ഐശ്വര്യ റായ്യുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആരംഭിച്ചിട്ട് നാളുകള്‍ ആയെങ്കിലും, ഇരുവരും ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല. അഭിഷേക് നടി നിമ്രത് കൗറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഈ അഭ്യൂഹങ്ങളോട് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍.
വേര്‍പിരിയലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഒറ്റ വാക്കിലാണ് ബച്ചന്‍ പ്രതികരിച്ചിരിക്കുന്നത്. ‘ചുപ്’ (മിണ്ടാതിരിക്കൂ) എന്നാണ് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒപ്പം ഒരു ആംഗ്രി ഇമോജിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നേരത്തെയും അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്.
ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല. ചോദ്യചിഹ്നമിട്ടു കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.
അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ബച്ചന്‍ പറയുന്നത്. അതേസമയം, ഐശ്വര്യയും അഭിഷേകും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അംബാനി കല്യാണത്തില്‍ ഇരുവരും വെവ്വേറെയാണ് എത്തിയത്. ഇതിന് പിന്നാലെ അഭിഷേകും നടി നിമ്രത് കൗറും പ്രണയത്തിലാണെന്ന വാര്‍ത്തകളും എത്തി.
ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ അഭിഷേകോ അമിതാഭോ പതിവ് പോലെ ആശംസ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോട് അനുബന്ധിച്ച് ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിലും അഭിഷേകോ കുടുംബമോ ഉണ്ടായിരുന്നില്ല.