ഷാരുഖ് ഖാനെയും മലര്‍ത്തിയടിച്ച് വിരാട് കോഹ്ലിയുടെ മുന്നേറ്റം

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സെലിബ്രിറ്റിയായി വിരാട് കോഹ്ലി. ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് എന്ന ഏജന്‍സി പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

“റൈസ് ഓഫ് മില്ലേനിയല്‍സ്” എന്നു പേരിട്ട റിപ്പോര്‍ട്ട് പ്രകാരം കോഹ്ലിയ്ക്ക് 144 ദശലക്ഷം ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണുള്ളത്. തൊട്ടുപുറകിലുള്ള ഷാരൂഖ് ഖാന്റെ മൂല്യം 106 ദശലക്ഷം യുഎസ് ഡോളറാണ്. ദീപിക പദുക്കോണ്‍ (93 ദശലക്ഷം), അക്ഷയ് കുമാര്‍ (47 ദശലക്ഷം), രണ്‍വീര്‍ സിങ് (42 ദശലക്ഷം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ മൂല്യം.

ഡഫ് അന്‍ഡ് ഫെല്‍പ്‌സ് ഇന്ത്യയിലെ മികച്ച ബ്രാന്‍ഡ് മൂല്യമുള്ള താരങ്ങളുടെ പട്ടിക ഇത് മൂന്നാം തവണയാണ് പുറത്തിറക്കുന്നത്. ഗ്രൗണ്ടിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കോഹ്ലിക്ക് സാധിക്കുന്നുവെന്ന് ഏജന്‍സി വിലയിരുത്തി. കോഹ്ലിക്കൊപ്പം ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരും പട്ടികയില്‍ നേട്ടമുണ്ടാക്കി.

ബ്രാന്‍ഡ് മൂല്യത്തിലെ ആദ്യ 15 പേരില്‍ ബോളിവുഡ് താരങ്ങള്‍ക്ക് ശക്തമായ ഭീഷണി ഉയര്‍ത്തി കൂടുതല്‍ കായിക താരങ്ങളും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. വിരാട് കോഹ്ലിക്ക് പുറമേ എം.എസ്. ധോണി, പി.വി. സിന്ധു എന്നിവരാണ് പട്ടികയിലുള്ള മറ്റ് കായിക താരങ്ങള്‍.