ലൊക്കേഷനിൽ ടോയ്ലറ്റ് പോലും ഉണ്ടാകില്ല, ആ സമയത്ത് എനിക്കങ്ങനെ ചെയ്യേണ്ടി വന്നു : നടി ദിയ മിർസ

കരിയർ തുടങ്ങിയ കാലത്ത് നേരിടേണ്ടിവന്ന വേര്‍തിരിവുകളെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ദിയ മിർസ. സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അന്നത്തെ കാലത്ത് ലഭ്യമായിരുന്നില്ല എന്നാണ് താരം പറയുന്നത്. ബിബിസി ഹിന്ദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പ് താൻ സിനിമയിലെ തുടക്കകാരിയായിരുന്ന സമയത്ത് ഒരു സിനിമാ സെറ്റിൽ നേരിടേണ്ടി വന്ന വേർതിരിവിനെ കുറിച്ചാണ് നടി സംസാരിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അന്ന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിരുന്നില്ലെന്നും ചെറിയ അവസരങ്ങളിൽ പോലും സ്ത്രീകൾ പ്രൊഫഷണലല്ലെന്ന് മുദ്രകുത്തപ്പെടുത്തിയെന്നും അവർ പറഞ്ഞു.

“സിനിമ സെറ്റുകളിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ എല്ലാ തരത്തിലും എല്ലാ രീതിയിലും തടസ്സങ്ങൾ ഉണ്ടായിരുന്നു. നമ്മളോട് പെരുമാറുന്ന രീതിയിലും നമുക്ക് ലഭ്യമായ സൗകര്യങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും. ഞങ്ങളുടെ വാനിറ്റി വാനുകൾ വളരെ ചെറുതായിരുന്നു.

ഞങ്ങൾ പാട്ടുകൾ ചിത്രീകരിക്കാൻ ലൊക്കേഷനുകളിൽ പോകുമ്പോൾ ടോയ്‌ലറ്റ് പോലുള്ള ഒരു അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. അതിനായി മരങ്ങളുടെ പുറകിലോ പാറകളുടെ പുറകിലോ പോകേണ്ടിവരും. മൂന്ന് ആളുകൾ വലിയ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചു പിടിക്കും. ഞങ്ങൾക്ക് വസ്ത്രം മാറാൻ ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു’ എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

‘നടൻമാർ വൈകി വന്നാൽ ആരും അവരോട് ഒരു വാക്കുപോലും പറയില്ല. എന്നാൽ ഒരു സ്ത്രീ കാരണം ഏതെങ്കിലും തരത്തിൽ വൈകിയാൽ ഉടൻ തന്നെ ഞങ്ങളെ പ്രൊഫഷണലല്ലെന്ന് ലേബൽ ചെയ്യും. പല സ്ത്രീ അഭിനേതാക്കളും നടൻമാർ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചും സിനിമ സെറ്റിൽ പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നു.