ബോളിവുഡ് താരം രാധിക ആപ്‌തെയ്ക്ക് എതിരെ ബോയ്‌കോട്ട് ക്യാമ്പെയ്ന്‍. രാധികയുടെ ‘പാര്‍ച്ചഡ്’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ചിത്രം വൈറലായതിന് പിന്നാലെയാണ് ട്വിറ്ററില്‍ വിദ്വേഷ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ചിത്രത്തില്‍ അര്‍ദ്ധ നഗ്നയായാണ് രാധിക എത്തുന്നത്. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ രാധികയെ നിരോധിക്കണം എന്ന ട്വീറ്റുകളാണ് ട്രെന്‍ഡിംഗ് ആകുന്നത്.
ബോളിവുഡ് സിനിമകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ചിലരുടെ വാദം. രാധിക ആപ്‌തെയുടെ സിനിമകള്‍ വളരെ മോശമായതിനാല്‍ ഫോട്ടോയും വീഡിയോയും പോലും പങ്കുവയ്ക്കാന്‍ കഴിയില്ല. അശ്ലീലം പ്രചരിപ്പിക്കുന്നതിനാല്‍ രാജ്യം രാധികയെ ബഹിഷ്‌ക്കരിക്കണം എന്ന് ചിലര്‍ ട്വീറ്റ് ചെയ്യുന്നു.
2015ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് ലീന യാദവാണ് സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സാമൂഹിക പ്രശ്നങ്ങളായ ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.
തനിഷ്ട ചാറ്റര്‍ജി, സുര്‍വീന്‍ ചാവ്‌ല, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. അതേസമയം, വാസന്‍ ബാല സംവിധാനം ചെയ്യുന്ന മോണിക, ഓ മൈ ഡാര്‍ളിംഗ് എന്നീ ചിത്രങ്ങളിലാണ് രാധിക ആപ്‌തെ ഇപ്പോള്‍ അഭിനയിക്കുന്നത്.