പ്രമോഷനെത്തി അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും, പരിപാടിക്കിടെ ചെരുപ്പേറും സംഘര്‍ഷവും; ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്

അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും പങ്കെടുത്ത പ്രമോഷന്‍ പരിപാടിക്കിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തിന്റെ പരിപാടിക്കിടെയാണ് സംഘര്‍ഷം നടന്നത്. നിയന്ത്രണം വിട്ട ജനക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

തിങ്കളാഴ്ച ലഖ്നൗവിലെ ചരിത്ര ഹുസൈനാബാദ് ക്ലോക്ക് ടവറിന് സമീപത്തായിരുന്നു പ്രമോഷന്‍ പരിപാടി. ആയിരത്തോളം ആരാധകര്‍ താരങ്ങളെ കാണാന്‍ എത്തിയിരുന്നു. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്.

ബാരിക്കേഡും തകര്‍ത്ത് വേദിയിലേക്ക് ആരാധകര്‍ ഓടിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ജനക്കൂട്ടത്തില്‍ നിന്നു ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ലാത്തിച്ചാര്‍ജ് നടന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാര്‍ജ് നടന്നിട്ടില്ല എന്ന് പൊലീസ് കമ്മിഷണര്‍ രാജ്കുമാര്‍ സിങ് പ്രതികരിച്ചു.