നിര്‍മ്മാതാക്കള്‍ തമ്മിലടി, വിവാദം ഒഴിയാതെ 'അനിമല്‍'; ഒ.ടി.ടി റിലീസ് വൈകും

രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമല്‍’ ഒ.ടി.ടിയില്‍ എത്താന്‍ വൈകും. നെറ്റ്ഫ്‌ളിക്‌സില്‍ ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കാനിരുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കിടയില്‍ നില്‍ക്കുന്ന നിയമപരമായ തര്‍ക്കമാണ് സ്ട്രീമിംഗ് വൈകാന്‍ കാരണം.

സിനിമയുടെ ബൗദ്ധിക സ്വത്തവകാശത്തില്‍ ടി സീരീസ് വിഹിതം നല്‍കിയില്ലെന്ന് ആരോപിച്ച് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ടി സീരീസുമായി ഒപ്പുവെച്ച 2019ലെ കരാറില്‍ വിവിധ വ്യവസ്ഥകളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണ് സിനി 1 പറയുന്നത്.

സിനിമയുടെ നിര്‍മ്മാണത്തിനും ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്നതിനും റിലീസ് ചെയ്യുന്നതിനുമുള്ള ചിലവുകള്‍ ടി സീരീസ് നടത്തിയെന്നും അതിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്താതെ ബോക്സ് ഓഫീസ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച ലാഭം പങ്കിടല്‍ കരാര്‍ ഉണ്ടായിട്ടും അവര്‍ക്ക് പണം നല്‍കിയില്ലെന്നുമാണ് സിനി 1 സ്റ്റുഡിയോയുടെ ആരോപണം.

അതേസമയം, ഏറെ വിവാദമായ ചിത്രമാണ് അനിമല്‍. സന്ദീപ് റെഡ്ഡി വംഗ ചിത്രത്തിലെ സ്ത്രീ വിരുദ്ധതയാണ് ചര്‍ച്ചയായത്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം 915.53 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തില്‍ നായികയായത്.