ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും അയോദ്ധ്യ രാമക്ഷേത്ര സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഷാരൂഖും എത്തിയതായുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
കനത്ത സുരക്ഷയില്‍ ഷാരൂഖും സുഹാനയും മാനേജര്‍ പൂജ ദഡ്‌ലാനിക്കൊപ്പം ക്ഷേത്രപരിസരത്ത് നടക്കുന്ന വീഡിയോയാണ് ‘ജയ് ശ്രീറാം’, ‘ഷാരൂഖ് ഖാന്‍ അയോദ്ധ്യയില്‍ എത്തി’ എന്ന ക്യാപ്ഷനുകളോടെ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ ഷാരൂഖ് അയോദ്ധ്യയില്‍ എത്തിയപ്പോഴുള്ളതല്ല.
ഷാരൂഖും സുഹാനയും മുമ്പ് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങളാണ് അയോദ്ധ്യയിലേത് എന്ന പോലെ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ‘ജവാന്‍’ സിനിമയുടെ റിലീസിനോടന് അബന്ധിച്ചാണ് തിരുപ്പതി ക്ഷേത്രത്തില്‍ പൂജക്കായി താരം എത്തിയത്. അതേസമയം, ‘ഡങ്കി’ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
‘പഠാന്‍’, ‘ജവാന്‍’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ എത്തിയ ഡങ്കിക്ക് വിചാരിച്ചത്ര വലിയ കളക്ഷന്‍ തിയേറ്ററില്‍ നിന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 120 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 470 കോടിക്ക് മുകളില്‍ നേടി ഹിറ്റ് അടിച്ചിരുന്നു. 1000 കോടിക്ക് മുകളില്‍ ആയിരുന്നു പഠാനും ജവാനും.