നടി വിദ്യാ ബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്ന് പരാതി. ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടാനാണ് ശ്രമിച്ചത്. ഫെബ്രുവരി 17, 19 തീയതികളില്‍ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം.
വിദ്യയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും വ്യാജ ഇമെയിലും ആരംഭിച്ചത് അജ്ഞാതന്‍ ബോളിവുഡിലെ പലരെയും ബന്ധപ്പെട്ടു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിദ്യാ ബാലന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
ഐടി നിയമത്തിലെ സെക്ഷന് 66(സി)പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിന് 9 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. തന്റെ ഓരോ ചെറിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വിദ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
അതേസമയം, 2003ല്‍ ആണ് ഭാലോ തെക്കോ എന്ന ബംഗാളി ചിത്രത്തിലൂടെ വിദ്യ സിനിമാ അരങ്ങേറ്റം നടത്തിയത്. 2005ല്‍ പുറത്തിറങ്ങിയ ‘പരിനീത’ ആണ് ആദ്യ ബോളിവുഡ് ചിത്രം. ഭൂല്‍ ഭുലയ്യ, ഡേര്‍ട്ടി പിക്ചര്‍ എന്നീ സിനിമകളാണ് നടിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.