മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ബയോപിക്കില്‍ അനുഷ്‌ക ശര്‍മ്മ നായികയാവുന്നതിന് എതിരെ വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഛക്ദ എക്‌സ്പ്രസ് പ്രഖ്യാപിച്ചത്.
മികച്ച പേസ് ബൗളറായിരുന്ന ജുലന്‍ ഗോസ്വാമിയുടെ ബയോപിക് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ ജുലന്‍ ഗോസ്വാമിയുടെ പ്രകടനത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ അനുഷ്‌കയ്ക്ക് സാധിക്കില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
ഇരുണ്ട നിറമുള്ള ജുലന്‍ ഗോസ്വാമിയെ അവതരിപ്പിക്കാന്‍ എന്തിനാണ് വെളുത്ത നിറമുള്ള അനുഷ്‌കയെ തിരഞ്ഞെടുത്തതെന്നും എന്തുകൊണ്ട് ഒരു ബംഗാളി നടിയെ തിരഞ്ഞെടുത്തില്ല എന്നുമുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിന്റെ ടീസറിലെ അനുഷ്കയുടെ ബംഗാളി ഉച്ചാരണത്തെ വിമർശിച്ചു കൊണ്ടാണ് കമന്റുകൾ.
അതേസമയം, ഛക്ദ എക്‌സപ്രസിലൂടെ ഒരിടവേളക്ക് ശേഷം അനുഷ്‌ക വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിഷേക് ബാനര്‍ജി ആണ് തിരക്കഥ ഒരുക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് റിലീസായിരിക്കും സിനിമ എന്നാണ് സൂചന.
2021ല്‍ മകള്‍ വാമിക പിറന്നതിനു ശേഷം അനുഷ്‌കയുടെ ആദ്യ ചിത്രമാണ് ചക്ദാ എക്‌സ്പ്രസ്. 2018ല്‍ പുറത്തിറങ്ങിയ സീറോ ആയിരുന്നു അനുഷ്‌കയുടെ അവസാന ചിത്രം. 2017ല്‍ ആണ് അനുഷ്‌ക ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വിവാഹം ചെയ്തത്.