്പോള്‍ കാര്യമായ തിരിച്ചടി നേരിട്ടു. ഈ കാരണത്താല്‍ അദ്ദേഹത്തിന് 90 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു എന്നാണ് അഭിഷേക് പറയുന്നത്.
ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലമായിരുന്നു അത്. അന്ന് എനിക്ക് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തണം എന്നറിയാതെ അച്ഛന്‍ വിഷമിക്കുമ്പോള്‍ എനിക്ക് എങ്ങനെ ബോസ്റ്റണില്‍ സമാധാനത്തോടെ ഇരിക്കാനാകും?
അത്രയും മോശമായിരുന്നു കാര്യങ്ങള്‍. അച്ഛന്‍ അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. തന്റെ സ്റ്റാഫിന്റെ കൈയില്‍ നിന്ന് വരെ പണം കടം വാങ്ങിയത് അന്ന് ഭക്ഷണത്തിനുള്ള വക അച്ഛന്‍ കണ്ടെത്തിയിരുന്നത്. ആ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടാകേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി.
ഞാന്‍ അച്ഛനെ വിളിച്ച് ഞാന്‍ പഠനം നിര്‍ത്തി അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു. അച്ഛനെ പറ്റാവുന്നതുപോലെ സഹായിക്കാമെന്നും കുറഞ്ഞത് നിങ്ങളുടെ മകനെങ്കിലും അരികിലുണ്ടല്ലോ എന്ന് ആശ്വസിക്കാലോ എന്നും പറഞ്ഞു എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിഷേക് പറയുന്നത്.
അതേസമയം, അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അമിതാഭ് ബച്ചനും നേരത്തെ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അതെന്നും കടം തന്നവര്‍ വീട്ടില്‍ വന്ന് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും ആയിരുന്നു ബച്ചന്‍ പറഞ്ഞത്.