ബോക്‌സോഫീസില്‍ ഹിറ്റ് അടിച്ച് 1000 കോടിയിലേക്ക് കുതിക്കുകയാണ് ഷാരൂഖ് ഖാന്റെ ‘ജവാന്‍’. ചിത്രത്തിനെതിരെ ചില വിമര്‍ശനങ്ങള്‍ എത്തിയിരുന്നെങ്കിലും പ്രശംസകളാണ് സംവിധായകന്‍ അറ്റ്‌ലിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജവാന്‍ ഇറങ്ങിയതിന് പിന്നാലെ ഹോളിവുഡില്‍ നിന്നും വരെ അവസരങ്ങള്‍ വന്നിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അറ്റ്‌ലി.
എന്നാല്‍ സിനിമ ചെയ്യുന്നതുമായി ബദ്ധപ്പെട്ട് തനിക്ക് ചില ഫിലോസഫികള്‍ ഉള്ളതിനാല്‍ ഈ ഓഫറുകള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല എന്നാണ് അറ്റ്‌ലി ഫിലിം കംപാനിയനോട് പ്രതികരിച്ചിരിക്കുന്നത്. ജവാനില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരുണ്ട്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
അടുത്തിടെ സ്പിറോയും ഹോളിവുഡില്‍ നിന്നുള്ള ചില സംവിധായകനും സാങ്കേതിക വിദഗ്ധരും ജവാന്‍ കണ്ടു. ചിത്രത്തില്‍ ഷാരൂഖ് തീയുടെ ഇടയില്‍ വരുന്ന രംഗം ആരാണ് ചെയ്തതെന്ന് സ്പിറോയുടെ ഹോളിവുഡ് സുഹൃത്തുക്കള്‍ ചോദിച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇത് സംവിധായകന്റെ കാഴ്ചപ്പാടാണ്, ഞാന്‍ അത് നടപ്പിലാക്കിയെന്നാണ്.
അതുകേട്ട് അവര്‍ തന്നെ ബന്ധപ്പെട്ടു ഹോളിവുഡില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കൂ എന്ന് പറഞ്ഞു. ആ രംഗം ബേസിക്കായ സൂപ്പര്‍ ഹീറോയിസമാണ്. ശരിക്കും അത് ആഗോളതലത്തില്‍ പോലും സ്വീകരിക്കപ്പെടും എന്ന് കരുതിയില്ല എന്നാണ് അറ്റ്‌ലി പറയുന്നത്.
ആരെങ്കിലും എന്റെ അടുത്ത് വന്ന് സര്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, എനിക്ക് നിങ്ങളുടെ സിനിമ ഇഷ്ടമാണ്. എനിക്ക് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ അവരുമായി കൂടും. എന്റെ സിനിമകള്‍ ഉണ്ടാകുന്നതിന്റെ രഹസ്യം അതാണ്.
എന്നാല്‍ ഒരാള്‍ വന്ന് ഞാന്‍ ബ്ലാങ്ക് ചെക്ക് തരാം ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞവരോട് ഞാന്‍ അവരോട് നോ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് എന്നെ വിലയ്ക്ക് എടുക്കാന്‍ കഴിയില്ല, പക്ഷെ നിങ്ങള്‍ക്ക് എന്നെ സ്‌നേഹിക്കാനും എനിക്ക് നിങ്ങളെ തിരികെ സ്‌നേഹിക്കാനും കഴിയും. സ്‌നേഹമില്ലാതെ എനിക്ക് ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് പറയും എന്നും അറ്റ്‌ലി വ്യക്തമാക്കി.