അക്രമി ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെ; മന്നത്തില്‍ കടക്കാന്‍ ശ്രമിച്ചു, പാളിയത് ഇങ്ങനെ..

സെയ്ഫ് അലിഖാന്റെ വീട്ടില്‍ എത്തുന്നതിന് മുമ്പെ അക്രമി ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെ എന്ന് പൊലീസ്. ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ ഈ ശ്രമം പരാജയപ്പെട്ടുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സെയ്ഫ് അലിഖാനെ അക്രമിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് അക്രമി ഷാരൂഖിനെയും ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജൂലായ് 14ന് വീട്ടില്‍ കയറാനായിരുന്നു ശ്രമം. ഷാരൂഖിന്റെ വീടിന് സമീപം ഒരാള്‍ കൈയില്‍ 8 അടി നീളമുള്ള ഇരുമ്പ് ഏണിയുമായി ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്നാണ് വിവരം.

ഇയാളും സെയ്ഫ് അലിഖാനെ അക്രമിച്ച പ്രതിയും ഒരാളാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിലെ നടന്റെ വീട്ടിലാണ് അക്രമി കടന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍ നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞിരുന്നു. ഏലിയാമ്മ ഫിലിപ്പിനും മറ്റൊരു വീട്ടുജോലിക്കാരിക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സെയ്ഫിന്റെ മകന്‍ ജേഹിന്റെ റൂമില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ അക്രമി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സെയ്ഫ് അലിഖാന്‍ അപകടനില തരണം ചെയ്തതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. മുംബൈ ലീലാവതി ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയിട്ടുണ്ട്.