അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്റെ ആദ്യ ഭാര്യയും നടിയുമായ കല്‍ക്കി കൊച്ചലിന്‍. അനുരാഗിനെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പാണ് കല്‍ക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായാണ് അനുരാഗ് തന്റെ സിനിമകളിലൂടെ പോരാടിയത് എന്നാണ് കല്‍ക്കി പറയുന്നത്.
കല്‍ക്കി കൊച്ചലിന്റെ കുറിപ്പ്:
പ്രിയ അനുരാഗ്,
ഈ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളിലേക്ക് എത്താന്‍ അനുവദിക്കരുത്, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായാണ് നിങ്ങളുടെ തിരക്കഥകളിലൂടെ നിങ്ങള്‍ പോരാടിയത്. നിങ്ങളുടെ പ്രൊഫഷണല്‍ ഇടത്തിലും വ്യക്തിഗത ജീവിതത്തിലും അവരുടെ സമഗ്രതയെ നിങ്ങള്‍ സംരക്ഷിച്ചു. അതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്, വ്യക്തിപരവും തൊഴില്‍പരവുമായ ഇടങ്ങളില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും എന്നെ തുല്യയായി കണ്ടിട്ടുണ്ട്.
വിവാഹമോചനത്തിനു ശേഷവും നിങ്ങള്‍ എനിക്കായി നിലകൊണ്ടു, ജോലി സ്ഥലത്ത് സുരക്ഷിതയല്ല എന്ന് തോന്നിയപ്പോള്‍ വിവാഹത്തിന് മുമ്പും നിങ്ങള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. എല്ലാവരും പരസ്പരം ദുരുപയോഗം ചെയ്യുകയും യാതൊരു പ്രത്യാഘാതങ്ങളും കൂടാതെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഈ വിചിത്ര സമയം അപകടകരവും വെറുപ്പുളവാക്കുന്നതുമാണ്.
ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും രാജ്യത്തെയും നശിപ്പിക്കുകയാണ്. ഇതിനപ്പുറം നിങ്ങളെ ആവശ്യമുള്ള ഒരിടമുണ്ട്, ആരും ശ്രദ്ധിക്കാത്തപ്പോള്‍ പോലും ദയ കാണിക്കുന്നയിടം, അതിനെ കുറിച്ച് നിങ്ങള്‍ക്ക് നല്ല പരിചയമുണ്ടെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ തുടരുക, ശക്തമായി നിങ്ങള്‍ ചെയ്യുന്ന ജോലി തുടരുക.