പ്രശസ്ത ബോളിവുഡ് താരം ദലീപ് താഹിലിന് രണ്ട് മാസത്തെ തടവ് ശിക്ഷ വിധിച്ച് മുംബൈ മജിസ്‌ട്രേറ്റ് കോടതി. 2018ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിലാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. ദലീപ് താഹില്‍ മദ്യ ലഹരിയില്‍ ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.
മുംബൈയിലെ ഖര്‍ പ്രദേശത്ത് നടന്ന അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിയായ ജെനീറ്റാ ഗാന്ധിയ്ക്ക് പരിക്കേറ്റിരുന്നു. ജെനീറ്റയ്ക്ക് അപകടത്തെ തുടര്‍ന്ന് ദേഹത്തും കഴുത്തിലും പരിക്കേറ്റിരുന്നു. താരത്തിനെതിരെ ആരോഗ്യ വിദഗ്ധര്‍ മൊഴി നല്‍കിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. അപകട സമയം ദലീപ് താഹില്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു.
അപകട ശേഷം ദലീപ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗതാഗത കുരുക്കില്‍പ്പെട്ട താരത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ദലീപ് വൈദ്യ പരിശോധനയ്ക്ക് തയ്യാറാകാതിരുന്നത് അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ മുംബൈ പൊലീസ് താരത്തെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ജാമ്യത്തില്‍ വിട്ടയച്ചത്.